വാരാണസിയില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയെന്ന ആരോപണം: അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെന്റ് ചെയ്തു
ലഖ്‌നോ: വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് വാരാണസിയില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ നടപടി. വാരാണസി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍ കെ സിങ്ങിനെ സസ്‌പെന്റ് ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. മൂന്ന് ട്രക്കിലായി കൊണ്ടുപോവുന്ന വോട്ടിങ് യന്ത്രങ്ങളാണ് പിടികൂടിയത്. ഒരു ട്രക്ക് പിടികൂടിയെങ്കിലും രണ്ടെണ്ണം ഓടിച്ചുപോയതായാണ് റിപോര്‍ട്ട്.
ഇവിഎമ്മുകള്‍ ട്രക്കില്‍ കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ വാര്‍ത്ത യുപിയിലെ എല്ലാ നിയമസഭകളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്നും സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാന്‍ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ഥികളും അനുഭാവികളും കാമറയുമായി സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
चोर चोरी से जाए, हेरा-फेरी से न जाए।
— Swami Prasad Maurya (@SwamiPMaurya) March 8, 2022
योगी सरकार अभी भी ई.वी.एम. मशीन की हेरा-फेरी कर जनादेश पर डकैती डालना चाहती है। अब समझ में आया कि सूपड़ा साफ होने के बाद भी भाजपा, सरकार बनाने का दम्भ क्यों भर रही है।
ईवीएम मशीन से भरी डीसीएम का वीडियो शिवपुर विधानसभा, वाराणसी।@ECISVEEP pic.twitter.com/FBWgaSysUy
എന്നാല്‍, തിരഞ്ഞെടുപ്പ് പരിശീലനത്തിന് ഉപയോഗിക്കുന്ന ഇവിഎമ്മുകളാണ് കൊണ്ടുപോയതെന്നാണ് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിന്റെ വാദം. പരിശീലനത്തിനുള്ള ഇവിഎമ്മുകള്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് കൊണ്ടുപോയതിന്റെ പേരിലാണ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുന്നത്. സിറ്റി പോലിസ് കമ്മീഷണറും ഇക്കാര്യത്തിലുള്ള വീഴ്ച സമ്മതിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇവിഎമ്മുകള്‍ മാറ്റേണ്ടിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥന്‍ തലേദിവസം രാത്രി തന്നെ ആരെയും അറിയിക്കാതെ അവ പുറത്തെടുക്കുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
സ്ഥാനാര്‍ഥികളെ അറിയിക്കാതെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നാണ് അഖിലേഷ് യാദവിന്റെ ആരോപണം. നടന്നിരിക്കുന്നത് മോഷണമാണ്. എക്‌സിറ്റ് പോളുകള്‍ ബിജെപി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കുകയാണ്. ജനാധിപത്യവും ഭാവിയും സംരക്ഷിക്കാന്‍ വോട്ടെണ്ണലില്‍ പങ്കെടുക്കാനും ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിനായുള്ള അവസാന പോരാട്ടമാണിത്. സുരക്ഷാ സേനയില്ലാതെയാണ് ഇവിഎം മെഷീനുകള്‍ കൊണ്ടുപോയത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇവിഎം മാറ്റുന്നത് സ്ഥാനാര്‍ഥികളെ അറിയിച്ചിരുന്നില്ല.
കമ്മീഷനിലെ ഉദ്യോഗസ്ഥരില്‍ തനിക്ക് വിശ്വാസമില്ലെന്നും വോട്ടുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അഖിലേഷ് പറഞ്ഞു. വാരാണസിയില്‍ ഇവിഎം പിടികൂടിയ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ചോദ്യങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായത്. അതേസമയം, എല്ലാ വോട്ടിങ് യന്ത്രങ്ങളും പൂര്‍ണമായും സുരക്ഷിതമാണെന്നാണ് യുപി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ അവകാശവാദം.