Big stories

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: സാക്ഷികളുടെ സുരക്ഷ യുപി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം; സാക്ഷികളുടെ എണ്ണം കുറഞ്ഞത് എന്ത് കൊണ്ടെന്നും സുപ്രീംകോടതി

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല:  സാക്ഷികളുടെ സുരക്ഷ യുപി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം;  സാക്ഷികളുടെ എണ്ണം കുറഞ്ഞത് എന്ത് കൊണ്ടെന്നും സുപ്രീംകോടതി
X

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ കാറിടിപ്പിച്ചു കൊന്ന കേസില്‍ യുപി സര്‍ക്കാരിനെതിരേ സ്വരം കടുപ്പിച്ച് സുപ്രിംകോടതി. സാക്ഷികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി സാക്ഷികളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ചും വിമര്‍ശനം ഉന്നയിച്ചു.

കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്നും സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവം നടന്ന സ്ഥലത്ത് ആയിരങ്ങള്‍ സംഘടിച്ചിരുന്നു, എന്നിട്ടും സാക്ഷികളുടെ എണ്ണം കുറഞ്ഞ് പോയത് എന്ത് കൊണ്ടാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് ചോദിച്ചു. 30 സാക്ഷികളുടേതായി 164 മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതില്‍ 23 പേര്‍ ദൃക്‌സാക്ഷികളാണെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും വലിയ കര്‍ഷക റാലിക്കിടേയുണ്ടായ സംഭവത്തില്‍ ആകെ 23 ദൃക്‌സാക്ഷികള്‍ മാത്രമാണോ ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നാലായിരത്തിനും അയ്യായിരത്തിനും ഇടയില്‍ ആളുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തും വ്യക്തമാക്കി. കൂടുതല്‍ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കില്‍ ജില്ലാ ജഡ്ജിമാര്‍ ആവശ്യമായ ക്രമീകരണം ഒരുക്കി കൊടുക്കണമെന്നും രമണ നിര്‍ദേശം നല്‍കി.

ലഖിംപൂര്‍ ഖേരി സംഭവത്തിലെ അന്വേഷണത്തില്‍ യുപി സര്‍ക്കാരിന്റേത് മെല്ലെപ്പോക്കാണെന്നും അത് അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരിവിട്ടു. എല്ലാ സാക്ഷികളെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥനു മുന്നില്‍ വിസ്തരിക്കാനും മൊഴിനല്‍കാനുള്ള അവസരമൊരുക്കാനും കോടതി നിര്‍ദേശിച്ചു.

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ ഒക്ടോബര്‍ മൂന്നിനാണ് പ്രതിഷേധിക്കാനെത്തിയ കര്‍ഷകരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജിത് മിശ്രയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം ഇടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി മരിച്ചു.

കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ മകന്റെ വാഹനം കര്‍ഷകരെ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Next Story

RELATED STORIES

Share it