Big stories

പ്രവാസികളെ തിരിച്ചെത്തിക്കല്‍: രണ്ടാംഘട്ടം ശനിയാഴ്ച ആരംഭിക്കും; 31 രാജ്യങ്ങളില്‍ നിന്ന് 148 വിമാന സര്‍വ്വീസുകള്‍, കൂടുതലും കേരളത്തിലേക്ക്

കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നത്.

പ്രവാസികളെ തിരിച്ചെത്തിക്കല്‍: രണ്ടാംഘട്ടം ശനിയാഴ്ച ആരംഭിക്കും; 31 രാജ്യങ്ങളില്‍ നിന്ന് 148 വിമാന സര്‍വ്വീസുകള്‍, കൂടുതലും കേരളത്തിലേക്ക്
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി മൂലം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേമാതരം മിഷന്റെ രണ്ടാം ഘട്ടം ശനിയാഴ്ച്ച ആരംഭിക്കും.

31 രാജ്യങ്ങളില്‍ നിന്ന് 148 വിമാനങ്ങളാണ് രണ്ടാംഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. പ്രഥമ ഘട്ടത്തില്‍ അബുദബിയില്‍ നിന്നും കൊച്ചി നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനമായിരുന്നു ആദ്യം എത്തിയത്. എട്ട് വിമാനങ്ങളാണ് ആദ്യ ദിനം വിദേശത്ത് നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലെത്തിയത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ട് വരുന്നത്.

കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നത്. കേരളത്തിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. 31 സര്‍വ്വീസുകളാണ്. എന്നാല്‍ ഇത് 43 ആയി ഉയര്‍ത്തിയേക്കാമെന്നാണ് വ്യേമയാന മന്ത്രാലയം നല്‍കുന്ന സൂചന.

ആദ്യഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങള്‍ക്ക് പുറമേ 18 രാജ്യങ്ങളില്‍ നിന്നു കൂടി രണ്ടാം ഘട്ടത്തില്‍ പ്രവാസികളെ കൊണ്ട് വരും. ഈ മാസം 22 വരെയാണ് രണ്ടാം ഘട്ടം നിലനില്‍ക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്ത് നിന്നുമുള്ള ചെറു നഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡര്‍ വിമാനങ്ങളുണ്ടാക്കും. ചണ്ഡീഗഢിലേക്കും ജയ്പൂരിലേക്കും ഓരോ വിമാന സര്‍വ്വീസുകള്‍ നടത്താനും തീരുമാനമുണ്ട്.

രണ്ടാം ഘട്ടത്തില്‍ റഷ്യ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, നൈജീരിയ, കാനഡ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യു.കെ, കസാഖ്സ്താന്‍, കാര്‍ഗിസ്താന്‍, യുക്രൈന്‍, ജോര്‍ജിയ, താജികിസ്താന്‍, അര്‍മീനിയ, ബെലാറസ്, തായ്ലാന്‍ഡ്, അയര്‍ലാന്റ്, യുഎഇ, സൗദി അറേബ്യ, മലേഷ്യ, ഒമാന്‍, ഫിലിപ്പീന്‍സ്, സിംഗപൂര്‍, കുവൈത്ത്, ബഹ്റൈന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. മോസ്‌കോയില്‍ നിന്ന് കണ്ണൂരിലേക്കും ഉക്രൈനില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ ഉണ്ട്.

ഈ രാജ്യങ്ങളില്‍ നിന്നും കേരളം, ദില്ലി, കര്‍ണ്ണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധപ്രദേശ്, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജമ്മുകശ്മീര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കാണ് രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാവുക.

ഈ ഘട്ടത്തില്‍ യുഎയില്‍ നിന്നും ആറ് സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തില്‍ എത്തുക. ഇത് 11 ആയേക്കും. ഒമാനില്‍ നിന്നും നാല് സര്‍വ്വീസുകളും സൗദി അറേബ്യയില്‍ നിന്നും മൂന്ന്, ഖത്തറില്‍ നിന്നും രണ്ട്, കുവൈത്തില്‍ നിന്നും രണ്ട്, റഷ്യ, ബഹ്റൈന്‍, അയര്‍ലന്റ്, ഇറ്റലി, ഫ്രാന്‍സ്, താജികിസ്താന്‍, ഇന്‍ഡോനേഷ്യ, ഓസ്ട്രേലിയ, യുക്രൈന്‍, യുകെ, മലേഷ്യ, അമേരിക്ക, അര്‍മീനിയ, ഫിലിപ്പിന്‍സ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഓരോ സര്‍വ്വീസുകളുമാണ് രണ്ടാം ഘട്ടത്തില്‍ നടത്തുക.

64 വിമാന സര്‍വ്വീസുകളണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 42 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യയും 24 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസുമാണ് നടത്തുന്നത്. ചൊവ്വാഴ്ച്ച 13 വിമാന സര്‍വ്വീസുകളാണ് നടത്തിയത്. ന്യൂയോര്‍ക്ക്, സിംഗപൂര്‍, ധക്ക, ക്വലാലംപൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇതില്‍ ഉള്‍പ്പെടും. രക്ഷാ ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 6037 പ്രവാസി ഇന്ത്യക്കാരാണ് നാട്ടില്‍ തിരിച്ചെത്തിയത്.

Next Story

RELATED STORIES

Share it