Movies

'അന്നപൂരണി'; ഒരു സിനിമ അപനിര്‍മിക്കപ്പെടുന്ന വിധം

എന്‍ എം സിദ്ദീഖ്

അന്നപൂരണി; ഒരു സിനിമ അപനിര്‍മിക്കപ്പെടുന്ന വിധം
X
ഭക്ഷണത്തിന്റെയടക്കം ദൈനംദിന വ്യവഹാരങ്ങളുടെ രാഷ്ട്രീയം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കലുഷിതമാവുന്ന സത്യാനന്തര കാലത്ത് 'അന്നപൂരണി' എന്ന പാവം സിനിമ പ്രശ്‌നവല്‍കൃതമാവുന്ന തലം സവിശേഷമാണ്. ഒരു സിനിമയുടെ സൗന്ദര്യശാസ്ത്രമെന്നത് അത് നിഷ്പ്പന്നമാക്കുന്ന സാമൂഹിക ബോധ്യത്തിന്റെയും രാഷ്ട്രീയ കൃത്യതയുടെയും അതുല്‍പ്പാദിപ്പിക്കുന്ന ഫലപ്രാപ്തിയുടെയും ആകമാന തലങ്ങളാണ്. തെന്നിന്ത്യന്‍ മെഗാ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമയില്‍ പല അടരുകളില്‍ മത-സാംസ്‌കാരിക കൊള്ളക്കൊടുക്കകള്‍ ഭക്ഷണ രൂപത്തില്‍ മെറ്റഫറാവുകയാണ്.

നയന്‍താര 'ജയ് ശ്രീറാം' എന്ന മേല്‍ക്കുറിപ്പോടെ, ബ്രാഹ്മണിക്കല്‍ വൈകാരികതയെ മുറിപ്പെടുത്തിയതിന് മാപ്പിരന്നു, നിരുപാധികം. 'നെറ്റ്ഫഌക്‌സ്' പടം പിന്‍വലിച്ചു. ഒരു ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടി എംബിഎ പഠനമെന്ന വ്യാജേന വീട്ടുകാരെ കബളിപ്പിച്ച് ഷെഫാകാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുന്ന ഇതിവൃത്തം സാധാരണ ഗതിയില്‍ അത്ര പ്രക്ഷുബ്ധമാവേണ്ടതില്ല. അവളെ പ്രണയിക്കുന്നയാള്‍ മുസ്‌ലിമാവുന്നതും അവള്‍ ഹിജാബ് ധരിച്ച് ബിരിയാണിയുണ്ടാക്കുന്നതും നമസ്‌കരിക്കുന്നതുമെത്തുമ്പോള്‍ സംഗതി കുഴപ്പമാണ്.

റെയില്‍വേയില്‍ കിട്ടിയ ജോലി ഉപേക്ഷിച്ച് ദേവപൂജ സേവനമായി ചെയ്യുന്ന ഒരു ബ്രാഹ്മണനാണ് അന്നപൂരണി എന്ന കഥാപാത്രത്തിന്റെ പിതാവ്. അന്നപൂരണി എന്നാല്‍ രുചിദേവത എന്നാണര്‍ഥം. കണ്ണുകെട്ടി ഭക്ഷണ പദാര്‍ഥങ്ങള്‍ രുചിച്ചു നോക്കി വിലയിരുത്താന്‍ കൊച്ചുന്നാളിലേ അവള്‍ക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു. അതുകൊണ്ട് ഒരു നല്ല ഷെഫാവാനായിരുന്നു അവള്‍ക്ക് ഇഷ്ടം. മാംസം രുചിച്ചു നോക്കാതെ മാംസാഹാരങ്ങള്‍ പാചകം ചെയ്യാനാവില്ലെന്ന തിരിച്ചറിവിലേക്ക് വൈമനസ്യത്തോടെയാണെങ്കിലും എത്തിച്ചേരുകയാണ് അന്ന പൂരണി. സമ്പൂര്‍ണ സസ്യാഹാരിയും ആചാരനിഷ്ഠനുമായ തന്റെ മകള്‍ ഹോട്ടല്‍ മാനേജ്‌മെന്റിനു പഠിക്കുന്ന കോളജിന്റെ പ്രാക്റ്റിക്കല്‍ ഹാളില്‍ ചിക്കന്‍ കഴിക്കുന്നത് യാദൃച്ഛികമായി കാണേണ്ടി വന്ന പിതാവിന്റെ മനസ്‌തോഭങ്ങള്‍ സ്വാഭാവികമാണ്. അപ്പോഴും തന്റെ വിശ്വാസവും ശീലവും എന്നതിലുപരി മാംസാഹാരികളെ പ്രതിസ്ഥാനത്ത് നിര്‍ത്താനോ മ്ലേച്ഛാഹാരികളെന്ന് മുദ്രകുത്താനോ അയാള്‍ ശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ മാംസാഹാരപ്രിയര്‍ക്ക് യാതൊരു ബ്രാഹ്മണ വിരോധവും കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്നുമില്ല. രാമായണ ശ്ലോകങ്ങള്‍ ഉദ്ധരിച്ച് അക്കാലത്ത് മാംസം ആഹരിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തും സഹപാഠിയുമായ ഫര്‍ഹാന്‍ ഒരു 'ജിഹാദി'യുമല്ല. ചുരുക്കത്തില്‍ അന്യമത വിദ്വേഷമോ ഭക്ഷണത്തിന്റെ പേരിലെ കലഹങ്ങളോ ഉദ്ദീപിപ്പിക്കുകയെന്ന ഉദ്ദേശ്യമേ ഈ സിനിമയ്ക്കില്ല എന്നു സാരം.

കഥയുടെ പരിസമാപ്തിക്ക് നാടകീയതയും ഉദ്വേഗവും നല്‍കാനാണ് ബെസ്റ്റ് ഷെഫ് മല്‍സരത്തിന്റെ അവസാന ഇനമായി സംവിധായകന്‍ ബിരിയാണി തിരഞ്ഞെടുക്കുന്നത്. ആസൂത്രിതമായ ഒരപകടത്തില്‍ രുചിമുകുളങ്ങളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട അന്നപൂരണി പാചക വിദഗ്ധയാണെങ്കിലും ബിരിയാണി ഉണ്ടാക്കുന്നതില്‍ ഫര്‍ഹാന്റെ ഉമ്മയോളം നിപുണയല്ല. രുചികരമായ ബിരിയാണി ഉണ്ടാക്കുന്ന ഉമ്മ പക്ഷേ, സമ്പൂര്‍ണ സസ്യാഹാരിയുമാണ്. രുചിച്ചു നോക്കാതെയുള്ള ബിരിയാണി രഹസ്യം ആരായുന്ന അന്നപൂരണിയോട് ബിരിയാണി പാചകം ചെയ്യുന്നതിനു മുമ്പുള്ള പ്രാര്‍ഥനയും അല്ലാഹുവിന്റെ അനുഗ്രഹവുമാണ് രുചി മേന്മയ്ക്ക് കാരണമെന്ന് ഉമ്മ പറയുന്നു. അവസാന റൗണ്ട് മല്‍സരം ബിരിയാണി എന്നറിഞ്ഞ് പകച്ചുനില്‍ക്കുന്ന അന്നപൂരണി ആ ഉമ്മയെ അനുകരിച്ച് പ്രാര്‍ഥിക്കുന്നതാവാം തല്‍പ്പരകക്ഷികളുടെ പ്രകോപനത്തിന് മറ്റൊരു കാരണം.

ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു സന്ദേശം സ്ത്രീശാക്തീകരണത്തിന്റേതാണ്. അന്നപൂരണിയുടെ മുത്തശ്ശിയിലൂടെയും അന്നപൂരണിയിലൂടെയുമാണ് തിരക്കഥാകൃത്തും സംവിധായകനുമായ നീലേഷ് കൃഷ്ണ സ്ത്രീശാക്തീകരണ സന്ദേശത്തെ ദൃശ്യവല്‍ക്കരിക്കുന്നത്. ഒരു ഡ്രാമാ ഫിലിം എന്നു വിശേഷിപ്പിക്കാവുന്ന സിനിമ നാടകീയ മുഹൂര്‍ത്തങ്ങളെ അമിതമായി ആശ്രയിച്ചിട്ടുണ്ട്. വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ സ്വന്തം സങ്കടങ്ങള്‍ എന്തെന്നും അതിനു കാരണക്കാര്‍ ആരെന്നു പോലും തനിക്കറിയാമായിരുന്നില്ലെന്ന് അല്ലെങ്കില്‍ പറയാന്‍ അനുവാദം ഇല്ലായിരുന്നുവെന്ന് പ്രസ്താവിക്കുന്ന മുത്തശ്ശി സന്ദിഗ്ധ സന്ദര്‍ഭത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ പേരക്കുട്ടിയെ നിര്‍ബന്ധപൂര്‍വം പ്രേരിപ്പിക്കുന്ന രംഗവും സിനിമയിലുണ്ട്. അന്താരാഷ്ട്ര പ്രശസ്തയായ ഷെഫായിത്തീര്‍ന്ന അന്നപൂരണി സ്ത്രീകള്‍ക്കു വേണ്ടി കാറ്ററിങ് പരിശീലന സ്ഥാപനം നടത്തുന്നത് സ്ത്രീശാക്തീകരണ പ്രയോഗത്തിന്റെ ചെറിയതെങ്കിലുമായ ഒരു തലത്തെ പ്രകാശിപ്പിക്കുന്നു. ഷെഫ് എന്നത് പുരുഷ ലോകത്തിന്റെ കുത്തകയായി കരുതപ്പെടുന്ന സാമൂഹിക പരിരസരത്താണ് ഒരു സ്ത്രീയെ പ്രതിഷ്ഠിച്ച് സിനിമ മുന്നേറുന്നത്.

'ലൗ ജിഹാദി'ന്റെ ഇനിയും കെട്ടടങ്ങാത്ത വിവാദാരവങ്ങള്‍ക്കിടയിലാണ് നയന്‍താര എന്ന മെഗാസ്റ്റാര്‍ നായിക ഇങ്ങനെ ചിക്കനുണ്ടാക്കുന്നത്. അത്തരമൊരു പ്രക്ഷേപം ഹിന്ദു ബ്രാഹ്മണിക്കല്‍ ജാഗരണകാലത്ത് ഒരു ചീത്ത മാതൃകയാണെന്ന് പ്രേക്ഷകരിലൊരു വിഭാഗം തെര്യപ്പെടുന്നതോടെ 'അന്നപൂരണി' മതവികാരങ്ങളെ കടന്നാക്രമിക്കുന്ന ചിത്രണമാവുന്നു. അല്ലെങ്കില്‍ത്തന്നെ വൈവിധ്യങ്ങളെ പരമാവധി നിരാകരിക്കുന്ന ജനാധിപത്യ തലം ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കല്‍ മേല്‍ക്കോയ്മയെ അലോസരപ്പെടുത്തുമെന്ന് ആര്‍ക്കാണറിയാത്തത്?

എം ടിയുടെ വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്ത് തുപ്പുന്നതു പോലുള്ള സാഹിത്യസിനിമാ രൂപകങ്ങള്‍ക്ക് ഇനിമേല്‍ കലാദൃശ്യ സാക്ഷാത്കാരങ്ങളില്‍ സ്ഥാനമില്ലെന്ന് തന്നെയാണ് 'അന്നപൂരണി'ക്കെതിരായ നീക്കങ്ങള്‍ നമ്മോട് പറയുന്നത്.

Next Story

RELATED STORIES

Share it