Big stories

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഹിന്ദുത്വ നേതാക്കളെ ഒഴിവാക്കി കേസെടുത്തത് ഈയിടെ ഹിന്ദുവായ വസീം റിസ്‌വിക്കെതിരേ

ഇസ്‌ലാമിനെതിരെ പ്രകോപനപരമായി പ്രസ്താവന യോഗത്തിലുണ്ടായി എന്ന് എഫ്‌ഐആര്‍ പറയുന്നു. വിവാദ പ്രസ്താവനകള്‍ നടത്തിയ ഹിന്ദുത്വ നേതാക്കള്‍ തങ്ങളുടെ വിദ്വേഷ പ്രചാരണം തുടര്‍ന്നും നടത്തുമെന്ന നിലപാടിലാണ്

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഹിന്ദുത്വ നേതാക്കളെ ഒഴിവാക്കി കേസെടുത്തത് ഈയിടെ ഹിന്ദുവായ വസീം റിസ്‌വിക്കെതിരേ
X

ന്യൂഡല്‍ഹി: ഹരിദ്വാറിലെ ഹിന്ദുത്വ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തുകയും വംശഹത്യക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സംഭവത്തില്‍ ഹിന്ദുത്വ നേതാക്കളെ ഒഴിവാക്കി പോലിസ് കേസെടുത്തത് ഈയിടെ മതം മാറിയ വസീം റിസ്‌വിക്കെതിരേ. ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി നടത്തിയ വരെ ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് പോലിസ് കേസെടുക്കല്‍ നാടകം നടത്തിയത്. ഡിസംബര്‍ 17 മുതല്‍ 20 വരെയാണ് സമ്മേളനം നടന്നത്. ഒരാളെ മാത്രം പ്രതിയാക്കിയാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അടുത്തിടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത യുപി മുന്‍ ശിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പരിപാടിക്കെതിരെ പരാതിയൊന്നും ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് ഹരിദ്വാര്‍ പോലിസ് സൂപ്രണ്ട് സ്വതന്ത്രകുമാര്‍ പറഞ്ഞിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ജിതേന്ദര്‍ നാരായണ്‍ സിങ് ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്‌വിയെ മാത്രമാണ് എഫ്‌ഐആറില്‍ പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇസ്‌ലാമിനെതിരെ അപകീര്‍ത്തികരവും പ്രകോപനപരവുമായി പ്രസ്താവന യോഗത്തിലുണ്ടായി എന്ന് എഫ്‌ഐആര്‍ പറയുന്നു. വിവാദ പ്രസ്താവനകള്‍ നടത്തിയ ഹിന്ദുത്വ നേതാക്കള്‍ തങ്ങളുടെ വിദ്വേഷ പ്രചാരണം തുടര്‍ന്നും നടത്തുമെന്ന നിലപാടിലാണ്. നിയമനടപടിയെ ഭയക്കുന്നില്ലെന്നും ഹിന്ദുത്വ നേതാക്കള്‍ വ്യക്തമാക്കി. ''പറഞ്ഞ കാര്യങ്ങളില്‍ എനിക്കൊരു ലജ്ജയുമില്ല. ഞാന്‍ പോലിസിനെ ഭയപ്പെടുന്നില്ല. ഞാന്‍ എന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്''ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി പറഞ്ഞത് ഇങ്ങനെയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രബോധാനന്ദ് ഗിരി. മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ മാതൃകയില്‍ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തില്‍ പറഞ്ഞത്. ''മ്യാന്‍മര്‍ മാതൃകയില്‍ നമ്മുടെ പോലിസും, രാഷ്ട്രീയക്കാരും സൈന്യവും മുഴുവന്‍ ഹിന്ദുക്കളും ആയുധമെടുത്ത് ഒരു വംശശുദ്ധീകരണം നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നില്‍ അവശേഷിക്കുന്നില്ല'' പ്രബോധാ നന്ദ് ഗിരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇയാള്‍ക്കെതിരെയൊന്നും കേസെടുക്കാതെ വസിം റിസ് വിക്കെതിരേ പേരിനു കേസെടുത്ത പോലിസ് നടപടി പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്.

Next Story

RELATED STORIES

Share it