Thiruvananthapuram

കെഎസ്ഇബിയിലെ പോര്: വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും

കെഎസ്ഇബിയിലെ പോര്: വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും
X

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സമരം പുനരാരംഭിക്കുന്നത്. നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയതിനെതിരേയാണ് പ്രതിഷേധം. സമരം ചെയ്യുന്ന ജീവനക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ചെയര്‍മാന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്റെ നിലപാട്. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നേതാക്കളുമായും ചെയര്‍മാനുമായും കൂടിക്കാഴ്ച നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് അസോസിയേഷന്റെ മുന്നറയിപ്പ്. കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ നീണ്ടുപോവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവര്‍ത്തിച്ചിരുന്നു.

കെഎസ്ഇബിയിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ച് കഴിഞ്ഞു. പ്രശ്‌നങ്ങള്‍ നീണ്ടുപോയാല്‍ അത് എല്ലാവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും. കെഎസ്ഇബിയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാവുമെന്നും മന്ത്രി പറഞ്ഞു. മാനേജ്‌മെന്റോ യൂനിയനോ ആവശ്യപ്പെട്ടാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടും. തിങ്കളാഴ്ച്ച ഔദ്യോഗിക ചര്‍ച്ചയില്ല, കൂടിക്കാഴ്ച നടത്തും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it