- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്ത്രണ്ടാം അങ്കത്തിന് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയുടെ മനസ് മാറുമോ ?
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. മുമ്പ് എല്ലാ പഞ്ചായത്തുകളും യുഡിഎഫാണ് ഭരിച്ചിരുന്നതെങ്കില്‍ നിലവില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് ഭരണം,
കോട്ടയം: ആത്മബന്ധങ്ങളും അനുഭവസമ്പത്തും കൈമുതലാക്കിയാണ് പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്ത്രണ്ടാം അങ്കത്തിനൊരുങ്ങുന്നത്. അരനൂറ്റാണ്ട് തുടര്‍ച്ചയായി ഒരുമണ്ഡലത്തില്‍ എംഎല്‍എ ആവാന്‍ ഉമ്മന്‍ചാണ്ടിക്ക് അവസരമൊരുക്കിയത് പുതുപ്പള്ളിയാണ്. പുതുപ്പള്ളിയെ ജനകീയമാക്കിയ ഒറ്റയാള്‍ ഉമ്മന്‍ചാണ്ടിയാണെന്ന് നിസ്സംശയം പറയാം. ഉമ്മന്‍ചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളിയില്‍ ഇത്തവണ അടിപതറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുന്മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന് പറയുമ്പോഴും സാധാരണക്കാര്‍ മാത്രം താമസിക്കുന്നുവെന്നതാണ് പുതുപ്പള്ളിയെ വ്യത്യസ്തമാക്കുന്നത്.
നേമത്തേയ്ക്ക് വിട്ടുതരില്ലെന്ന് പുതുപ്പള്ളിക്കാര്‍ ഒന്നടങ്കം പറഞ്ഞതോടെ ഇക്കുറിയും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മല്‍സരിക്കാനെത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ട് ഇടയ്ക്കൊന്നു മണ്ഡലം ചുറ്റി മടങ്ങിയിട്ട് പിന്നെ വോട്ടുചെയ്യാന്‍ വരുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശീലം. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കില്‍ ഉല്‍പ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി.
11 തവണയും അങ്കം ജയിച്ച ഉമ്മന്‍ചാണ്ടിക്ക് ഇത്തവണ മണ്ഡലത്തില്‍ വെല്ലുവിളികളേറെയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണ് ഇതിലൊന്ന്. മറ്റൊന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫിനെ കൈവിട്ടത്. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, ഇടതുസ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു ലീഡ് നില.
മുമ്പ് എല്ലാ പഞ്ചായത്തുകളും യുഡിഎഫാണ് ഭരിച്ചിരുന്നതെങ്കില്‍ നിലവില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് ഭരണം, മറ്റിടങ്ങളില്‍ എല്‍ഡിഎഫ് ചരിത്രത്തില്‍ ആദ്യമായാണു മണര്‍കാട് പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും ഇടതുപക്ഷത്തിനാണ് ഭരണം. 50 വര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിക്ക് ഇക്കുറി പുതുപ്പള്ളിയില്‍ ഭൂരിപക്ഷം അമ്പതിനായിരമാക്കണമെന്നാണ് ആഗ്രഹം. ഈ ലക്ഷ്യത്തില്‍ ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിന് മുമ്പേ മണ്ഡലത്തില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് അനൗദ്യോഗിക പ്രചാരണം തുടങ്ങിയിരുന്നു.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മണ്ഡലം കണ്‍വന്‍ഷനുകള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കി. പുതുപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം മണ്ഡലം കണ്‍വന്‍ഷനുകളില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തു. ആത്മവിശ്വാസം നല്ലതാണെന്നും വീടുവീടാന്തരം കയറി ജനങ്ങളെ നേരില്‍ക്കണ്ടുള്ള പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തരുതെന്നും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നു. ഭൂരിപക്ഷം വര്‍ധിപ്പിക്കുന്ന പതിവുതെറ്റിക്കാതെയുള്ള വിജയമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. മണ്ഡലത്തിന്റെ ഉമ്മന്‍ചാണ്ടിയെന്ന വികാരം അലയടിക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. ഓരോ തവണയും ഉയരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം താഴ്ന്നത് ജെയ്ക് സി തോമസ് മല്‍സരിച്ചപ്പോഴാണ്.
2011 ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 33,255 ആയിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് സിപിഎമ്മിന്റെ സുജ സൂസന് ജോര്‍ജായിരുന്നു. 2016ല്‍ ഭൂരിപക്ഷം കുറയുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസുമായുള്ള പോരാട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയിരുന്നു. ഇത് മുന്നില്‍ക്കണ്ട് മണ്ഡലത്തില്‍ ഭൂരിപക്ഷം ഉയര്‍ത്താനുള്ള പ്രചാരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. അതേസമയം, വിവിധ ജില്ലകളില്‍ ഓടി നടന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഉമ്മന്‍ചാണ്ടി.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ രണ്ടാമതും ജെയ്ക് സി തോമസിനെ സിപിഎം രംഗത്തിറക്കുമ്പോള്‍ സംസ്ഥാന സമിതി അംഗം എന്‍ ഹരിയാണ് ബിജെപിക്കായി മല്‍സരരംഗത്തുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറി നിയമസഭയിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്. സിപിഎം യുവനേതാവിനെ വീണ്ടും പരീക്ഷിച്ചതും ഇക്കാരണത്താലാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ് ജെയ്ക്ക്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ യുവജന ക്ഷേമബോര്‍ഡ് അംഗമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും ജെയ്ക്കായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ പ്രചാരണവിഷയമാക്കുന്നത്. ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനില്ലെന്നും ഇതാണ് പുതുപ്പള്ളി നേരിടുന്ന പ്രശ്നവുമെന്നും എല്‍ഡിഎഫ് പ്രചാരണവിഷയമാക്കുന്നു. അരനൂറ്റാണ്ടായി ഒരാള്‍ മാത്രം എംഎല്‍എ. മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷമിരുന്നിട്ടും അതിനൊത്ത വികസനമൊന്നും പുതുപ്പള്ളിയിലെവിടെയുമില്ല.
മണ്ഡലത്തിലെല്ലായിടത്തും സാധാരണക്കാര്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം, റോഡുകളുടെയും പാലങ്ങളുടെയും നവീകരണം എന്നിവയെല്ലാം പ്രചാരണവിഷയമാക്കുന്നുണ്ട്. പുതുപ്പള്ളിയിലുടനീളം കടകള്‍ കേന്ദ്രീകരിച്ചും തൊഴിലാളികളെ നേരില്‍ കണ്ടുമുള്ള പ്രചാരണങ്ങളാണ് ജെയ്ക്ക് സി തോമസ് ആദ്യം നടത്തിയിരുന്നത്. മണ്ഡലം കണ്‍വന്‍ഷനുകളും നടന്നിവരുന്നുണ്ട്. ഗ്രാമമറ്റം, ഏഴാംമൈല്‍, എട്ടാംമൈല്‍, നെടുങ്കുഴി ഭാഗങ്ങളില്‍ കടകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം വോട്ടഭ്യര്‍ഥിച്ചു. കുമ്പന്താനത്ത് തൊഴിലുറപ്പുജോലിക്കാരെ കണ്ടു. ഇതോടൊപ്പം വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
അതേസമയം, ബിജെപിക്ക് വേരോട്ടമില്ലാത്ത പുതുപ്പള്ളിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍ ഹരിയുടെ പ്രചാരണം. മുമ്പ് പുതുപ്പള്ളി മണ്ഡലത്തിലായിരുന്ന പള്ളിക്കത്തോട് സ്വദേശിയായ എന്‍ ഹരി മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്. നിര്‍ണായക സഭാവിഷയങ്ങള്‍ കത്തിനില്‍ക്കുന്ന മണ്ഡലംകൂടിയാണ് പുതുപ്പള്ളി. ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ക്കും ആര്‍സി വിഭാഗത്തിനും സ്വാധീനമുള്ള മണ്ഡലം. നായര്‍, ഈഴവ വോട്ടുകളും ദലിത് വോട്ടുകളുമാണ് വിധി നിര്‍ണയിക്കുക.
2016 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
ഉമ്മന്‍ചാണ്ടി- 71,597
ജെയ്ക് സി തോമസ്- 44,505
ജോര്‍ജ് കുര്യന്- 15,993
ഭൂരിപക്ഷം: 27,092
2011 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
ഉമ്മന്‍ചാണ്ടി- 69,922
സുജ സൂസന് ജോര്‍ജ്- 36,667
പി സുനില്‍കുമാര്‍- 6,679
തയ്യാറാക്കിയത്: നിഷാദ് എം ബഷീര്‍
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT