Big stories

ഇടതുമുന്നണിക്കൊപ്പമെന്ന് കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം

ഇടതുമുന്നണിക്കൊപ്പമെന്ന് കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം
X

കോട്ടയം: കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മാത്രമല്ല, രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ പ്രഖ്യാപനത്തിനിടെ അനുയായികള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. കോട്ടയം പാലായില്‍ നടന്ന നേതൃയോഗത്തിനു ശേഷം നടത്തിയ പ്രഖ്യാപനത്തിനിടെ യുഡിഎഫിനെയും പിജെ ജോസഫിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ, മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കാണു വിരാമമായത്. നേരത്തേ ജോസ് കെ മാണി വിഭാഗം യുഡിഎഫിനെ തള്ളിപ്പറയുകയോ മുന്നണി വിടുകയോ ചെയ്താല്‍ ഇടതുപക്ഷത്തിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിന് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐ നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇടതുമുന്നണിയിലുള്ള എന്‍സിപി ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തെ അനുകൂലിച്ചിരുന്നെങ്കിലും മാണി സി കാപ്പന്‍ ജയിച്ച പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് തര്‍ക്കം തുടരുകയാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനം.

യുഡിഎഫ് പലപ്പോഴും വഞ്ചിച്ചെന്നും കെ എം മാണിയുടെ വീട് മ്യൂസിയമാക്കണമെന്നു വരെ പറഞ്ഞതായും ജോസ് കെ മാണി പറഞ്ഞു. ഓഫിസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. യുഡിഎഫ് പി ജെ ജോസഫിനെ സഹായിച്ചു. വര്‍ഗീയശക്തികള്‍ വളര്‍ന്നുവരുന്ന ഈ ഘട്ടത്തില്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ജോസ് കെ മാണി പറഞ്ഞു.

ഇടതുപക്ഷവുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. നമ്മള്‍ കേരളാ കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രഖ്യാപിച്ചത്. ഇനി അവരുടെ നിലപാട് അറിയട്ടെ. ലോക്‌സഭാ എംപി സ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. എന്നാലും രാഷ്ട്രീയ ധാര്‍മികത കാരണം സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാലാ നമ്മുടെ ഹൃദയവികാരമാണ്. അതില്‍ മാറ്റമൊന്നുമില്ല. മാണി സാറിനെ സ്‌നേഹിക്കുന്ന ഒരാളും എതിര്‍പക്ഷത്തേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, യുഡിഎഫിലെ പ്രമുഖ കക്ഷിയും മുന്നണി സ്ഥാപകരില്‍ ഒരാളുമായ കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് 38 വര്‍ഷത്തിനു ശേഷമാണ് ഇടതുപക്ഷത്തിലെത്തുന്നത്. അതേസമയം, മാണി സി കാപ്പന്‍ ഉച്ചയ്ക്ക് 12നു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.





Kerala Congress(M) Jose K. Mani faction says it is with the LDF




Next Story

RELATED STORIES

Share it