Movies

ട്രംപിനെതിരേ പൊരുതിയ മിസ് മാര്‍വല്‍

കമലാഖാന്‍ എന്ന പാകിസ്താന്‍ കുടിയേറ്റ സൂപര്‍ ഹീറോ വംശീയതയ്ക്കും ഇസ്‌ലാമോഫോബിയക്കുമെതിരേ പൊരുതുന്നവരുടെ മുന്നണിപോരാളിയായി

ട്രംപിനെതിരേ പൊരുതിയ മിസ് മാര്‍വല്‍
X

യാസിര്‍ അമീന്‍

സൂപര്‍ ഹീറോ സീരീസുകള്‍ പൊതുവെ കനമുള്ള രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കാറില്ല. എന്നാല്‍ ആ പതിവ് തെറ്റിക്കുന്ന ഒരു സീരീസിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. ഇസ്‌ലാമോ ഫോബിയ, കുടിയേറ്റവിരുദ്ധത തുടങ്ങിയ പ്രശ്‌നങ്ങളുടെ രാഷ്ട്രീയം സൂഷ്മവും കൃത്യവുമായി സംസാരിക്കുന്ന സീരിസാണ് ജൂണ്‍ മാസം ഡിസ്‌നി പ്ലസ് ഹോട്ട്്സ്റ്റാറില്‍ സ്ട്രീം ചെയ്ത മിസ് മാര്‍വല്‍.

അതത് കാലത്തെ രാഷ്ട്രീയത്തില്‍ കൃത്യമായി ഇടപെട്ടിട്ടുള്ള പ്രസാധകരാണ് മാര്‍വല്‍ കോമിക്‌സ്. സെക്‌സിസം, വംശീയത, ഭരണകൂട അഴിമതി, വിവേചനം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരേ മാര്‍വല്‍ കഥാപാത്രങ്ങള്‍ നിരന്തരം പൊരുതാറുണ്ട്. ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് മിസ് മാര്‍വല്‍. കേവലം ഒരു സൂപര്‍ഹീറോ സീരീസ് എന്നതിലുപരി ഒരുപാട് രാഷ്ട്രീയപ്രാധാന്യമുള്ള ഷോ ആണ് മിസ് മാര്‍വല്‍.

2013ലാണ് മിസ് മാര്‍വല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ജി വില്ലോ വില്‍സണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരിയാണ് കമലാഖാന്‍ എന്ന മിസ് മാര്‍വലിന്റെ സൃഷ്ടാവ്. 2015ല്‍ നാഷണല്‍ പബ്ലിക് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മിസ് മാര്‍വലിനെ കുറിച്ച് വില്ലോവില്‍സന്‍ പറഞ്ഞത്, ആ പാത്രസൃഷ്ടിയുടെ രാഷ്ട്രീയപ്രാധാന്യത്തെ കുറിക്കുന്നതാണ്.


'അറബ്, പാകിസ്ഥാനി, സൗത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ തുടങ്ങി കുടിയേറ്റ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന, രണ്ട് ഐഡന്റിറ്റികളില്‍ വളര്‍ന്ന എന്റെ സുഹൃത്തുകളോടും സഹപ്രവര്‍ത്തകരോടും ഞാന്‍ ഒരുപാട് സംസാരിച്ചതിന്റെ ബാക്കിപത്രമാണ് മിസ് മാര്‍വല്‍' എന്നാണ് വില്ലോ വില്‍സന്‍ കമലാഖാന്‍ എന്ന പാത്രസൃഷ്ടിയെ കുറിച്ച് പറഞ്ഞത്.

പ്രസിദ്ധീകരണം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മിസ് മാര്‍വല്‍ ഒരു രാഷ്ട്രീയ ചിഹ്നമായി മാറി. 2015ല്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ തെരുവുകളിലോടുന്ന സിറ്റി ബസില്‍ പ്രദര്‍ശിപ്പിച്ച വംശീയ പരസ്യത്തിനെതിരേയായിരുന്നു അത്. ബസ്സില്‍ പ്രദര്‍ശിപ്പിച്ച വംശീയപരസ്യത്തിനെതിരേ സാന്‍ ഫ്രാന്‍സിസ്‌കോ സ്ട്രീറ്റ് ആര്‍ട്ട് ആക്ടിവിസ്റ്റ് ഗ്രൂപ്പ് കമലാഖാനെ സമരചിഹ്നമായി ഉപയോഗിച്ച് പൊരുതി. വംശീയപരസ്യങ്ങള്‍ക്ക് മുകളില്‍ ആക്ടിവിസ്റ്റുകള്‍ എഴുതിയ സ്്‌നേഹത്തിന്റെയും ഐക്യത്തിന്റെ സന്ദേശങ്ങള്‍ക്കരികില്‍ മിസ് മാര്‍വല്‍ എന്ന മുസ്‌ലിം സൂപര്‍ ഹീറോയും സ്ഥാനം പിടിച്ചു. കമലാഖാന്‍ എന്ന പാകിസ്താന്‍ കുടിയേറ്റ സൂപര്‍ ഹീറോ വംശീയതയ്ക്കും ഇസ്‌ലാമോഫോബിയക്കുമെതിരേ പൊരുതുന്നവരുടെ മുന്നണിപോരാളിയായി. പിന്നീട് മിസ് മാര്‍വല്‍ അവതരിച്ചത് അമേരിക്കന്‍ പ്രസിഡന്റായിരുന്നു ഡൊനള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേയായിരുന്നു. മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധമാണ് അന്ന് അമേരിക്കയില്‍ അരങ്ങേറിയത്. ഈ പ്രതിഷേധങ്ങളുടെ മുന്നില്‍ പ്ലക്കാര്‍ഡുകളായും ബാനറുകളായും അവളുണ്ടായിരുന്നു, കമലാഖാന്‍ എന്ന മിസ് മാര്‍വല്‍. നിരവധി പേര്‍ മിസ് മാര്‍വലിന്റെ ഐക്കണിക്ക് ഡ്രസ് ധരിച്ച് പ്രതിഷേധങ്ങളില്‍ അണിനിരന്നു. മിസ്മാര്‍വലിന്റെ ഡ്രസ് ധരിച്ചുകൊണ്ട് ട്രംപിന്റെ ഫോട്ടോ വലിച്ചുകീറുന്ന ചെറിയ കുട്ടിയുടെ ഫോട്ടോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇങ്ങനെ അമേരിക്കയുടെ മുസ്‌ലിംകുടിയേറ്റ രാഷ്ട്രീയത്തില്‍ പ്രധാന പങ്കുവഹിച്ച സൂപര്‍ ഹീറോയാണ് മിസ് മാര്‍വല്‍. ഈ സൂപര്‍ ഹീറോയുടെ കഥയാണ് ഇപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്്സ്റ്റാര്‍ പുറത്തിറക്കിയിരിക്കുന്നത്. 2022 ജൂണ്‍ 22ന് റിലീസ് ചെയ്ത സീരീസിന്റെ ഒന്നാം സീസണില്‍ 6 എപ്പിസോഡുകളാണ് ഉള്ളത്. കുടിയേറ്റവിരുദ്ധ രാഷ്ട്രീയവും ഇസ്‌ലാമോ ഫോബിയയും സീരിസും ചര്‍ച്ചയ്ക്ക് വയ്ക്കുന്നുണ്ട്. രണ്ടാം എപ്പിസോഡില്‍ നാഖിയ ബാദിര്‍ എന്ന കഥാപാത്രം കുടിയേറ്റ രാഷ്ട്രീയത്തെകുറിച്ചും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെകുറിച്ചും സംസാരിക്കുന്നുണ്ട്. കുടിയേറ്റ മാതാപിതാക്കളുടെ മക്കളായി അമേരിക്കപോലുള്ള നാടുകളില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ അനുഭവിക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചാണ് അവള്‍ പറയുന്നത്. ഒരേസമയം അകത്ത് നിന്നും പുറത്ത് നിന്നും അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ ആഴം ഒന്നോ രണ്ടോ വാചകങ്ങളില്‍ അവള്‍ കൃത്യമായി പറയുന്നുണ്ട്.

ബ്രിട്ടീഷ് പാകിസ്താന്‍ എഴുത്തുകാരിയായ ബിഷ കെ അലി ആണ് സീരിസിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കുടിയേറ്റ മുസ്‌ലിംങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സീരിസ് കൂടുതല്‍ ആഴത്തില്‍ തന്നെ പറഞ്ഞുവെക്കുന്നുണ്ട്. മിരാ മോനോന്‍ എന്ന അമേരിക്കന്‍ മലയാളിയാണ് രണ്ടാമത്തെ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നതെന്നതും ഈ സീരീസിന്റെ പ്രത്യേകതയാണ്. ഇന്ത്യാ പാക് വിഭജനവും സീരിസ് ചര്‍ച്ച ചെയ്യുന്നുണ്ട്. വിഭജനത്തിന്റെ കണ്ണീരും വേദനയും അനുഭവിച്ച കുടുംബത്തിലെ കണ്ണിയാണ് കമലാഖാന്‍. അവള്‍ക്ക് ലഭിച്ച സൂപര്‍ പവറിന് പിന്നിലും വിഭജനവുമായി ബന്ധപ്പെട്ട എന്തോ കാര്യം ഒളിഞ്ഞിരിപ്പുണ്ട്. മികച്ച ദൃശ്യാനുഭവം തന്നെയാണ് മിസ് മാര്‍വല്‍. തീര്‍ച്ചയായും കണേണ്ട സീരീസ്.

Next Story

RELATED STORIES

Share it