Big stories

രാജ്യത്ത് പുതിയ സഹകരണ നയം ഉടന്‍; സംസ്ഥാനങ്ങളുമായി തര്‍ക്കങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമിത് ഷാ

രാജ്യത്ത് പുതിയ സഹകരണ നയം ഉടന്‍; സംസ്ഥാനങ്ങളുമായി തര്‍ക്കങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമിത് ഷാ
X

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സഹകരണ നയം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളുമായി തര്‍ക്കങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനങ്ങളുടെ വാദത്തിന് നിയമപരമായ മറുപടിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 65000ത്തോളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തില്‍ സംസാരിക്കുകയാായിരുന്നു അദ്ദേഹം. ഈ വര്‍ഷം ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി കേന്ദ്ര സഹകരണ മന്ത്രാലയം തുടങ്ങിയത്.

ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 2100 പേര്‍ നേരിട്ട് പങ്കെടുത്തു. ഓണ്‍ലൈനായി ആറ് കോടി പ്രതിനിധികള്‍ വേറെയുമുണ്ടായിരുന്നു. സഹകരണ മേഖല സംസ്ഥാനങ്ങളുടേതായിരിക്കെ എന്തിനാണ് കേന്ദ്രം ഇത്തരമൊരു മന്ത്രാലയം ഉണ്ടാക്കിയതെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ചോദിച്ചിരുന്നു. ഇതിനോട് വാദപ്രതിവാദത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

'സംസ്ഥാനങ്ങളുടെ വാദത്തിന് നിയമപരമായ മറുപടിയുണ്ടാകും. താന്‍ നേരിട്ട് ഒരു വാദപ്രതിവാദത്തിന് മുതിരുന്നില്ല' അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പറഞ്ഞ മന്ത്രി, സംസ്ഥാനങ്ങളുമായി തര്‍ക്കങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടും വ്യക്തമാക്കി.

'സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ്,'അദ്ദേഹം വ്യക്തമാക്കി. 2002 ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി സഹകരണ വകുപ്പില്‍ പുതിയൊരു നയം കൊണ്ടുവന്നിരുന്നു. ഇനി മോദി സര്‍ക്കാര്‍ പുതിയ നയം യാഥാര്‍ത്ഥ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

മുന്‍പെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇപ്പോള്‍ സഹകരണ മേഖലയ്ക്കുള്ളത്. സഹകാരികള്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ ഒരുപാട് പങ്ക് വഹിക്കാനാവും. രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുന്നതിന്റെ ഭാഗമായുള്ള പരിശ്രമത്തില്‍ സഹകാരികള്‍ക്കും ഭാഗമാകാനുണ്ട്. നികുതിയടക്കമുള്ള വിഷയങ്ങളില്‍ സഹകാരികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെന്നും രാജ്യത്തെ സഹകാരികളോട് നീതികേട് കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it