Idukki

ഓണക്കിറ്റെത്തുന്നത് പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത തുണിസഞ്ചികളില്‍

ഓണക്കിറ്റെത്തുന്നത് പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത തുണിസഞ്ചികളില്‍
X

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചികളില്‍. കുടുംബശ്രീ അംഗങ്ങള്‍ തുന്നിയെടുത്ത തുണി സഞ്ചികള്‍ കൂടി ഓണക്കിറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 30 ലക്ഷം തുണി സഞ്ചികളാണ് കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇടുക്കി ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് 140000 തുണി സഞ്ചികള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ഓര്‍ഡറാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. ഇിതില്‍ ജില്ലയിലെ സപ്ലൈകോ ഡിപ്പോകളായ തൊടുപുഴ, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്ക് 40000 വീതവും കാഞ്ഞിരപ്പള്ളി ഡിപ്പോയിലേക്ക് 20000 എണ്ണവും നല്‍കണം.

ലഭിച്ച ഓര്‍ഡറുകള്‍ അതത് ഡിപ്പോകളുടെ കീഴിലുള്ള കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വീതിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഓരോ സംരംഭങ്ങളിലും നിര്‍മിക്കുന്ന തുണി സഞ്ചികള്‍ ഡിപ്പോകളില്‍ നിന്ന് അറിയിക്കുന്നതനുസരിച്ച് പ്രാദേശിക ഗോഡൗണുകളില്‍ എത്തിച്ച് നല്‍കണം. പര്‍ച്ചേസ് ഓര്‍ഡറും പെയ്‌മെന്റും അതാത് ഡിപ്പോകളില്‍ നിന്നാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. ഒരു തുണി സഞ്ചിക്ക് 13 രൂപയും ജിഎസ്ടി യുമാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ലഭിക്കുക. 14 ഃ 16 സൈസിലാണ് സഞ്ചികള്‍ തയ്‌ക്കേണ്ടത്. ഗുണനിലവാരമുള്ള തുണികള്‍ ഉപയോഗിച്ച് പറഞ്ഞ അളവില്‍ സഞ്ചി തയ്ച്ച് കൊടുക്കണം എന്നതാണ് കുടുംബശ്രീ അംഗങ്ങളുടെ ചുമതല. കിററ് വിതണത്തിന് രണ്ടാഴ്്ച മുമ്പ് തന്നെ വനിതകളുടെ നേതൃത്വത്തില്‍ സഞ്ചി നിര്‍മാണം ആരംഭിച്ചിരുന്നു.

ജില്ലാ കുടുംബശ്രീ മിഷനാണ് ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കുടുംബശ്രീ യൂനിറ്റുകള്‍ക്കാവശ്യമായ തുണികള്‍ ഈറോഡ്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും വാങ്ങുന്നത്. ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്ന യൂനിറ്റുകള്‍ക്ക് അവരുടെ പ്രതിനിധികളോടൊപ്പം പര്‍ച്ചേസ് ചെയ്യാന്‍ പോവുന്നതിനും മറ്റും ജില്ലാ കുടുംബശ്രീ മിഷന്‍ അധികൃരുടെ സഹായം ലഭ്യമാക്കുന്നുണ്ട്. പാഴ്‌സലായി എത്തുന്ന തുണികള്‍ ഉള്‍പ്രദേശങ്ങളിലെ യൂനിറ്റുകളില്‍ എത്തിച്ച് നല്‍കുന്നതിനും തയ്യാറാക്കിയ സഞ്ചികള്‍ ഡിപ്പോകളില്‍ എത്തിക്കുന്നതിനും ആവശ്യമെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ വാഹനവും വിട്ട് നല്‍കുന്നുണ്ട്.

ഓണക്കിറ്റിന് പുറമേ മുന്‍ മാസങ്ങളില്‍ നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ക്കും തുണി സഞ്ചി കുടുംബശ്രീ അംഗങ്ങളാണ് തയ്യാറാക്കി നല്‍കിയത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ തീരുമാനം ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്തതായി കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. വരുംനാളുകളിലും കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ഇത്തരം ഓര്‍ഡറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

Next Story

RELATED STORIES

Share it