Big stories

രാജ്യത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം മാത്രം 1.64 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 42,004 പേരും ദിവസവേതനക്കാര്‍

രാജ്യത്തെ 2021ലെ ആകെയുള്ള ആത്മഹത്യകളില്‍ ഭൂരിഭാഗവും കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 13.5% ആത്മഹത്യകളും തമിഴ്‌നാട് (11.5%), മധ്യപ്രദേശ് (9.1%), പശ്ചിമ ബംഗാള്‍ (8.2%), കര്‍ണാടക (8%) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആത്മഹത്യകളുടെ നിരക്ക്.

രാജ്യത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം മാത്രം 1.64 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 42,004 പേരും ദിവസവേതനക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. അടുത്ത 25 വര്‍ഷം 'അമൃത് കാലം' (ശുഭ സമയം) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയ ഇന്ത്യയിലാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി വ്യക്തമാവുന്നത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം മാത്രം രാജ്യത്ത് ആത്മഹത്യ ചെയ്തത് 1,64,033 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ദിവസ വേതന തൊഴിലാളികളാണ്. 42,004 പേരാണ് ഈ വിഭാഗത്തില്‍ നിന്ന് ജീവിതം അവസാനിപ്പിച്ചത്. അതായത് ആകെയുള്ള ആത്മഹത്യകളില്‍ 25.6 ശതമാനം വരുമിത്.

മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ സ്വാതന്ത്ര്യദിനാഘോഷത്തിനോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി നടത്തിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് ഇന്ത്യയിലെ സ്ഥിതിഗതികള്‍.

പൗരന്‍മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. അടുത്ത 25 വര്‍ഷം ഇന്ത്യയുടെ 'അമൃത് കാല്‍' (ശുഭ സമയം) ആണ്. 'അമൃത് കാലത്തിന്റെ ഉദ്ദേശ്യം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാവാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക' എന്നതാണെന്നും മോദി രാജ്യത്തെ ജനങ്ങളോട് പറഞ്ഞു. എന്നാല്‍, 2021ല്‍ മാത്രം 42,004 ദിവസ കൂലിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥയിലേക്ക് ഇന്ത്യ ചെന്നെത്തുകയാണുണ്ടായത്.

2020ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 1,53,052 ആത്മഹത്യകളില്‍ 37,666 പേര്‍ അല്ലെങ്കില്‍ 24.6% പേരും ദിവസ ജോലിക്കാരായിരുന്നു. 2019ലെ റിപോര്‍ട്ട് പ്രകാരം 1,39,123 ആത്മഹത്യകളില്‍ മൊത്തം 23.4% പേരാണ് ദിവസ വേതന തൊഴിലാളികള്‍. 2020നെ അപേക്ഷിച്ച് 2021ല്‍ രാജ്യത്തെ പ്രതിദിന വേതനക്കാരുടെ വിഭാഗത്തിലെ ആത്മഹത്യകളുടെ എണ്ണം 11.52 ശതമാനം വര്‍ധിച്ചു. അതേസമയം തന്നെ രാജ്യവ്യാപകമായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അതേ വര്‍ഷം 7.17 ശതമാനം കൂടിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ സംസ്ഥാനത്തും റിപോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യാ കേസുകളുടെ എണ്ണവും ഏറ്റവും പുതിയ എന്‍സിആര്‍ബി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 2021ലെ ആകെയുള്ള ആത്മഹത്യകളില്‍ ഭൂരിഭാഗവും കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 13.5% ആത്മഹത്യകളും തമിഴ്‌നാട് (11.5%), മധ്യപ്രദേശ് (9.1%), പശ്ചിമ ബംഗാള്‍ (8.2%), കര്‍ണാടക (8%) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആത്മഹത്യകളുടെ നിരക്ക്. 2021ലെ ആത്മഹത്യകളുടെ ശതമാനത്തില്‍ രാജ്യത്തെ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കര്‍ണാടകയിലാണ്.

ഇന്ത്യയിലെ ആത്മഹത്യകളില്‍ 50 ശതമാനത്തിലധികം കര്‍ണാടക ഉള്‍പ്പെടുന്ന ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള ആത്മഹത്യകള്‍ എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും മറ്റ് 23 സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് (2,840). രണ്ടാമത് പുതുച്ചേരിയിലാണ് (504). 2021ല്‍ രാജ്യത്തുടനീളമുള്ള 53 മെഗാസിറ്റികളിലായി 25,891 ആത്മഹത്യകളാണ് രേഖപ്പെടുത്തിയതെന്ന് എന്‍സിആര്‍ബി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it