Big stories

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, ഇല്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യുപി സര്‍ക്കാരിനോട് സുപ്രിം കോടതി

സുപ്രിം കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാത്ത അലഹബാദ് ഹൈക്കോടതിയെയും സുപ്രിം കോടതി വിമര്‍ശിച്ചു.

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, ഇല്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യുപി സര്‍ക്കാരിനോട് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: പത്തു വര്‍ഷമായിട്ടും ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കാത്ത യുപി സര്‍ക്കാരിനെ കടന്നാക്രമിച്ച് സുപ്രിംകോടതി. സുപ്രിം കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാത്ത അലഹബാദ് ഹൈക്കോടതിയെയും സുപ്രിം കോടതി വിമര്‍ശിച്ചു.

'വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക. നിങ്ങളെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞങ്ങളത് ചെയ്യും. നിങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് ഇവരെ തടവില്‍ വെക്കാന്‍ കഴിയില്ല' കോടതി പറഞ്ഞു.

12 വര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന സുലൈമാന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

വിചാരണത്തടവുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. അടുത്ത മാസം 17നായിരിക്കും കോടതി സംഭവത്തില്‍ അടുത്ത വാദം കേള്‍ക്കുക.

നിരവധി വിചാരണത്തടവുകാര്‍ 15 വര്‍ഷമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്നുണ്ടെന്നും ഹരജിക്കാരന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. 853 വിചാരണത്തടവുകാരാണ് പത്ത് വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

പത്ത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കണമെന്നും അവരുടെ ഹരജിയില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും മേയ് ഒമ്പതിന് അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it