Big stories

അഗ്നിപഥ്:സമവായത്തിനൊരുങ്ങി കേന്ദ്രം;അഗ്നിവീര്‍ അംഗങ്ങള്‍ക്ക് 10 ശതമാനം സംവരണം

അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം പ്രായപരിധിയില്‍ അഞ്ചുവര്‍ഷവും,അടുത്ത വര്‍ഷം മുതല്‍ മൂന്ന് വര്‍ഷവും ഇളവ് നല്‍കും

അഗ്നിപഥ്:സമവായത്തിനൊരുങ്ങി കേന്ദ്രം;അഗ്നിവീര്‍ അംഗങ്ങള്‍ക്ക് 10 ശതമാനം സംവരണം
X

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍.പദ്ധതിയില്‍ സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളിലേക്കും,അസം റൈഫിള്‍സിലേക്കും 10 ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തിന്റെ ഇളവാണ് നല്‍കുക. അടുത്ത വര്‍ഷം മുതല്‍ പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിവിധ കാംപസുകളില്‍ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെയാകും എന്റോള്‍മെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍പോലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളില്‍ പ്രത്യേക റാലികളും കാംപസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൈനിക സേവനത്തിനായി തിരഞ്ഞെടുക്കുന്ന ഇവരെ 48 മാസങ്ങള്‍ക്ക് ശേഷം പിരിച്ച് വിടും. ഏതാനും മാസത്തെ ഇടവേളക്ക് ശേഷം ഇവരില്‍ നാലിലൊന്നു പേരെ പെന്‍ഷന്‍,ആരോഗ്യ പരിരക്ഷ,സബ്‌സിഡി,റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഇവയെല്ലാം സഹിതം സ്ഥിരം സര്‍വീസിലേക്ക് എടുക്കും. ബാക്കി വരുന്ന പിരിച്ചുവിടപ്പെട്ട 75 ശതമാനം പേര്‍ക്ക് മറ്റു ജോലികള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ക്ക് പുറമേ പത്തു ലക്ഷത്തോളം രൂപയുടെ ഗ്രറ്റുവിറ്റി ആനുകൂല്യവും നല്‍കും.അര്‍ധസൈനിക വിഭാഗങ്ങളിലും സംസ്ഥാന പോലിസ് സേനയിലുമുള്‍പ്പെടേ മറ്റ് സര്‍ക്കാര്‍ ജോലികളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധത്തിനിടെ ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്.നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദില്‍ ട്രെയിന്‍ കത്തിച്ചു പ്രതിഷേധിച്ചവരില്‍ ഒരാളും മരിച്ചിരുന്നു.ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി.

ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റിനുള്ള വിലക്ക് തുടരുകയാണ്.ബീഹാറില്‍ ഇതുവരെ 507 പേര്‍ അറസ്റ്റിലായെന്ന് പോലിസ് പറഞ്ഞു. ഏഴുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാറ്റ്‌ന ഉള്‍പ്പെടെ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാര്‍ ബന്ദ് ആചരിക്കുകയാണ്.

തെലങ്കാനയില്‍ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പോലിസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രെയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഹരിയാനയിലെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. പല്‍വാളിലും,ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.

അതേസമയം അഗ്നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ തങ്ങള്‍ ഭീകരവാദികളാവുമെന്ന പരസ്യ ഭീഷണിയുമായി പ്രക്ഷോഭകര്‍ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it