Big stories

പാന്‍മസാല കടത്ത് പ്രതിയുമായി ബന്ധമില്ലെന്ന സിപിഎം കൗണ്‍സിലറുടെ വാദം പൊളിയുന്നു; തെളിവായി പിറന്നാളാഘോഷ ചിത്രങ്ങള്‍

പാന്‍മസാല കടത്ത് പ്രതിയുമായി ബന്ധമില്ലെന്ന സിപിഎം കൗണ്‍സിലറുടെ വാദം പൊളിയുന്നു; തെളിവായി പിറന്നാളാഘോഷ ചിത്രങ്ങള്‍
X

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒരുകോടിയോളം രൂപയുടെ പാന്‍മസാല പിടിച്ച സംഭവത്തില്‍ സിപിഎം നേതാവ് ഷാനവാസും കടത്തുസംഘവുമായുള്ള ബന്ധം പുറത്ത്. ഇതോടെ പാന്‍മസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗണ്‍സിലറുടെ വാദം പൊളിയുകയാണ്. ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലിസ് ഷാനവാസിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.

പാന്‍മസാലയുടെ വന്‍ ശേഖരം പോലിസ് പിടികൂടുന്നതിനും വെറും നാല് ദിവസം മുമ്പെടുത്ത ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു. നേരത്തെയും ഇജാസിനെ പാന്‍മസാല കടത്തിന് പോലിസ് പിടികൂടിയിട്ടുണ്ട്.

ഇജാസ് പിടിയിലായെന്ന് മനസ്സിലാക്കിയ നേതാക്കളെല്ലാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തു. അതേസമയം, കട്ടപ്പന സ്വദേശിയായ ജയന് വാഹനം വാടകയ്ക്ക് നല്‍കിയെന്നു ആവര്‍ത്തിക്കുകയാണ് ഷാനവാസ്. ഇക്കാര്യം ജയന്‍ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസാണെന്നാണ് നല്‍കുന്ന വിശദീകരണം. കേസില്‍ ഷാനവാസിന് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലിസ് അറിയിച്ചു.

വാഹനത്തിന്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരേ സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രചാരണ പരിപാടികള്‍ നടത്തുന്നതിനിടെയാണ് നാണക്കേടായി നേതാക്കളുടെ ലഹരി ഇടപാടുകള്‍ പുറത്തുവരുന്നത്. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്കുശേഷം തിരുവനന്തപുരത്ത് എസ്എഫ്‌ഐ നേതാവ് ബാറില്‍ മദ്യപിച്ച് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് കുരനാഗപ്പള്ളിയിലെ പാന്‍മസാല കടത്ത് ചര്‍ച്ചയായിരിക്കുന്നത്.

Next Story

RELATED STORIES

Share it