ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യാചകനോടൊപ്പം ഒളിച്ചോടി 45കാരി

Update: 2025-01-07 07:02 GMT

ഹര്‍ദോയ് (ഉത്തര്‍പ്രദേശ്): ഭര്‍ത്താവിനെയും ആറുമക്കളെയും ഉപേക്ഷിച്ച് യാചകനോടൊപ്പം ഒളിച്ചോടി 45കാരി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ സ്വദേശിയായ രാജുവാണ് പരാതിക്കാരന്‍. തന്റെ ഭാര്യയെ യാചകന്‍ തട്ടിക്കൊണ്ടുപോയതായി ഹര്‍പാല്‍പൂര്‍ പോലിസില്‍ രാജു നല്‍കിയ പരാതി പറയുന്നു. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ 87ാം വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. സ്ത്രീകളെ വശീകരിച്ചു കൊണ്ടുപോയി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ പത്തുവര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നാണ് ഭാരതീയ ന്യായസംഹിതയിലെ 87ാം വകുപ്പ് പറയുന്നത്.

താനും ഭാര്യ രാജേശ്വരിയും ആറു മക്കളും ജീവിക്കുന്ന പ്രദേശത്തേക്ക് 45 കാരനായ നാനെ പണ്ഡിറ്റ് എന്ന യാചകന്‍ ഇടയ്ക്കിടെ വരുമായിരുന്നു എന്ന് രാജുവിന്റെ പരാതി പറയുന്നു. ഇരുവരും നേരിലും ഫോണിലും സംസാരിക്കുമായിരുന്നു. ജനുവരി മൂന്നിന് ഉച്ചയോടെ രാജേശ്വരി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. മാര്‍ക്കറ്റില്‍ പോയി വരാമെന്ന് മകളോട് പറഞ്ഞാണ് പോയത്. പക്ഷേ, രാജേശ്വരി തിരിച്ചുവന്നില്ല. വീട്ടിലെ എരുമയെ വിറ്റുകിട്ടിയ പണവും കാണാനില്ലെന്ന് രാജുവിന്റെ പരാതി പറയുന്നു. നാനെ പണ്ഡിറ്റുമായി രാജേശ്വരി പോവുന്നത് കണ്ടവരുണ്ട്. ഇയാളെ പിടിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

Similar News