Big stories

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
X

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ മല്‍സരിക്കും. സംയുക്തസ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ എന്‍സിപി തലവന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ഥിയായി സിന്‍ഹയെ ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായിരിക്കും സിന്‍ഹയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് സിന്‍ഹ നേരത്തെ അറിയിച്ചിരുന്നു.

സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചാണ് സിന്‍ഹ സ്ഥാനാര്‍ഥിയാവുന്നത്. വിശാല പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമായെന്ന് സിന്‍ഹ പറഞ്ഞു. പൊതുസ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ പരിഹാരമായി. മുമ്പ് സ്ഥാനാര്‍ഥിയാവാന്‍ പേര് നിര്‍ദേശിക്കപ്പെട്ട മൂന്നുപേരും മല്‍സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു.

എന്‍സിപി തലവന്‍ ശരദ് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുല്ല, മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരാണ് മല്‍സരിക്കാനില്ലെന്ന നിലപാട് അറിയിച്ചത്. ഇന്ന് രാവിലെയാണ് സ്ഥാനാര്‍ഥിയാകാന്‍ സന്നദ്ധത അറിയിച്ച് യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. വാജ്‌പേയ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് ബിജെപിയുടെ കടുത്ത വിമര്‍ശകനായി മാറി. ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ സിന്‍ഹയെ സ്ഥാനാര്‍ഥിയാക്കാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഇവര്‍ രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തൃണമൂലില്‍നിന്ന് രാജിവച്ച് മല്‍സരിക്കണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കുകയായിരുന്നു കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ബിജെപിയും യോഗം ചേരുന്നുണ്ട്. ഈ മാസം 29 ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണല്‍ ജൂലൈ 21നും നടക്കും.

Next Story

RELATED STORIES

Share it