Big stories

നാണക്കേടായി നാഷനല്‍ ലീഗ്; പ്രതിസന്ധി രൂക്ഷം

പി സി അബ്ദുല്ല

നാണക്കേടായി നാഷനല്‍ ലീഗ്; പ്രതിസന്ധി രൂക്ഷം
X

കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗിന് കേരളത്തില്‍ ലഭിച്ച മന്ത്രി സ്ഥാനം ചരിത്രപരമെന്ന് വിലയിരുത്തിയവര്‍ക്ക് പിഴച്ചു. 'അര മന്ത്രി'സ്ഥാനവുമായി ബന്ധപ്പെട്ട ഉപജാപങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ഏറ്റവുമൊടുവില്‍ സംസ്ഥാന സമിതി യോഗത്തിലെ കൂട്ടത്തല്ലും പാര്‍ട്ടിയെ കൊണ്ടെത്തിച്ചത് വന്‍ പ്രതിസന്ധിയില്‍. നാഷനല്‍ ലീഗെന്നാല്‍ നാണക്കേട് ലീഗ് എന്നായി കാര്യങ്ങള്‍. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതിനകം അരങ്ങേറിയ എല്ലാ നാണംകെട്ട കളികളെയും അപ്രസക്തമാക്കുന്നതാണ് ഐഎന്‍എല്‍ കേരള ഘടകത്തില്‍ ഇപ്പോള്‍ അരങ്ങേറുന്ന നാടകങ്ങള്‍. പിഎസ് സി അംഗത്വം ലക്ഷങ്ങള്‍ക്ക് മറിച്ചുവിറ്റു, ലീഗ് എംപിയില്‍ നിന്ന് വന്‍ തുക പ്രചാരണത്തിനു വാങ്ങി തുടങ്ങിയ ആരോപണങ്ങളും നേതാക്കള്‍ തന്നെ തമ്മിലടിച്ചതിനും പിന്നാലെ തമ്മില്‍തല്ല് തെരുവിലെത്തിയത് ഇടതുമുന്നണിക്കു തന്നെ നാണക്കേടായി മാറി. ഇതോടെ, ഇടതുചേരിയില്‍ സമുദായ രാഷ്ട്രീയത്തിന് കരുത്തും ബദലുമാവുമെന്ന് കരുതിയ പാര്‍ട്ടി ദുരന്തവും പ്രഹസനവുമായി മാറുകയാണു ചെയ്യുന്നത്. അഹ്മദ് ദേവര്‍ കോവില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സേട്ടു സാഹിബിന്റെ മോഹം സഫലമായെന്ന് സ്മരിച്ചവര്‍, ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഖബര്‍സ്ഥാനിലുറങ്ങുന്ന ആ മഹാനെയോര്‍ത്ത് ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാവുമെന്ന് ഉറപ്പ്.

1994 ഏപ്രില്‍ 22നു സേട്ടു സാഹിബ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പോള്‍ പലരും. ഐഎന്‍എല്‍ കേരള ഘടകത്തിലെ പുതിയ വിഭാഗീയതയില്‍ തെറ്റും ശരിയും ചികയുന്നതും ഒരര്‍ഥത്തില്‍ നിരര്‍ഥകമാണ്. സമുദായം പ്രതീക്ഷിച്ച ഒരു തലത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുന്നതില്‍ നേതൃത്വം ഒന്നടങ്കം പരാജയപ്പെട്ടു എന്നതു മാത്രമാണ് പൊതുവായ വലിയ ശരി. പൊതുസ്വീകാര്യതയും വിശ്വാസ്യതയും ആര്‍ജ്ജിക്കാനുതകുന്ന ഒരു നേതൃത്വം ആ പാര്‍ട്ടിക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നവരും കുറവല്ല. സേട്ടുസാബ് സ്ഥാപിച്ച പാര്‍ട്ടി എന്നതിനപ്പുറമുള്ള ഒരു മേല്‍ വിലാസവും കഴിഞ്ഞ 27 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഐഎന്‍എല്ലിന് ആര്‍ജ്ജിക്കാനായില്ല എന്നത് പരമമായ സത്യം. ഉപജാപവും കുതികാല്‍വെട്ടുമായി ഇപ്പോള്‍ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ പടവെട്ടുന്ന ഏതാനും പേരിലപ്പുറം വളരുകയോ വികസിക്കുകയോ ചെയ്യാത്ത പാര്‍ട്ടി. തിരഞ്ഞെടുപ്പുകളിലെ ദയനീയ പ്രകടനങ്ങള്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം എഴുതിച്ചേര്‍ക്കപ്പെട്ട നാണക്കേടിന്റെ അധ്യായങ്ങള്‍. ഒന്ന് പിളരാനുള്ള ശേഷി പോലുമില്ലാതെയാണ് കേരളത്തിലെ ഐഎന്‍എല്‍ വീണ്ടും പിളര്‍പ്പിനെ അഭിമുഖീകരിക്കുന്നത്. ചിലത് ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കപ്പെടുമെന്നാണല്ലോ ആപ്ത വാക്യം. കേരളത്തിലെ ഐഎന്‍എല്‍ ഒരേ സമയം തന്നെ ദുരന്തമായും പ്രഹസനമായും ചരിത്രത്തിലേക്ക് മറയുകയാണെന്നു കരുതുന്നവരാണേറെയും.

Indian National League severe crisis

Next Story

RELATED STORIES

Share it