- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഭല്‍ മസ്ജിദ്: പുതിയ ഹിന്ദുത്വ പരീക്ഷണശാല

മുസ്‌ലിംകളെ നിശ്ശബ്ദരാക്കാനും ഭയത്തിന് കീഴ്‌പ്പെടുത്താനുമുള്ള പുതിയ ഹിന്ദുത്വ നീക്കങ്ങളുടെ പരീക്ഷണശാലയാണ് ഇന്ന് ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്.
ഈയടുത്തായി ഇടയ്ക്കിടെ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട് 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ പള്ളി. മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ ഒരു ഉദ്യോഗസ്ഥനാണ് 1526നും 1530നും ഇടയില്‍ സംഭലില്‍ ഈ പള്ളി പണിതത്. 1992ല്‍ ഹിന്ദുത്വ ഭീകരര്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിനോടൊപ്പം പണി കഴിപ്പിക്കപ്പെട്ടതായി കരുതപ്പെടുന്ന സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്, മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളികളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പള്ളികളിലൊന്നാണ്. 1904ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ പരിപാലിക്കപ്പെട്ടു പോരുന്ന പള്ളി കൂടിയാണിത്.
1978 മുതല്‍ സംഘര്‍ഷഭൂമിയായി മാറിയ സംഭല്‍ 2024 നവംബര്‍ 24നുണ്ടായ സംഘര്‍ഷത്തെയും തുടര്‍ന്നുള്ള ദിവസങ്ങളിലുണ്ടായ വെടിവയ്പില്‍ ആറു മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതിനെയും തുടര്‍ന്നാണ് നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് സയ്യിദ് സലാര്‍ മസൂദ് ഗാസിയെ അനുസ്മരിക്കാന്‍ മുസ്‌ലിംകള്‍ കാലങ്ങളായി നടത്തുന്ന നെജ മേള നിരോധിക്കാനുള്ള തീരുമാനം. അവിടെയും അവസാനിക്കുന്നില്ല വാര്‍ത്തകള്‍. ഹോളി ആഘോഷ ദിനത്തില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടുന്നതും ഹോളി ദിവസം വെള്ളിയാഴ്ച ആയിരുന്നിട്ടും മുസ്‌ലിംകള്‍ വീട്ടിനുള്ളില്‍ തന്നെ ഇരുന്നാല്‍ മതിയെന്ന സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധരിയുടെ തിട്ടൂരവും അതിനെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളുമടക്കം വാര്‍ത്തകളുടെ തലക്കെട്ടുകള്‍ കീഴടക്കി.
ഇതെല്ലാം പക്ഷേ, മഞ്ഞു മലയുടെ ചെറിയൊരഗ്രം മാത്രമാണെന്നും കൂടുതല്‍ അപകടകരമായ കളിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും കൂടുതല്‍ വ്യക്തമായി വരുകയാണ്. ഇതു സംബന്ധമായി ദ ക്വിന്റ് നടത്തിയ വസ്തുതാന്വേഷണങ്ങള്‍ അതിന്റെ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ദ ക്വിന്റ് സംഭല്‍ സന്ദര്‍ശിക്കുന്ന സമയത്ത് 2024 നവംബറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 80 പേര്‍ അറസ്റ്റിലായിരുന്നു. തദ്ദേശവാസികളുടെ ജീവിതം എങ്ങനെ മാറിമറിഞ്ഞുവെന്നും നഗരത്തിന്റെ ഭാവി എന്തായിരിക്കുമെന്നുമുള്ള സംഘത്തിന്റെ നിരീക്ഷണഫലം ഇങ്ങനെ: തുടര്‍ച്ചയായ അറസ്റ്റുകളുടെയും ശാഹീ ജാമിഅ് മസ്ജിദിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍, ഹിന്ദുത്വ വാദങ്ങള്‍ ശക്തമായി ഉയരുന്നതായും ആളുകള്‍ നിശ്ശബ്ദരാവുന്നതായും ഉള്ള ഒരു പട്ടണമായി സംഭല്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

ഫെബ്രുവരി 27ന് ദ ക്വിന്റ് ടീം ശാഹീ ജാമിഅ് മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍, പള്ളിയില്‍ വെള്ളപൂശല്‍ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു സംഘം അവിടെ ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും നടക്കുന്ന പതിവുപരിപാടിയാണ് പള്ളി വെള്ള പൂശുക എന്നത്. എന്നാല്‍, ഇത്തവണ അത് അലഹബാദ് ഹൈക്കോടതിയിലുള്ള ഒരു കേസായി പരിണമിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രം.

1927ല്‍ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയും എഎസ്‌ഐയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം, മാര്‍ച്ച് 12ന് അലഹബാദ് ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഒരാഴ്ചയ്ക്കുള്ളില്‍ പള്ളിയുടെ വെള്ളപൂശല്‍ നടത്താന്‍ നിര്‍ദേശിച്ചു.
ഇതുവരെ പള്ളിയുടെ വെള്ളപൂശല്‍ പള്ളി കമ്മിറ്റിയാണ് ചെയ്തുവന്നിരുന്നത്. അവര്‍ എഎസ്‌ഐ ചെലവാക്കിയ തുക തിരിച്ചു നല്‍കാറാണ് പതിവ്. പള്ളിക്ക് വെള്ള പൂശല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജി നല്‍കിയതായി മസ്ജിദ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ സഫര്‍ അലി പറഞ്ഞു.
എന്നാല്‍ പള്ളി പെയിന്റടിക്കുന്നത് അതിനെ വികൃതമാക്കുമെന്നും ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങള്‍ ഇല്ലാതാവുമെന്നും ഹിന്ദു പക്ഷത്തെ വ്യവഹാരികള്‍ കോടതിയില്‍ പറഞ്ഞിരുന്നു. കൂടാതെ കഴിഞ മാസം സംഭല്‍ അക്രമക്കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന 74 പേരുടെ പോസ്റ്ററുകള്‍ പള്ളിയുടെ പിന്‍വശത്തെ ഭിത്തിയില്‍ യുപി പോലിസ് പതിച്ചിരുന്നു. ഇത് സംഭല്‍ മുസ്‌ലിംകളെ വീണ്ടും പ്രകോപിപ്പിച്ചു. പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഫര്‍ അലിയും നോര്‍ത്ത് അഡീഷനല്‍ എഎസ്പി ശ്രീഷ് ചന്ദ്രയും തമ്മില്‍ ചൂടുപിടിച്ച വാഗ്വാദമുണ്ടായി. ചന്ദ്ര സഫര്‍ അലിയോട് പറഞ്ഞത് പള്ളി എഎസ്‌ഐയുടെ സ്വത്താണ്; അല്ലാതെ അവരുടേതല്ല എന്നാണ്.
വൈറ്റ് വാഷിങ് കേസിനെയും പോസ്റ്ററുകളെയും കുറിച്ചുള്ള ചോദ്യത്തിന് സഫ്ദര്‍ അലിയുടെ മറുപടി ഇങ്ങനെയായിരുന്നു:
'നിശ്ശബ്ദതയാണ് ഇപ്പോള്‍ ഞങ്ങളുടെ ആയുധം. മാധ്യമങ്ങളും ജനങ്ങളും തെറ്റിധരിക്കാനിടയുള്ള ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. സമാധാനം നിലനിര്‍ത്താന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇനി ഞങ്ങളുടെ ഉത്തരം നിശ്ശബ്ദതയാണ് '.

സംഭല്‍ മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍ സഫര്‍ അലി
1978ലെ കലാപത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടാനും ഹിന്ദു രോഷം ആളിക്കത്തിക്കാനും ശ്രമിച്ചതു മുതല്‍ പള്ളിയുടെ മേല്‍ വീണ്ടും അവകാശവാദം ഉന്നയിക്കുന്നതുവരെയും സംഭലിനെ കുറിച്ച് മുഖ്യമന്ത്രി ആദിത്യനാഥ് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 'ജോ ഹമാരേ ഹേ, വോ ഹമേ മില്‍നാ ചാഹിയേ'(അത് ഞങ്ങളുടേതാണെങ്കില്‍ അതു ഞങ്ങള്‍ക്ക് കിട്ടണം) എന്ന് പള്ളിയെ കുറിച്ച് യോഗി ആദിത്യനാഥ് പറയുകയുണ്ടായി.
സംഭല്‍ നഗരവും പള്ളിയും വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നത് ഹിന്ദുത്വരുടെ അവകാശവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും സംഭലിന്റെ സാമുദായിക ഐക്യത്തെ അപകടത്തിലാക്കുന്നതുമാണ്.
പള്ളിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തിനപ്പുറം, കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഭലിന്റെ സാമൂഹിക ഘടനയിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
സമാധാന സമിതി കൊണ്ടുവന്ന 'സമാധാനം' എവിടെ? വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഇത് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.
സംഭലില്‍ രണ്ട് സമാധാന സമിതികളുണ്ട് ഒന്ന്, ഹിന്ദുക്കളും മുസ്‌ലിംകളുമായ നാട്ടുകാരും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്നത്. മറ്റൊന്ന്, നാട്ടുകാര്‍ മാത്രമുള്ള പഴയതൊന്ന്.സമാധാന സമിതിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ ഇഹ്തിശാം അഹ്മദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
'ആളുകള്‍ക്കിടയില്‍ ഭയം ഉണ്ടായിരുന്നു. കടകളും മാര്‍ക്കറ്റുകളും അടച്ചിരുന്നു. ഞാന്‍ ഒരു ബിസിനസ്സുകാരനാണ്. ഇവിടത്തെ വ്യാപാര സംഘടനയുടെ ഭാഗവുമാണ്. ആദ്യം ഞാന്‍ ബിസിനസ്സുകാരോട് അഭ്യര്‍ഥിച്ചു. അവര്‍ ഞങ്ങളുടെ വാക്കുകള്‍ കേട്ടു. ക്രമേണ മുഴുവന്‍ മാര്‍ക്കറ്റും വീണ്ടും തുറന്നു'.
'മുമ്പത്തേതിനേക്കാള്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഞങ്ങളുടെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നോ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നോ ഞാന്‍ ഭയപ്പെടുന്നു. എന്നാല്‍, സമാധാനത്തിനായി നിലകൊള്ളേണ്ട സ്ഥലങ്ങളില്‍, അത് നമുക്ക് എത്രമാത്രം ദോഷം ചെയ്യുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നില്ല. നമ്മുടെ നഗരത്തിനും ജനങ്ങള്‍ക്കും വേണ്ടി, ഞങ്ങള്‍ എപ്പോഴും സമാധാനത്തിനായി നിലകൊള്ളും' ഇഹ്തിശാം അഹ്മദ് പറയുന്നു.

ഇഹ്തിശാം അഹ്മദ്
സംഭലിലെ വ്യാപാര സംഘടനയുടെ ചെയര്‍മാന്‍ നരേന്ദ്ര അഗര്‍വാള്‍ തദ്ദേശീയ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഒപ്പം 2024 നവംബര്‍ 24ന് നടന്നതായി പറയുന്ന കല്ലേറിനെ അപലപിക്കുകയും ചെയ്തു. മനസ്‌തോപങ്ങള്‍ മാറ്റിവച്ച് ഇഹ്തിശാം അഹ്മദിനെ നോക്കി അഗര്‍വാള്‍ പറഞ്ഞു:
'ഇന്‍കാ ഔര്‍ ഹമാരാ പ്യാര്‍ കഭീ ഖതം നഹീ ഹോഗാ' (ഇദ്ദേഹത്തിന്റെയും ഞങ്ങളുടെയും സ്‌നേഹം ഒരിക്കലും ഇല്ലാതാവില്ല). എന്നാലും അഗര്‍വാളിന്റെ വീക്ഷണത്തോട് എല്ലാ നാട്ടുകാര്‍ക്കും യോജിപ്പില്ല.

സംഭലിലെ വ്യാപാര സംഘടനയുടെ ചെയര്‍മാന്‍ നരേന്ദ്ര അഗര്‍വാള്‍
മൂന്നു മാസം മുമ്പ് ഇളയ സഹോദരനെ വീട്ടില്‍ നിന്ന് പിടികൂടിയ തദ്ദേശവാസിയായ മുഹമ്മദ് അന്‍വറിന്റെ അഭിപ്രായം വ്യത്യസ്തമാണ്.
'മുമ്പ് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം നല്ല നിലയിലായിരുന്നു. ഒരു കുടുംബം പോലെ ഒരുമിച്ചു ജീവിച്ചു. പരസ്പരം വിവാഹ ചടങ്ങുകളില്‍ പങ്കുകൊണ്ടു. ആളുകള്‍ പരസ്പരം ഒന്നുചേര്‍ന്ന് ഒറ്റക്കെട്ടായിരുന്നു. ഇപ്പോള്‍ വ്യത്യാസങ്ങളുണ്ട്. അവര്‍ക്ക് ഞങ്ങളുടെ മേല്‍ ഒരു കണ്ണുണ്ട്. അതുപോലെ തന്നെ ഞങ്ങള്‍ക്കും'.
ഇതിനിടെ, ഭയം കാരണം ഏകദേശം ആയിരം വീടുകള്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പലരും നഗരം വിട്ട് പലായനം ചെയ്തതായാണ് സൂചന. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ദ ക്വിന്റിന്റെ കണ്ടെത്തല്‍.
'നവംബറില്‍ നിരവധി പേര്‍ വീടുകള്‍ പൂട്ടിയിരുന്നതായും നിരവധി പേര്‍ക്കെതിരേ കേസെടുത്തതായും അറിയുന്നു. ചിലര്‍ സ്ഥലം വിട്ടു പോയിട്ടുണ്ട്. എന്നാല്‍ പോലിസ് പറയുന്ന അത്രയധികം ആളുകള്‍ പോയിട്ടില്ല' അഭിഭാഷകന്‍ ഖമര്‍ ഹുസൈന്‍ പറഞ്ഞു.
ഇതിനു പുറമെ, പള്ളിക്കുമുന്നില്‍ ആശങ്കയുളവാക്കുന്ന ഒരു സംഭവമുണ്ടായി. സത്യവ്രത ചൗക്ക് എന്ന പേരില്‍ പുതിയൊരു പോലിസ് ഔട്ട് പോസ്റ്റ് സ്ഥാനം പിടിച്ചു. ഈ പോലിസ് ഔട്ട് പോസ്റ്റ് തന്നെ ഒരു നിയമലംഘനമാണ്. എഎസ്‌ഐയുടെ കീഴിലുള്ള സംരക്ഷിത മന്ദിരത്തിന്റെ 100 മീറ്ററിനുള്ളില്‍ ഒരു നിര്‍മിതിയും പാടില്ലെന്നത് എഎസ്‌ഐയുടെ മാര്‍ഗനിര്‍ദേശമാണ്. അത് ലംഘിച്ചാണിപ്പോള്‍ പള്ളിക്കു സമീപം ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. അതിന് നിരാക്ഷേപപത്രം (എന്‍ഒസി) ലഭിച്ചതിനെ കുറിച്ചും ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയായതിനെ കുറിച്ചും സംശയകരമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താതെ സ്ഥലത്തെ ഒരു അഭിഭാഷകന്‍ പറഞ്ഞു.

മസ്ജിദിന് സമീപം പോലിസ് ഔട്ട്‌പോസ്റ്റ് നിര്‍മിക്കുന്നു
സംഭലിലെ ഖഗ്ഗു സരായ് പരിസരത്ത് ഒരു പഴയ ക്ഷേത്രം വീണ്ടും തുറന്നതാണ് പുതിയ ചില ഭയവിഹ്വലതകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഖഗ്ഗു സരായിയില്‍ ഇപ്പോള്‍ ഭയവും നിശ്ശബ്ദതയുമാണ് തളംകെട്ടി നില്‍ക്കുന്നത്.
സംഭലിനെയും അവിടത്തെ ജനങ്ങളെയും പിടികൂടിയിരിക്കുന്ന ഭയത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ് പ്രദേശത്തെ നിശ്ശബ്ദത. 'അബ് തോ ബോല്‍നേ മേം ഭീ ഡര്‍ ലഗ്താ ഹേ'(ഇപ്പോള്‍ സംസാരിക്കുന്നതിനു തന്നെ ഭയമാണ്)വ്യവസായികള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഇരകളുടെ കുടുംബങ്ങള്‍ തുടങ്ങി അവിടെ എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു പൊതുവികാരമാണ് ഭയം.
സംഭല്‍ അക്രമത്തിന് ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് കാലഹരണപ്പെട്ടു കിടന്നിരുന്ന ഒരു ക്ഷേത്രം പുനര്‍ജീവിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഖഗ്ഗു സരായ് പ്രദേശത്ത് കാര്‍ത്തികേയ ക്ഷേത്രം എന്ന പേരില്‍ അതു സജീവമായി. 46 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതലയുള്ള വീട്ടുകാര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വൃത്തിയാക്കുന്നതിനായി ക്ഷേത്രം തുറന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. തന്നെയുമല്ല, ക്ഷേത്രം വീണ്ടും തുറന്നതിന്റെ ഭാരം ഇപ്പോള്‍ ഒരു മുസ്‌ലിം കുടുംബമാണ് വഹിക്കുന്നത്.
ക്ഷേത്രത്തോട് ചേര്‍ന്നാണ് മുഹമ്മദ് മതീന്റെയും ഉസ്മ പര്‍വീണിന്റെയും വീട്. ക്ഷേത്രം വീണ്ടും തുറന്ന ശേഷം വീടിനോടു ചേര്‍ന്നുള്ള കമാനാകൃതിയിലുള്ള ഒരു ബാല്‍ക്കണി അധികാരികളുടെ സമ്മര്‍ദ്ദം മൂലം പൊളിച്ചു മാറ്റി. അവരുടെ വീടിന്റെ ഒരു മതില്‍ മുഴുവന്‍ പൊളിക്കാനായി പിന്നീടുള്ള സമ്മര്‍ദ്ദം. മതീനെ അറസ്റ്റ് ചെയ്തു. അവരുടെ വീട് ക്ഷേത്ര പ്രദക്ഷിണത്തിന് തടസ്സമായിവരുന്നു എന്നതാണ് ഇതിനെല്ലാം കാരണം!

ഉസ്മ പര്‍വീണ്‍ വീടിന്റെ രേഖകള്‍ പരിശോധിക്കുന്നു
വീടിന്റെ രേഖകളെല്ലാം അധികാരികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതാണ്. മതീനെ ഐപിസി 151 ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഉടന്‍ ജാമ്യം നല്‍കുമെന്നു പറഞ്ഞെങ്കിലും ഒന്‍പതു ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
സംഘം സംസാരിച്ച പ്രാദേശിക ഹിന്ദുക്കളില്‍ കാര്‍ത്തികേയ ക്ഷേത്രത്തിലെ പൂജാരിയായ ചന്ദ്രപാലും പെടുന്നു. പ്രദേശത്തെ ഒരു മുസ്‌ലിമും അനുചിതമായി പെരുമാറുകയോ തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശത്തെ ഹിന്ദുക്കള്‍ പറയുന്നു.
ഹിന്ദു-മുസ്‌ലിം ജനസംഖ്യശാസ്ത്രവും കുടിയേറ്റവും ഒരു ഘടകമാണ്. 1976ലും 1978ലും സംഭലില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹിന്ദു ജനസംഖ്യയുടെ വലിയൊരു ഭാഗം മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുനിന്ന് മാറിത്താമസിച്ചു. അതുപോലെ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിംകളും മാറിത്താമസിച്ചു എന്ന് പ്രദേശത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സാദ് ഉസ്മാനി പറയുന്നു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സാദ് ഉസ്മാനി
'ഖഗ്ഗു സരായിയില്‍ നിന്നും അതുപോലെ ചില പ്രദേശവാസികള്‍ പലായനം ചെയ്തു. ഹിന്ദുക്കള്‍ കുറവായതിനാല്‍ ക്ഷേത്രം അടച്ചിരുന്നു. ഒരു രസ്‌തോഗി കുടുംബത്തിന്റെ കൈവശമായിരുന്നു താക്കോലുകള്‍. എന്നാല്‍ ക്ഷേത്രം വീണ്ടും തുറന്നത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്. അതിന് സാമുദായിക നിറം നല്‍കാനുള്ള ശ്രമവും നടക്കുന്നുണ്ട് ' ഉസ്മാനി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിലവിലെ സംഭവങ്ങള്‍ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല, ഉപജീവനമാര്‍ഗത്തെ പോലും ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് ഉസ്മാനി സമ്മതിച്ചു.
മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, സംഭലില്‍ സംഘര്‍ഷമുണ്ടായ നവംബര്‍ 24ന് അവര്‍ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ദ ക്വിന്റിനു ലഭിച്ച ദൃശ്യങ്ങള്‍ വ്യത്യസ്തമായ ഒരു ചിത്രമാണ് കാഴ്ച വയ്ക്കുന്നത്.
ഇതുവരെ ആകെ 12 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ആറെണ്ണത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ വസ്തുത അതിലൊന്ന് സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധരിയാണ് ഫയല്‍ ചെയ്തത് എന്നതാണ്. തന്റെ എഫ്‌ഐആറില്‍, ആയുധങ്ങളുമായി 700-800 പേരടങ്ങുന്ന ഒരു സംഘം സ്ഥലത്തെത്തി തങ്ങളെ ആക്രമിച്ച് തോക്കുകള്‍ മോഷ്ടിച്ചുവെന്ന് ചൗധരി ആരോപിച്ചിട്ടുണ്ട്. മറ്റ് എഫ്‌ഐആറുകളിലും സമാന പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും.
'ഇതുവരെ ഫയല്‍ ചെയ്ത മിക്കവാറും എല്ലാ എഫ്‌ഐആറുകളും പരസ്പരം കോപ്പി പേസ്റ്റ് ചെയ്തവയാണ്. ഒരു സംഭവത്തിന് പലതരത്തിലുള്ള ആറ് എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. അതായത് കക്ഷിക്ക് ജാമ്യം കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും' അഭിഭാഷകന്‍ ഖമര്‍ ഹുസൈന്‍ പറഞ്ഞു. ചില പ്രതികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഖമര്‍ ഹുസൈനാണ്.

അഭിഭാഷകന്‍ ഖമര്‍ ഹുസൈന്‍
സംഭലിലെ രാഷ്ട്രീയം കാലത്തിനനുസരിച്ച് പുതിയ രൂപഭാവങ്ങള്‍ കൈക്കൊണ്ടേക്കാം. പക്ഷേ, ഇരകളുടെ കുടുംബങ്ങള്‍ അനിശ്ചിതത്തിലാണ്. അധികാരികളുടെ പ്രതികാര നടപടികള്‍ ഭയന്ന് സംസാരിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നു.
മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് ഹസന്‍, മുഹമ്മദ് ഖൈഫ് എന്നിവരുടെ കുടുംബങ്ങളുമായും ദ ക്വിന്റ് കൂടിക്കാഴ്ച നടത്തി. ഹുസൈനും ഹസനും ജയിലിലാണ്. സംഭല്‍ അക്രമത്തില്‍ വെടിവച്ചു കൊല്ലപ്പെട്ടവരില്‍ ഒരാളാണ് ഖൈഫ്.
ഹുസൈനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മാതാവ് ഷബ്‌ന ബീഗത്തിന്റെ ശബ്ദം ഇടറിയിരുന്നു. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ ഏറ്റവും ഇളയവന്‍ പതിനഞ്ചു വയസ്സുള്ള ഹുസൈനാണെന്ന് അവര്‍ പറഞ്ഞു. പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍ റോഡില്‍ നിന്നാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്.
'അവന്റെ ഫോട്ടോ ഉപയോഗിച്ച് എല്ലായിടത്തും ഞാനവനെ തിരഞ്ഞു. പക്ഷേ, കണ്ടെത്തിയില്ല. പരാതി നല്‍കാന്‍ ഞാന്‍ കോട്‌വാലി സ്‌റ്റേഷനില്‍ പോയി. പരാതി സ്വീകരിക്കില്ലെന്നവര്‍ പറഞ്ഞു. എന്നോട് തിരികെ പോകാനും അവര്‍ നിര്‍ബന്ധിച്ചു. എന്റെ കുട്ടിയെ നഷ്ടപ്പെട്ടുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അവര്‍ അംഗീകരിച്ചില്ല. ഞാന്‍ തിരികെ പോരുമ്പോള്‍ ജയിലില്‍ അവന്‍ കരയുന്നത് ഞാന്‍ കണ്ടു. അവന്റെ തലയ്ക്കും കൈമുട്ടിനും കാലിനും പരിക്കുണ്ടായിരുന്നു. അവന്റെ കരച്ചില്‍ കണ്ട് ഞാനും കരഞ്ഞു'.

ശബ്‌നത്തിന്റെ ഫോണില്‍ ഹുസൈന്റെ ചിത്രം
മൊറാദാബാദില്‍ അവനെ കാണാന്‍ പോയപ്പോള്‍ 1,000 രൂപ കൈക്കൂലി നല്‍കേണ്ടി വന്നതായും ഷബ്‌ന ബീഗം ആരോപിച്ചു. ഇപ്പോള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ 10-12 ദിവസത്തിലൊരിക്കല്‍ മാത്രമേ ജയില്‍ സന്ദര്‍ശിക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.
പത്തൊമ്പതുകാരനായ ഹസന്‍ ചെയ്ത ഒരേയൊരു തെറ്റ്, കുഴപ്പങ്ങള്‍ക്കിടയില്‍ തന്റെ ഇളയ സഹോദരനെ അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ചു എന്നതാണ്. പക്ഷേ, അവന്റെ കൈയില്‍ വെടിയേറ്റു. പോലിസിന്റെ വെടിയാണ് കൊണ്ടതെന്ന് ഹസന്‍ തറപ്പിച്ചു പറയുന്നു. അടച്ചിട്ട വരാന്തയില്‍ ഒരു കസേരയിലിരുന്നു കൊണ്ട് സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഹസന്റെ സഹോദരി അസിയ കൗസര്‍ വല്ലാതെ അസ്വസ്ഥപ്പെടുന്നുണ്ടായിരുന്നു.
പത്തു പേരുടെ പേര് കൂടി വെളിപ്പെടുത്താന്‍ പോലിസില്‍ നിന്ന് ഹസന് സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. മാത്രമല്ല, പോലിസിന്റെ ഭാഗത്തു നിന്ന് വര്‍ഗീയ അധിക്ഷേപം ഉണ്ടായെന്നും ഹസന്‍ പറയുന്നു. ആശുപത്രിയില്‍ ഹസനെ കിടക്കയില്‍ ചങ്ങലയിട്ട് ബന്ധിച്ചിരിക്കുകയയായിരുന്നുവെന്ന് അസിയ കൗസര്‍ വെളിപ്പെടുത്തി.
'എട്ടൊമ്പതു ദിവസം അവനെ ആശുപത്രിയില്‍ കെട്ടിയിട്ടു. ശുചിമുറിയില്‍ പോകേണ്ടി വന്നപ്പോളൊഴികെ അവര്‍ ചങ്ങല അഴിച്ചില്ല. രണ്ട് പോലിസുകാര്‍ സദാ അവനോടൊപ്പം ഉണ്ടായിരുന്നു. ചങ്ങലയിട്ടതിനാല്‍ അവന്റെ ശരീരത്തില്‍ മുറിവുണ്ടായി. അതിനാല്‍ അത് അഴിക്കണമെന്ന് അവരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അവരത് നിരസിച്ചു. ഇതെല്ലാം അഭിനയമാണെന്നും അവനൊരു കുഴപ്പവുമില്ലെന്നും ചങ്ങല അഴിച്ചാല്‍ അവന്‍ ഓടിപ്പോവുമെന്നും അവര്‍ പറഞ്ഞു' വിതുമ്പലോടെ അസിയ കൗസര്‍ വിശദീകരിക്കുന്നു.

ഹസന്റെ സഹോദരി അസീയ ഹസന്റെ ചിത്രം കാണിക്കുന്നു
ഒരു ഇടുങ്ങിയ വഴിയില്‍ രാത്രിയിലാണ് സംഘം ഖൈഫിന്റെ കുടുംബത്തെ കണ്ടത്. സംഭലിലെ ചന്ദൗസിയിലെ 17 വയസ്സുള്ള ഒരു കളിപ്പാട്ട വില്‍പ്പനക്കാരനായിരുന്നു ഖൈഫ്. മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുമ്പോള്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. പോലിസ് വെടിവയ്പില്‍ ഖൈഫ് കൊല്ലപ്പെട്ടിരുന്നു.
'പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എല്ലാ ദിവസവും ഞാന്‍ അതെല്ലാം ഓര്‍ക്കുന്നു. എന്റെ ഹൃദയം വേദനിക്കുന്നു' കൈഫിന്റെ പിതാവ് പറഞ്ഞു. അദ്ദേഹമിതു പറയുമ്പോള്‍ ആ ഹൃദയം തകരുന്നതുപോലെ സംഘത്തിനു തോന്നി.

മുഹമ്മദ് ഖൈഫ്
സംഭല്‍ പട്ടണത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂപ്രകൃതിയുമായി നാട്ടുകാര്‍ ഇപ്പോഴും മല്ലിടുമ്പോള്‍ സംഭല്‍ എങ്ങനെ മറ്റൊരു അയോധ്യയായി മാറുമെന്ന ഭയം വ്യാപകമായുണ്ട്.
സാമുദായിക ഐക്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും സമാധാന സമിതികളുമായി പതിവായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ലോക്കല്‍ പോലിസ് ഉദ്യോഗസ്ഥന്‍ ദ ക്വിന്റിനോട് പറഞ്ഞു.
കൃത്യവും ആസൂത്രിതവുമായ രാഷ്ട്രീയ അജണ്ടയും അതിനനുസൃതമായ തിരക്കഥയും സംഭലിനു പിന്നിലുണ്ട്. ഉത്തര്‍പ്രദേശിനെ മാത്രമല്ല, ഇന്ത്യയെ തന്നെ ഭീതിദ ദിനരാത്രങ്ങളിലേക്ക് ആനയിക്കുകയാണ് ബാബരി മസ്ജിദ് പ്രശ്‌നത്തെ മാതൃകയാക്കി സംഭല്‍ എന്നത് രാജ്യസ്‌നേഹികളുടെ അതിയായ ഉല്‍ക്കണ്ഠയാണ്.
RELATED STORIES
ഈഡന് ഗാര്‍ഡനില്‍ മഴ ഭീഷണി; ഐപിഎല്‍ ഉദ്ഘാടന മല്‍സരം മുടങ്ങിയേക്കും
22 March 2025 6:27 AM GMTഐപിഎല്‍ കാര്‍ണിവല്‍ ഇന്ന് മുതല്‍; ആദ്യ അങ്കം കൊല്‍ക്കത്താ നൈറ്റ്...
22 March 2025 5:19 AM GMTലേലത്തില്‍ വാങ്ങാന്‍ ആളില്ല; ഒടുവില്‍ ഭാഗ്യം എത്തിയത് മൊഹ്സിന്‍...
21 March 2025 7:19 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍...
20 March 2025 7:00 AM GMTഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ്; ഇന്ത്യക്ക് കിരീടം; വിന്‍ഡീസിനെതിരേ ...
16 March 2025 5:53 PM GMTആര്‍ക്കും വേണ്ട; ദി ഹണ്ട്രഡ് താര ലേലത്തില്‍ പാകിസ്താന് ടീമില്‍ നിന്ന് ...
14 March 2025 4:25 PM GMT