Big stories

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം: പാലാ ബിഷപ്പിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവന പിന്‍വലിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയ്യറാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍,വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് എന്നിവര്‍ വ്യക്തമാക്കി

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം: പാലാ ബിഷപ്പിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി
X

കൊച്ചി: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി.പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവന പിന്‍വലിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയ്യറാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതികണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍,വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് എന്നിവര്‍ വ്യക്തമാക്കി.

പാലായിലെ കുറവിലങ്ങാട് പള്ളിയില്‍ സെപ്തംബര്‍ എട്ടിന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ചെയ്ത പ്രസംഗം വിവാദമാകുകയും അതിനെതിരെ മുസ് ലിം സംഘടനകള്‍ പ്രതികരിക്കുകയും ചെയ്തു. കേരളത്തിലെ ഒന്നൊഴികെ മറ്റെല്ലാ പാര്‍ട്ടികളും ബിഷപ്പിന്റെ പ്രസ്താവന അനുചിതമായിപ്പോയി എന്നു വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഈ പ്രസ്താവന തള്ളുകയും മയക്കുമരുന്നു വ്യാപരത്തിന് ജാതിയും മതവുമില്ലെന്നും അനാവശ്യമായ പരാമര്‍ശം നടത്തിയവര്‍ തന്നെ തെറ്റുമനസ്സിലാക്കി തിരുത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു.ഈ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും അതിരൂപത സംരക്ഷണ സമിതി നേതൃത്വം വ്യക്തമാക്കി.

കലുഷിതമായ അന്തരീക്ഷത്തില്‍ കാര്‍ഡിനല്‍ ക്ലീമിസ് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ പങ്കെടുക്കാതെയാണ് ഈ പ്രസ്താവന പുറപ്പെടുവിക്കുന്നത്. ആരോടാണ് ഈ പ്രസ്താവന നടത്തുന്നത്? പൊതുജനങ്ങളോടോ? ഇതില്‍ വ്രണിതരായി എന്ന് അറിയുന്നതു മുസ് ലിംകളാണ്. ഇതു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കേണ്ടത് അവരോടാണ്. സഭയുടെ കേന്ദ്രത്തില്‍ നിന്നു ഈ പ്രസ്താവന പുറപ്പെടുവിച്ചത് അവരുമായി ഒരു വാക് പോരിനാണോ? ഈ കമ്മീഷന്‍ മാത്രമല്ല ഈ പ്രസ്താവനയുണ്ടാക്കാന്‍ സമ്മേളിച്ചത്. ഒരേ തൂവല്‍പക്ഷികളെ ഒരു യുദ്ധത്തിന് ഒരുക്കുകയാണോയെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.പാലാ ബിഷപ്പ് നടത്തിയത് സ്വകാര്യ സംസാരമായിരുന്നെങ്കില്‍ താമരേേശ്ശരി രൂപതയിറക്കിയ വേദപാഠത്തിന്റെ ഉപപാഠവും കണ്ണന്‍ചിറ അച്ചന്റെ വേദപാഠാധ്യാപകരോടുള്ള ക്ലാസ്സും സ്വകാര്യമായിരുന്നു. ഈ സമിതി അവരുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇടപെട്ടില്ല? അവര്‍ ക്ഷമാപണം നടത്തി പ്രശ്‌നം അവസാനിപ്പിച്ചല്ലോയെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.

പാലാ ബിഷപ്പ് വെറുതെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പദം ഉപയോഗിച്ചു എന്നതല്ല പ്രശ്‌നം. അദ്ദേഹം പറയുന്നതു മുസ് ലിം തീവ്രവാദ സംഘടനകള്‍ ആയുധ മാര്‍ഗ്ഗത്തിനു പകരം ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും മാര്‍ഗ്ഗങ്ങളാക്കി പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നു എന്നാണ്. ഈ പ്രശ്‌നം അദ്ദേഹവും മുസ് ലിം സമുഹവുമായി പറഞ്ഞു തീര്‍ക്കണമെന്നാണ് പൊതുസമൂഹത്തിനുവേണ്ടി സംസാരിച്ച രാഷ്ട്രീയ നേതാക്കളും മതനേതാക്കളും പറഞ്ഞത്. അതാണ് തങ്ങള്‍ക്കും പറയാനുള്ളതെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ഈ പ്രശ്‌നം കൊണ്ട് രാഷ്ട്രീയം കളിച്ചു സഭയെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആരും ശ്രമിക്കരുത് എന്നു വ്യക്തമാക്കുന്നു.

കത്തോലിക്കാ സഭയ്ക്കു രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഫ്രാന്‍സിസ് മാര്‍പാപ്പയും നല്കിയിട്ടുള്ള പ്രബോധനങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ കത്തോലിക്കരാകില്ല. അതുകൊണ്ട് ഈ പ്രബോധനങ്ങള്‍ അനുസരിക്കുന്ന ആഗോള സഭയുടെ നിലപാടുകളില്‍ ഈ പ്രശ്‌നം സൗമ്യമായി പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കാതെ ഇവിടത്തെ കത്തോലിക്കാ സഭയുടെ മറ്റു രണ്ടു റീത്തുകളിലെ ബിഷപ്പുമാര്‍ വിളിച്ചുകൂട്ടിയ സമ്മേളനം ബഹിഷ്‌കരിച്ചുള്ള പാത കത്തോലിക്കാ സഭയുടേതല്ലെന്നും അതിരൂപത സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളുടെ പ്രഭവകേന്ദ്രം പാലാ ബിഷപ്പിന്റെ വസ്തുതാ വിരുദ്ധ പ്രസ്താവന ആയതിനാല്‍ പ്രസ്താവന പൊതുജനസമക്ഷം പിന്‍വലിച്ചു കലഹം അവസാനിപ്പിക്കുകയാണ് ഏക പ്രതിവിധി. തെറ്റ് മാനുഷികമാണെന്നും തിരുത്തല്‍ ദൈവികമാണെന്നുമാണ് സഭ പഠിപ്പിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് കേരളത്തില്‍ നിലനില്‍ക്കുന്ന സമുദായ മൈത്രി പുനഃസ്ഥാപിക്കണമെന്നാണ് അതിരൂപതാ സംരക്ഷണസമിതിയുടെ ആവശ്യമെന്നും ഇരുവരും വ്യക്തമാക്കി.

Next Story

RELATED STORIES

Share it