Big stories

പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ അട്ടിമറി; പിന്നാക്കക്കാര്‍ക്ക് വന്‍ തിരിച്ചടി

ജനറല്‍ സീറ്റുകളില്‍ 10 ശതമാനത്തിനു പകരം 12.25 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം അനുവദിച്ചതാണ് മെറിറ്റ്, പിന്നാക്ക സംവരണ സീറ്റുകളില്‍ അട്ടിമറിക്കു കളമൊരുക്കിയത്

പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ അട്ടിമറി; പിന്നാക്കക്കാര്‍ക്ക് വന്‍ തിരിച്ചടി
X

കോഴിക്കോട്: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റില്‍ വന്‍തോതില്‍ സംവരണം അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം. ജനറല്‍ സീറ്റുകളില്‍ 10 ശതമാനത്തിനു പകരം 12.25 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം അനുവദിച്ചതാണ് മെറിറ്റ്, പിന്നാക്ക സംവരണ സീറ്റുകളില്‍ അട്ടിമറിക്കു കളമൊരുക്കിയത്. അയാഥാര്‍ത്ഥ്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് അനര്‍ഹമായി അനുവദിക്കപ്പെട്ട 10 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം യോഗ്യരായ അപേക്ഷകരില്ലാത്തതിനാല്‍ പ്രവേശനത്തെ താളം തെറ്റിക്കുമെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇതോടെ, മുന്‍കാലങ്ങളിലേതിനേക്കാള്‍ പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു.

മുന്നാക്ക ഇഡബ്ല്യുഎസ് സംവരണത്തിന്റെ പേരില്‍ 11 ശതമാനം നായര്‍, ഒരു ശതമാനം ബ്രാഹ്‌മണര്‍, 8 ശതമാനം മുന്നാക്ക ക്രിസ്ത്യന്‍ ഉള്‍പ്പെടെ 20 ശതമാനത്തിനായി ആകെ നീക്കിവച്ചത് 16,711 സീറ്റുകളാണ്. സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്തുന്ന 2,80,212 സീറ്റിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സ്റ്റാറ്റിയൂട്ടറി സംവരണവും ഇതര വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക സംവരണത്തിനും പുറമേ ബാക്കിയുള്ള ജനറല്‍ മെറിറ്റിലുള്ള 1,36,420 സീറ്റുകളുടെ 10 ശതമാനമായ 13,642 സീറ്റുകള്‍ ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്കായി നീക്കി വയ്ക്കേണ്ടത്. എന്നാല്‍, 16,711 സീറ്റുകള്‍ അനുവദിച്ചതോടെ മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം 12.25 ശതമാനമായി ഉയര്‍ന്നു. ഇതുവഴി 3,069 സീറ്റുകളാണ് അധികമായി സവര്‍ണ വിഭാഗങ്ങള്‍ക്കു ലഭിച്ചത്.

ഹയര്‍സെക്കന്‍ഡറികളില്‍ 60-55 സീറ്റുകളുള്ള ഓരോ ബാച്ചിലേക്കും പ്രത്യേകമായി നിശ്ചയിക്കപ്പെട്ട സംവരണ നിരക്കനുസരിച്ചാണ് സാധാരണയായി സീറ്റ് വിഭജനം നടത്തുന്നത്. സ്റ്റാറ്റി്യൂട്ടറി സംവരണത്തിനു പുറമെ ഭിന്നശേഷിക്കാര്‍, കാഴ്ച പരിമിതര്‍, സ്പോര്‍ട്ട്‌സ് വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 8, 7, 3, 2, 1 എന്നീ നിരക്കില്‍ സംവരണ സീറ്റുകള്‍ അനുവദിക്കേണ്ട ഈഴവ, മുസ്ലിം, ലത്തീന്‍, ഒബിഎച്ച്, വിശ്വകര്‍മ, ധീവര, ഒബിഎക്സ്, കുശവ, കുഡുംബി വിഭാഗങ്ങളിലെ ആയിരക്കണക്കിന് സീറ്റുകളാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അതേസമയം, മുന്നാക്ക സംവരണത്തിനായി നീക്കിവച്ച 16,711 സീറ്റ് കൂടിയാവുന്നതോടെ ഒരുവിധ സംവരണവുമില്ലാത്ത ജനറല്‍ സീറ്റുകള്‍ 1,36,420 ആണ്. ഇവ തമ്മിലെ അന്തരം പരിശോധിച്ചാല്‍ ഇഡബ്ല്യുഎസിന് 3,069 സീറ്റ് കൂടുതലായി നീക്കിവച്ചതായി വ്യക്തമാവു. ഇത് 12.25 ശതമാനം വരും. മുന്നാക്കക്കാരുടെ വിഹിതത്തിനെടുത്ത 1,67,110 സീറ്റുകളാണ് പിന്നാക്ക സംവരണത്തിന് പരിഗണിക്കുന്നതെങ്കില്‍ ഈഴവര്‍ക്ക് 367, മുസ്ലിംകള്‍ക്ക് 385, ധീവരര്‍ക്ക് 489, വിശ്വകര്‍മക്ക് 489 സീറ്റുകള്‍ വീതം കുറച്ചാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളതെന്നും വ്യക്തമാവുന്നു.

ഒരു ശതമാനം മാത്രം സംവരണമുള്ള പിന്നാക്ക വിഭാഗങ്ങളായ കുശവ, കുടുംബി, പിന്നാക്ക ക്രിസ്ത്യന്‍ അലോട്ട്മെന്റ് പരിശോധിച്ചാല്‍ ആകെ 2,31,200 ന്റെ ഒരു ശതമാനമാണ് 2,312 സീറ്റ്. 12, 8 ശതമാനം യഥാക്രമം സംവരണമുള്ള പട്ടികജാതി പട്ടിക വര്‍ഗത്തിന് അനുവദിച്ച ആകെ സീറ്റുകള്‍ മൂന്നരലക്ഷത്തിന്റെ 20 ശതമാനമായ 70000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍നിന്നു തന്നെ പിന്നാക്ക, സംവരണ വിഭാഗങ്ങളുടെ 30,705 സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടതായി മനസ്സിലാവും. മലബാര്‍ ഉള്‍പ്പെടുന്ന വടക്കന്‍ ജില്ലകളില്‍ അരലക്ഷത്തോളം യോഗ്യരായ വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിക്കാന്‍ പ്രയാസപ്പെടുമ്പോഴാണ് മുന്നാക്ക സംവരണത്തിന്റെ പേരില്‍ ഇരുട്ടടി നല്‍കുന്നത്.

Reservation coup at Plus One entry; Big setback for the backwards




Next Story

RELATED STORIES

Share it