Big stories

ഹൃദ്‌രോഗ ബാധിതരടക്കം തടവിൽ കഴിയുന്നു; അതിസുരക്ഷാ ജയിലിൽ വൈദ്യ സൗകര്യമില്ല

യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന സംസ്ഥാനത്തെ 55 പേരെ ഇവിടേക്ക് മാറ്റുമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ്‌സിങ് നേരത്തേ പറഞ്ഞിരുന്നു. 26 തടവുകാരെ മാത്രമാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഈ 26 തടവുകാരിൽ 22 തടവുകാർ വിചാരണ തടവുകാരാണ്.

ഹൃദ്‌രോഗ ബാധിതരടക്കം തടവിൽ കഴിയുന്നു; അതിസുരക്ഷാ ജയിലിൽ വൈദ്യ സൗകര്യമില്ല
X

തൃശൂർ: ഹൃദ്‌രോഗ ബാധിതരടക്കം ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിചാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലിൽ വൈദ്യ സൗകര്യമില്ല. തടവുകാർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. ജൂലൈ മാസം എട്ടിനാണ് ജയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ശിക്ഷാ തടവുകാരെ മാത്രമേ അതിസുരക്ഷാ ജയിലിൽ പാർപ്പിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. സുപ്രിം കോടതി നിർദേശം മറികടന്ന് കേരള സർക്കാരിൻറെ ഈ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.

യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന സംസ്ഥാനത്തെ 55 പേരെ ഇവിടേക്ക് മാറ്റുമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ്‌സിങ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ 26 തടവുകാരെ മാത്രമാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതിസുരക്ഷാ ജയിലിലേക്ക് ജൂലൈ 8ന് മാറ്റിയത്. ഈ 26 തടവുകാരിൽ 22 തടവുകാർ വിചാരണ തടവുകാരാണ്. 4 പേർ മാത്രമാണ് ശിക്ഷാ തടവുകാരായുള്ളത്. സുപ്രീം കോടതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച ഏകാന്ത തടവിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത വിധമാണ് അതീവ സുരക്ഷാ ജയിലിൽ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത് എന്ന് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം മാവോവാദി നേതാവ് രൂപേഷിനെ അതീവ സുരക്ഷാ ജയിലിൽ നിന്ന് വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ എൻഐഎ കോടതി ഉത്തരവിട്ടു. വിയൂരിലെ അതീവ സുരക്ഷാ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടർന്നുവന്ന രൂപേഷിൻറെ നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് തന്നെ ജയിൽ മാറ്റാനാണ് നിർദേശം.

രൂപേഷിനെ ജൂലൈ 25ന് എൻ‌ഐ‌എ കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹം നിരാഹാര സമരത്തിലായിരുന്നു. നിരാഹാര സമരം ഉപേക്ഷിക്കാൻ ജഡ്ജി ആവശ്യപ്പെട്ടെങ്കിലും ജയിലിലെ മനുഷ്യത്വ രഹിതമായ അവസ്ഥയിൽ മാറ്റം വരുത്തുന്നതുവരേ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് ഇന്നലെയാണ് ജയിൽ മാറ്റാൻ കോടതി ഉത്തരവിട്ടത്.

നിരാഹാരം അവസാനിപ്പിച്ചെങ്കിലും നിയമവിരുദ്ധമായി സ്ഥാപിതമായ അതിസുരക്ഷാ ജയിലിലെ മനുഷ്യത്വ രഹിതമായ വ്യവസ്ഥകൾക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന് രൂപേഷ് പറഞ്ഞു. മറ്റ് വിചാരണ തടവുകാരുടെയും ശിക്ഷിക്കപ്പെട്ട തടവുകാരുടെയും പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. മറ്റൊരു യു‌എ‌പി‌എ തടവുകാരനും സഹപ്രതിയുമായ ഹൃദ്രോഗ ബാധിതനായ ഇബ്രാഹിം വൈദ്യ സൗകര്യമില്ലാത്ത അതിസുരക്ഷാ ജയിലിനുള്ളിൽ തന്നെ കഴിയുകയാണ്.

Next Story

RELATED STORIES

Share it