Big stories

കെഎഎസ് സംവരണ അട്ടിമറി; യോജിച്ച പോരാട്ടത്തിനൊരുങ്ങി മുസ്്‌ലിം സംഘടനകള്‍

സംവരണ നിഷേധം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും

കെഎഎസ് സംവരണ അട്ടിമറി; യോജിച്ച പോരാട്ടത്തിനൊരുങ്ങി മുസ്്‌ലിം സംഘടനകള്‍
X

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) സംവരണം അട്ടിമറിക്കുന്നതിനെതിരേ യോജിച്ച പോരാട്ടത്തിന് മുസ്‌ലിം സംഘടനകള്‍ തയ്യാറെടുക്കുന്നു. സംവരണ നിഷേധം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും പ്രത്യക്ഷപ്രക്ഷോഭത്തിന് തുടക്കംകുറിക്കുകയും ചെയ്യും. ഒബിസി സംവരണ വിഭാഗത്തെ മുഴുവന്‍ പ്രക്ഷോഭത്തില്‍ അണിനിരത്തും. പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ പിന്നാക്ക സമിതിയുടെ നേതൃത്വത്തില്‍ സംവരണം നിഷേധിക്കപ്പെടുന്ന എല്ലാ സമുദായ നേതാക്കളുടെയും സംയുക്തയോഗം കോഴിക്കോട് ഉടന്‍ വിളിച്ചുചേര്‍ക്കും. കെഎഎസ്സിലെ മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും ഇത് തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വീസില്‍ ചെറിയ പ്രാതിനിധ്യമെങ്കിലുമുള്ളത്. സംവരണ തോതിന് അനുസരിച്ചുപോലും നിയമനം നടന്നില്ലെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉള്‍പ്പടെ വ്യക്തമാക്കപ്പെട്ടതാണ്. 26 വര്‍ഷത്തെ ആലോചനകള്‍ക്കുശേഷം കെഎഎസ് രൂപീകരിക്കുമ്പോള്‍ സംവരണം നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. കെഎഎസ് മോഡലില്‍ ഉന്നത തസ്തികകള്‍ക്കായി കെഎഎസ് രൂപീകരിക്കുമ്പോള്‍ നിലവിലെ സംവരണം തുടരുന്നതിന് പകരം മൂന്നില്‍ രണ്ടിലും നിഷേധിക്കുന്നത് പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അന്തിമ ഉത്തരവിന് മുമ്പ് തെറ്റുതിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it