ന്യൂഡല്‍ഹി: തനിക്കെതിരായ കീഴ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഉടന്‍ പരിഗണിക്കണമെന്ന ഹര്‍ദിക് പട്ടേലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണ് കോടതി നടപടി. ഹരജി പരിഗണിക്കുന്നതിന് എന്താണിത്ര ധൃതിയെന്ന് കോടതി ചോദിക്കുകയും ചെയ്തു.
വിസ്‌നഗറില്‍ 2015ല്‍ സംവരണ പ്രക്ഷോഭത്തിനിടെ എംഎല്‍എയുടെ ഓഫിസ് തകര്‍ത്ത കേസില്‍ കഴിഞ്ഞ ജൂലായിലാണ് ഹര്‍ദികിന് സെഷന്‍സ് കോടതി തടവ് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞെങ്കിലും വിധി സ്‌റ്റേ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് മഹാരാഷ്ട്ര, ഗുജറാത്ത് കോടതികളുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍, 17 എഫ്‌ഐആറുകള്‍ പ്രതിക്കെതിരേയുള്ളതിനാല്‍ കുറ്റകരമായ പശ്ചാത്തലമുണ്ടെന്നും നിരീക്ഷിച്ച കോടതി, അപൂര്‍വമായേ വിധി തടയാറുള്ളൂവെന്നും ഇവിടെ അതിനുള്ള സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വിധി ഏപ്രില്‍ നാലിന് മുമ്പായി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ ഹര്‍ദികിന് തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍നിന്ന് മല്‍സരിക്കാനാകില്ല. ഹാര്‍ദികിനെ ഗുജറാത്തിലെ ജാംനഗര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് നിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഏപ്രില്‍ നാലിന് പത്രികാ സമര്‍പ്പണം അവസാനിക്കുമെന്നതിനാല്‍ തുടര്‍ കോടതി നടപടികള്‍ക്ക് പരിമിതമായ സമയമേയുള്ളൂ. പട്ടേല്‍ സമുദായത്തിന് ഹാര്‍ദികിനോടുള്ള അടുപ്പം മുതലാക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍, കോടതിയില്‍ പരമാവധി തെളിവുകള്‍ സമര്‍പ്പിച്ചും സമയം നീട്ടിച്ചും സര്‍ക്കാര്‍ ഈ ആഗ്രഹം തല്ലിക്കെടുത്തുകയായിരുന്നു.