Big stories

ഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക് തെലങ്കാന ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ ഐഎയെയും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക് തെലങ്കാന ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
X

ഹൈദരാബാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ ഒമ്പതു പേര്‍ക്ക് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് അബുല്‍ മുബീന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കാണ് ജസ്റ്റിസ് കെ ലക്ഷ്മണ്‍, ജസ്റ്റിസ് പി ശ്രീസുധ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ ഐഎയെയും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജാമ്യാപേക്ഷ തള്ളിയ ഹൈദരാബാദിലെ എന്‍ ഐഎ പ്രത്യേക കോടതിയുടെ വിധിക്കെതിരേ നല്‍കിയ ക്രിമിനല്‍ അപ്പീലുകള്‍ അനുവദിച്ചു കൊണ്ടാണ് ജാമ്യം നല്‍കിയത്.

2022 ആഗസ്ത് 22ന് നിസാമാബാദ് ടൗണ്‍ ആറ് പോലിസ് സ്‌റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും യുഎപിഎ ചുമത്തിയതിനാല്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ഇസ് ലാമിക ഭരണം കൊണ്ടുവരുന്നതിന് ക്രിമിനല്‍ ഗൂഢാലോചന നടത്തി, യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്തു എന്നതടക്കമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ കര്‍ണൂലിലെ ഒരു ഹാളില്‍ യോഗം ചേര്‍ന്നെന്നും ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ 18 മാസമായി ഇവരെല്ലാം ജയിലില്‍ കഴിയുകയാണെന്നും ജാമ്യം നല്‍കുന്നത് തടയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. ഇത് അവരെ ജയിലില്‍ നിലനിര്‍ത്താനുള്ള ഒരു കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആവശ്യമുള്ളപ്പോള്‍ പോലിസിന് മുന്നില്‍ ഹാജരാവണമെന്നും ഉപാധി വച്ചു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണമെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. സംരക്ഷിത സാക്ഷികള്‍ ഉള്‍പ്പെടെ ഏതെങ്കിലും സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ന്യായമായ വിചാരണയില്‍ ഇടപെടുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎയ്ക്കും അപേക്ഷ നല്‍കാമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തരം വാദങ്ങളൊന്നും ജാമ്യം നിഷേധിക്കാന്‍ കാരണമല്ലെന്നും ജസ്റ്റിസ് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. വിചാരണ തടസ്സപ്പെടുത്താന്‍ പ്രതികള്‍ക്ക് കഴിയുമെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബി നരസിംഹ ശര്‍മ ജാമ്യത്തെ എതിര്‍ത്തത്.

പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം നിരപരാധികളാണെന്നും റെയ്ഡ് നടന്നതായി പറയപ്പെടുന്ന തിയ്യതിയില്‍ പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടനയല്ലെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി രഘുനാഥ് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പിന്നാക്ക വിഭാഗങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. യോഗത്തില്‍ പങ്കെടുത്തത് തീവ്രവാദ പ്രവര്‍ത്തനമല്ലെന്നും അന്വേഷണം പൂര്‍ത്തിയായിട്ടും ഇവര്‍ ജയിലില്‍ കഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 സപ്lംബറിലാണ് പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കുറ്റാരോപിതര്‍ പങ്കെടുത്തെന്ന് പറയുന്ന യോഗം 2021 ജനുവരിയിലും ഫെബ്രുവരിയിലുമാണ് നടന്നത്. റേഷന്‍ കിറ്റ് വിതരണം, റമദാന്‍ കിറ്റ് വിതരണം, രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കല്‍, പാവപ്പെട്ട മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂനിഫോം, പുസ്തകങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ നല്‍കുന്നതിനുള്ള സ്‌കൂള്‍ ചലോ കാംപയിന്‍ തുടങ്ങി താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. യോഗ ക്ലാസുകള്‍ നടത്താറുണ്ടെന്നും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഐഎയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 'നീതി നടപ്പാക്കുക മാത്രമല്ല അത് പ്രത്യക്ഷമായും സംശയാതീതമായും നടപ്പാക്കണമെന്നതാണ് നീതിയുടെ അടിസ്ഥാനം. ന്യായമായ തീരുമാനങ്ങളെടുക്കാനുള്ള ജഡ്ജിമാരുടെ കടമ ഈ പ്രതിബദ്ധതയുടെ കാതലാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി രഘുനാഥിനു പുറമെ അഭിഭാഷകരായ ടി രാഹുല്‍, ഷെയ്ക് മുഹമ്മദ് റിസ്വാന്‍ അക്തര്‍, മുഹമ്മദ് മൊയ്‌നുദ്ദീന്‍ എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it