Big stories

കോട്ടയം നസീറിന്റെ 'കുട്ടിച്ചനെതിരേ' കോപ്പിയടി ആരോപണം

സുദേവന്‍ പെരിങ്ങോടിന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ 'വൃദ്ധനെ'ന്ന ഭാഗത്തിന്റെ ആശയവും ക്യാമറ ആംഗിളുമുള്‍പ്പെടെ പകര്‍ത്തി വച്ചെന്നാണ് ആരോപണം.

കോട്ടയം നസീറിന്റെ കുട്ടിച്ചനെതിരേ  കോപ്പിയടി ആരോപണം
X

കോഴിക്കോട്: കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഷോര്‍ട്ട് ഫിലിമിനെതിരേ കോപ്പിയടി ആരോപണം. സുദേവന്‍ പെരിങ്ങോടിന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ 'വൃദ്ധനെ'ന്ന ഭാഗത്തിന്റെ ആശയവും ക്യാമറ ആംഗിളുമുള്‍പ്പെടെ പകര്‍ത്തി വച്ചെന്നാണ് ആരോപണം. നസീറിന്റെ ചിത്രത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാലും മഞ്ജുവാര്യരുമാണ്. ചിത്രം പുറത്തിറക്കിയതാവട്ടെ ടോവീനോ തോമസുമാണ്.

വാസുദേവന്റെ 'അകത്തോ പുറത്തോ'എന്നത് നാല് ഖണ്ഡങ്ങളുള്‍പ്പെട്ട ഒറ്റ സിനിമയാണ്. അതിലെ സംവിധായകന്റെ കയ്യടക്കം ഒളിപ്പിച്ചുവെച്ച ഗംഭീര രംഗമാണ് വൃദ്ധന്‍. മരണശയ്യയിലുള്ള ഒരു വൃദ്ധന്‍ ചുറ്റുപാടുമുള്ള കാഴ്ചകളെ കാണുന്നതും ശബ്ദങ്ങളെ കേള്‍ക്കുന്നതും അയാള്‍ക്കു ചുറ്റും ചുറ്റിത്തിരിയുന്ന മറ്റുള്ളവരുടെ ജീവിതങ്ങളും ഒക്കെയായിരുന്നു ആ സിനിമയുടെ ഇതിവൃത്തം.

മരണശയ്യയില്‍ കിടക്കുന്ന ആളെ കാണിക്കാതെ, അയാളുടെ കാഴ്ചയുടെ നേരെ ക്യാമറ വെച്ച്് ഒറ്റമുറിയില്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമാണ് വൃദ്ധന്‍ എന്ന സിനിമ.ഈ സിനിമക്യാമറ ആംഗിളുള്‍പ്പെടെ അടിച്ചു മാറ്റി കോട്ടയം നസീര്‍ 'കുട്ടിച്ഛന്‍' എന്ന പേരില്‍ സിനിമയാക്കിയെന്നാണ് ആരോപണം.

സുദേവന്റെ സിനിമയിലെ വൃദ്ധന്‍ സാമ്പത്തിക പരാധീനതകളുള്ള ഒരു വീട്ടിലെ സാധാരണ മനുഷ്യനായിരുന്നെങ്കില്‍ കോട്ടയം നസീറിന്റെ 'കുട്ട്യച്ഛന്‍' രണ്ടു മൂന്നു തലമുറക്ക് കഴിയാനുള്ള സ്വത്തൊക്കെ സമ്പാദിച്ചു വെച്ച ആളായിട്ടാണ് ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്.

നസീറിന്റെ കുട്ടിച്ചനെതിരേ സുദേവന്‍ പെരിങ്ങോട് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മുന്നോട്ട് വന്നിട്ടിട്ടുണ്ട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുദേവന്‍ കോട്ടയം നസീറിനെതിരേ ആരോപണം ഉന്നയിച്ചത്.

സുദേവന്‍ പെരിങ്ങോടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശ്രീ:കോട്ടയം നസീര്‍ അറിയുവാന്‍ .

അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .

താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചന്‍ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്‌ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല ...എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു

സുദേവന്‍



Next Story

RELATED STORIES

Share it