''ഫലസ്തീനെ വിമോചിപ്പിക്കുക.. ഹമാസും ഹിസ്ബുല്ലയും അന്‍സാര്‍ അല്ലായും വിജയിക്കട്ടെ'': സന്‍ആയിലെ ഫലസ്തീന്‍ കോണ്‍ഫറന്‍സില്‍ നെല്‍സന്‍ മണ്ടേലയുടെ ചെറുമകന്‍ (വീഡിയോ+ചിത്രങ്ങള്‍)

സന്‍ആ: ഫലസ്തീനെ വിമോചിപ്പിക്കണമെന്നും ഹമാസും ഹിസ്ബുല്ലയും അന്‍സാര്‍ അല്ലായും വിജയിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സന്‍ മണ്ടേലയുടെ ചെറുമകന്‍ സ്വെലിവെയ്‌ലെ മണ്ടേല. യെമനിലെ സന്‍ആയില്‍ നടന്ന അന്താരാഷ്ട്ര ഫലസ്തീന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദി മുതല്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാകണമെന്ന് അദ്ദേഹം പറഞ്ഞു.


മാര്‍ച്ച് 22 മുതല്‍ 25 വരെ നടന്ന കോണ്‍ഫറന്‍സില്‍ യുഎസ്, യുകെ, അയര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, മലേഷ്യ, ഈജിപ്ത്, ഫലസ്തീന്‍, ലബ്‌നാന്‍, ലിബിയ, ടുണീഷ്യ തുടങ്ങി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. മൊത്തം 87 പേപ്പറുകള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. '' ഫലസ്തീന്‍ മുസ്‌ലിം ഉമ്മത്തിന്റെ കേന്ദ്ര പ്രശ്‌നം'' എന്ന പേപ്പര്‍ ശ്രദ്ധ പിടിച്ചുപറ്റി. യുഎസ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥി പ്രക്ഷോഭം, യുഎസിലെ സയണിസ്റ്റ് സ്വാധീനം, ജൂത കുടിയേറ്റത്തിന്റെ തുടക്കം തുടങ്ങി നിരവധി വിഷയങ്ങള്‍ പരിപാടിക്ക് എത്തിയവര്‍ അവതരിപ്പിച്ചു.
റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഎസ് സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായ ജാക്ക്‌സണ്‍ ഹിങ്കിളും അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര സെക്രട്ടറി ക്രിസ്റ്റഫര്‍ ഹെലാലിയും കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അന്‍സാര്‍ അല്ലാഹ് നേതാവായ മുഹമ്മദ് അലി അല്‍ ഹൂത്തിയുമായും സൈനിക വക്താവ് യഹ്‌യാ സാരിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ജാക്ക്‌സണ്‍ ഹിങ്കിള്‍ പങ്കുവച്ചു. അയര്‍ലാന്‍ഡില്‍ നിന്നും ഇന്‍ഡിപെന്‍ഡന്റ്‌സ് ഫോര്‍ ചെയിഞ്ച് എന്ന സംഘടനയുടെ നേതാക്കളായ മിക്ക് വാലസും ക്ലെയര്‍ ഡാലിയും സന്‍ആയിലെത്തി. ബെയ്‌റൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ സ്റ്റീവ് സ്വീനിയും പരിപാടിയില്‍ സംസാരിച്ചു.
jackson hingle
ക്രിസ്റ്റഫര്‍ ഹെലാലി
ഗസയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ അല്ലാ പ്രസ്ഥാനത്തിന് സമാധാനത്തിനുള്ള നോബെല്‍ സമ്മാനം നല്‍കണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ചിലര്‍ ആവശ്യപ്പെട്ടു. പ്രത്യേക വേദിയില്‍ സജ്ജമാക്കിയ തൂഫാനുല്‍ അഖ്‌സ ആര്‍ട്ട് എക്‌സിബിഷനും ശ്രദ്ധേയമായി.