Kannur

വന്യജീവി ആക്രമണം: മന്ത്രിമാര്‍ ഫെബ്രുവരി ഏഴിന് ആറളം ഫാം സന്ദര്‍ശിക്കും

വന്യജീവി ആക്രമണം: മന്ത്രിമാര്‍ ഫെബ്രുവരി ഏഴിന് ആറളം ഫാം സന്ദര്‍ശിക്കും
X

കണ്ണൂര്‍: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം വനം വകുപ്പ് മന്ത്രിമാര്‍ തിങ്കളാഴ്ച (ഫെബ്രുവരി ഏഴ്) ആറളം ഫാം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണനും എ കെ ശശീന്ദ്രനും ചേര്‍ന്ന് തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് പരിഹാരമുണ്ടാക്കാന്‍ തീരുമാനമായത്.

മന്ത്രിമാരായ കെ രാധാകൃഷ്ണനും എ കെ ശശീന്ദ്രനും ഏഴിന് രാവിലെ ആറളം ഫാമിലെത്തും. ഇവിടെ വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് വനം, പൊതുമരാമത്ത്, പട്ടികവര്‍ഗ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ വിദഗ്ധസമിതിയുടെ യോഗം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേരും. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് മതില്‍, സൗരോര്‍ജ വേലി തുടങ്ങി വിവിധ മാര്‍ഗങ്ങളുടെ പ്രായോഗികത തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ച് അന്തിമതീരുമാനമെടുക്കാന്‍ ധാരണയായത്. പ്രശ്‌നത്തിന് ശാശ്വതപരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. നിരവധി മനുഷ്യജീവനുകള്‍ ഇതിനകം പൊലിഞ്ഞു. മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാനുതകുന്ന പദ്ധതികള്‍ ആലോചിക്കണമെന്നും രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, പട്ടിക വിഭാഗ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it