Religion

ഏറ്റവും വലുപ്പമുള്ള വിശുദ്ധ ഖുര്‍ആന്‍ കൈയെഴുത്തു പ്രതിയുമായി മലയാളി

സൗദി ആറേബ്യയിലെ മക്കയില്‍ നിന്നും പുറത്തിറങ്ങുന്ന 'ഉസ്മാനിയ്യ മുസ്ഹഫ്' എന്ന ഏറ്റവും പ്രചാരത്തിലുള്ള ഖുര്‍ആന്‍പ്രതിയുടെ പകര്‍പ്പാണ് സ്വന്തം കൈപ്പടയില്‍ മമ്മദ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഏറ്റവും വലുപ്പമുള്ള വിശുദ്ധ ഖുര്‍ആന്‍ കൈയെഴുത്തു പ്രതിയുമായി മലയാളി
X

നഹാസ് എം നിസ്താര്‍

ഖുര്‍ആന്റെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി തയ്യാറാക്കി ശ്രദ്ധേയനായിരിക്കുകയാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശി മമ്മദ്. ആറു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് തന്റെ മനസ്സിലെ ആ വലിയ ആഗ്രഹം മമ്മദ് പൂര്‍ത്തീകരിച്ചത്. മമ്മദിന്റെ വീട്ടിലെത്തുന്നവര്‍ക്കെല്ലാം കൗതുകമാവുകയാണ് ഖുര്‍ആന്റെ ഈ വലിയ കൈയെഴുത്തുപ്രതി.

സൗദി ആറേബ്യയിലെ മക്കയില്‍ നിന്നും പുറത്തിറങ്ങുന്ന 'ഉസ്മാനിയ്യ മുസ്ഹഫ്' എന്ന ഏറ്റവും പ്രചാരത്തിലുള്ള ഖുര്‍ആന്‍പ്രതിയുടെ പകര്‍പ്പാണ് സ്വന്തം കൈപ്പടയില്‍ മമ്മദ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. വലുപ്പം കൊണ്ടുതന്നെയാണ് ഇതു വ്യത്യസ്തമാവുന്നത്. കട്ടിയുള്ള വലിയ ചാര്‍ട്ട് പേപ്പറിലാണ് സ്വന്തം കൈപ്പടയില്‍ മമ്മദ് ഇതു തയ്യാറാക്കിയിരിക്കുന്നത്. 94സെമീ നീളവും 61സെമീ വീതിയും വരും ഒരു പേജിന്. ഇങ്ങനെ ഖുര്‍ആനിലെ 114 അധ്യായങ്ങള്‍ 604 പേജുകളിലായുള്ള മുസ്ഹഫിന് 35കിലോ ഭാരമുണ്ട്. ഓരോ പേജിലും 15 വരികള്‍. കണ്ടാല്‍ അച്ചടിച്ച പോലെ തോന്നുമെങ്കിലും 'കാലിഗ്രാഫ്' പേന ഉപയോഗിച്ച് വൃത്തിയായാണ് ഇത് എഴുതിയിട്ടുള്ളത്.


ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്ന മമ്മദ് 2009 ഡിസംബറില്‍ ജോലിയില്‍ നിന്നു വിരമിച്ചശേഷമാണ് ഖുര്‍ആന്‍പ്രതി തയ്യാറാക്കാന്‍ തുടങ്ങിയത്. ആറു വര്‍ഷത്തോളമെടുത്താണ് ഇദ്ദേഹം ഇത് എഴുതിത്തീര്‍ത്തത്. കുടുംബത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ലഭിച്ച പൂര്‍ണ പിന്തുണയാണ് ഇങ്ങനെയൊരു ഉദ്യമം ചെയ്തുതീര്‍ക്കാന്‍ സഹായിച്ചതെന്ന് അറുപത്തെട്ടുകാരനായ മമ്മദ് പറയുന്നത്.

ഇദ്ദേഹത്തിന്റെ വീട്ടില്‍ പ്രത്യേക മുറിയിലാണിപ്പോള്‍ ഈ ഖുര്‍ആന്‍ പ്രതി സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്കെല്ലാം കൗതുകമാണിപ്പോള്‍ ഈ ഖുര്‍ആന്‍ പതിപ്പ്. നല്ല വൃത്തിയായ രീതിയിലാണ് ഇതിന്റെ ബൈന്റിങ് നടത്തിയിട്ടുള്ളത്. ഇപ്പോള്‍ സൂക്ഷ്മപരിശോധന നടത്തിക്കഴിഞ്ഞിട്ടുണ്ട്. മക്കയില്‍ ഹറം പള്ളിയിലേക്കിതു നല്‍കാനാണ് ആഗ്രഹമെന്നും മമ്മദ് പറഞ്ഞു.

'ഉസ്മാന്‍ മുസ്ഹഫ്' എന്ന ഖുര്‍ആന്‍ കൈയെഴുത്തുപ്രതിയുടെ ഏറ്റവും വലിയ പതിപ്പാവും ഇതെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ആ ലോക റെക്കോഡും ഇനി മലപ്പുറത്തെ മലയാളിയുടെ പേരിലാവും. വിരല്‍ത്തുമ്പില്‍ തീര്‍ത്ത ഒരു വിസ്മയം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. ഇതിനകം നിരവധി പേര്‍ മമ്മദിന്റെ വീട്ടിലെത്തി ഈ ഖുര്‍ആന്‍പ്രതി കണ്ടുകഴിഞ്ഞു. അഭിനന്ദനങ്ങള്‍ക്കൊപ്പം ആത്മസംതൃപ്തിയുടെ കൂടി നിമിഷങ്ങളാണിപ്പോള മമ്മദിന്.

Next Story

RELATED STORIES

Share it