Big stories

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡല്‍ഹി; ആദ്യ 100 ല്‍ ഇടം നേടി ഇന്ത്യയിലെ 63 നഗരങ്ങള്‍

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡല്‍ഹി; ആദ്യ 100 ല്‍ ഇടം നേടി ഇന്ത്യയിലെ 63 നഗരങ്ങള്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷം കഴിയുന്തോറും അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. സ്വിസ് സ്ഥാപനമായ ഐക്യു എയര്‍ പുറത്തിറക്കിയ ലോക വായു ഗുണനിലവാര റിപോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങളിലെ മലിനീകരണത്തോട് കഴിഞ്ഞ വര്‍ഷം കൂടുതല്‍ വഷളായതായി വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാര്‍ഗനിര്‍ദേശങ്ങളുടെ 10 മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ മലനീകരണം. ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി മാറിയിരിക്കുകയാണ്.


മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം മലിനീകരണം ഡല്‍ഹിയില്‍ വര്‍ധിച്ചു. ഇവിടെ വായുമലിനീകരണത്തിന്റെ തോത് ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാള്‍ ഏകദേശം 20 മടങ്ങ് കൂടുതലാണ്. ഉത്തരേന്ത്യയിലെ സ്ഥിതി വളരെ മോശമാണ്. ഡല്‍ഹിയിലെ വായു മലിനീകരണം ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലം രാജസ്ഥാനിലെ ഭിവാദിയാണ്. ഡല്‍ഹിയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് തൊട്ടുപിന്നാലെയുണ്ട്. ലോകത്തിലെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്, ഭൂരിഭാഗവും ദേശീയ തലസ്ഥാനത്തിന് ചുറ്റും.


ഇന്ത്യ കഴിഞ്ഞാല്‍ ചൈനയും പാകിസ്താനുമാണ് ഇടംപിടിച്ചിരിക്കുന്നത്. നാല് പാകിസ്താന്‍ നഗരങ്ങള്‍ ആദ്യ 15 ല്‍ ഇടംപിടിച്ചെങ്കില്‍ ചൈനയില്‍ ഒരു നഗരം മാത്രമാണ് ഈ ഗണത്തിലുള്ളത്. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാള്‍ 20 മടങ്ങ് കൂടുതലാണെന്ന് ഐക്യു എയര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടായിക്കൊണ്ടിരിക്കുന്ന 100 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ 63 നഗരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. രാജ്യത്തെ മലിനീകരണം എത്രമാറ്റം ഗുരുതരാവസ്ഥയിലാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഈ നഗരങ്ങളില്‍ പകുതിയിലേറെയും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമാണ്.

ഷിക്കാഗോ സര്‍വകലാശാല വികസിപ്പിച്ച വായു ഗുണനിലവാര സൂചിക കാണിക്കുന്നത്, ഡല്‍ഹിയിലെയും ലഖ്‌നോവിലെയും നിവാസികള്‍ക്ക്, വായുവിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍, അവരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒരു ദശാബ്ദം കൂട്ടാന്‍ കഴിയുമെന്നാണ്. വാഹനങ്ങളില്‍നിന്ന് പുറത്തേക്ക് വിടുന്ന പുക, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍, പാചകത്തിനും നിര്‍മാണ മേഖലയിലും ബയോമാസ് കത്തിക്കല്‍ എന്നിവയാണ് വായു മലിനീകരണത്തിന്റെ പ്രധാന വെല്ലുവിളികള്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വായു മലിനീകരണം രൂക്ഷമായതിനാല്‍ ഡല്‍ഹിക്ക് ചുറ്റുമുള്ള നിരവധി വലിയ വൈദ്യുത നിലയങ്ങളും നിരവധി വ്യവസായങ്ങളും ആദ്യമായി അടച്ചുപൂട്ടി. വായു മലിനീകരണമുണ്ടാക്കുന്ന പ്രതിസന്ധി മൂലമുള്ള സാമ്പത്തിക ചെലവ് ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 150 ബില്യന്‍ ഡോളറിലധികം വരും. ഹൃദയ, ശ്വാസകോശ രോഗങ്ങള്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ മിനിറ്റിലും മൂന്ന് മരണങ്ങള്‍ എന്നാണ് കണക്ക്.

ചെന്നൈ ഒഴികെയുള്ള ആറ് മെട്രോ നഗരങ്ങളിലും കഴിഞ്ഞ വര്‍ഷം അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ വായുവിന്റെ ഗുണനിലവാരം മോശമായതായി 2021ലെ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. പാര്‍ലമെന്റില്‍ അടുത്തിടെ സമര്‍പ്പിച്ച രേഖ പ്രകാരം വായു ഗുണനിലവാരത്തില്‍ൃ 'മോശം', 'ഗുരുതരം' എന്നീ കാറ്റഗറിയില്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ 168 ദിവസങ്ങളാണുണ്ടായിരുന്നത്. തൊട്ട് മുമ്പത്തെ വര്‍ഷമാവട്ടെ ഇത് 139 ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 21 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായി. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ 83 ഉം (മുന്‍വര്‍ഷം 74) മുംബൈയില്‍ 39 (മുന്‍വര്‍ഷം 20) എന്നിങ്ങനെയായിരുന്നു മോശമായ വായു ഗുണനിലവാരമുള്ള ദിവസങ്ങള്‍. അതേസമയം,

2020 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപോര്‍ട്ടിലെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള റാങ്കിങ് കേന്ദ്രം തള്ളിക്കളയുകയാണുണ്ടായത്. റാങ്കിങ് നടത്തിയത് പ്രധാനമായും ഉപഗ്രഹത്തെയും മറ്റ് ദ്വിതീയ ഡാറ്റയെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അതുകൊണ്ട് ഉപരിതലത്തില്‍നിന്നുള്ള ശരിയായ രീതിയിലുള്ള റാങ്കിങ് അല്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു. 2021ല്‍ ചൈനയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടതായി റിപോര്‍ട്ട് സൂചിപ്പിക്കുന്നു. തലസ്ഥാനമായ ബെയ്ജിങ് അഞ്ച് വര്‍ഷമായി മെച്ചപ്പെട്ട വായു ഗുണനിലവാര സൂചികയിലാണ്.

Next Story

RELATED STORIES

Share it