Big stories

കര്‍ണാടകയില്‍ എംഎല്‍എമാരുടെ കൂട്ടരാജി; സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു. ഇതില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറുടെ ഓഫിസിലേക്ക് തിരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ എംഎല്‍എമാരുടെ കൂട്ടരാജി; സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍
X

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഏത് നിമിഷവും നിലംപതിക്കാന്‍ സാധ്യത. ബിജെപിയുടെ ചാക്കിട്ട് പിടിത്തത്തെ തുടര്‍ന്ന് കര്‍ണാടകയിലെ 11 ഭരണപക്ഷ എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചു. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു. ഇതില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറുടെ ഓഫിസിലേക്ക് തിരിച്ചിട്ടുണ്ട്.

മകളെ കൂട്ടിക്കൊണ്ടുവരേണ്ടതിനാല്‍ താന്‍ വീട്ടിലേക്ക് പോയതാണെന്നും 11 എംഎല്‍എമാരുടെയും രാജിക്കത്ത് സ്വീകരിക്കാന്‍ ഓഫിസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നാളെ ഓഫിസ് അവധിയാണ്. തിങ്കളാഴ്ച്ച എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കന്‍ പര്യടനത്തിലാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലായ വിവരമറിഞ്ഞ് അദ്ദേഹം നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നാളെ കര്‍ണാടകയില്‍ തിരിച്ചെത്തുമെന്നാണു കരുതുന്നത്.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച് വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവെയ്ക്കുകയാണെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുകയും ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന രാജിവയ്ക്കുകയും ചെയ്ത രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആനന്ദ് സിങ് എന്ന എംഎല്‍എയും നേരത്തെ രാജിവച്ചിരുന്നു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. രാജിക്കൊരുങ്ങിയ എംഎല്‍എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തി. ആരും രാജിവയ്ക്കില്ലെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവുമെന്നും യോഗത്തിനു മുമ്പ് ശിവകുമാര്‍ പറഞ്ഞു. സ്പീക്കറുടെ ഓഫിസില്‍ നിന്ന് മൂന്ന് എംഎല്‍എമാര്‍ ശിവകുമാറിനൊപ്പം പോയെങ്കിലും പി്ന്നീട് ഗവര്‍ണറുടെ ഓഫിസില്‍ എത്തിയവരുടെ കൂട്ടത്തില്‍ അവരും ഉണ്ടായിരുന്നു.

സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. വേണുഗോപാല്‍ വൈകീട്ട് അഞ്ച് മണിയോടെ കര്‍ണാടകയിലെത്തും.

സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് ഇപ്പോള്‍ രാജിസമര്‍പ്പിച്ചിരിക്കുന്നത്. രാജിവച്ച് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് പകരം മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദതന്ത്രമാണെന്നും സൂചനകളുണ്ട്.

കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 224 അംഗ സഭയില്‍ 116 എംഎല്‍എമാരാണുള്ളത്. 113 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. 14 എംഎല്‍എമാര്‍ രാജിവച്ചാല്‍ സഖ്യസര്‍ക്കാര്‍ തകരും.

Next Story

RELATED STORIES

Share it