Thrissur

വിവാദത്തിനൊടുവില്‍ അപകടാവസ്ഥയിലായ പാലത്തില്‍ വിരിച്ച ടാറിങ് നീക്കി

വിവാദത്തിനൊടുവില്‍ അപകടാവസ്ഥയിലായ പാലത്തില്‍ വിരിച്ച ടാറിങ് നീക്കി
X

മാള: കരിങ്ങോള്‍ച്ചിറയിലെ അപകടാവസ്ഥയിലായ പാലത്തില്‍ വിരിച്ച ടാറിങ് നീക്കം ചെയ്തു. പഴയ പാലത്തിലൂടെയല്ല, പുതിയ പാലത്തിലൂടെയാണ് ടാറിങ് നടത്തേണ്ടതെന്ന തിരിച്ചറിവുണ്ടായതോടെയാണ് അധികൃതര്‍ തെറ്റ് തിരുത്തിയത്. രാജഭരണകാലത്ത് നിര്‍മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുമുള്ള പാലത്തിലൂടെയാണ് പുതിയ പാലത്തിന് പകരം ടാറിങ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തെ അവഗണിച്ചാണ് പഴയ ബലക്ഷയമുള്ള പാലത്തിലൂടെ ടാറിങ് നടത്തുന്നതെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെട്ടതോടെയാണ് പുതിയ പാലത്തിലൂടെ ടാറിങ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പഴയ പാലത്തില്‍ പാകിയിരുന്ന മെറ്റലും മറ്റും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താരംഭിച്ച പുതിയ പാലത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷം മുമ്പാണ് ഭൂരിഭാഗവും പൂര്‍ത്തീകരിച്ചത്. മൂന്ന് ഭാഗങ്ങളായാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തെ നിര്‍മാണമാണ് ഇനി പൂര്‍ത്തീകരിക്കേണ്ടത്. റോഡ് ടാറിങിനും മറ്റുമായി ആദ്യ രണ്ട് ഭാഗങ്ങളും റോഡ് നിര്‍മാണം നടത്തുന്ന ദേശീയപാത പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. എന്നല്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് പുതിയ പാലം ഒഴിവാക്കി പഴയ പാലത്തിലൂടെ ടാറിങ് തുടങ്ങിയത്. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ടാറിങ് നടത്തുന്നത്. മാള മുതല്‍ നടവരമ്പ് വരെയുള്ള 10 കിലോമീറ്റര്‍ റോഡാണ് റബ്ബറൈസ്ഡ് ടാറിങ് നടത്തുന്നത്. പുതിയ പാലം പൂര്‍ണമായും ടാറിങ് നടത്തി ഗതാഗത്തിനായി തുറന്ന് കൊടുക്കണമെന്നാണ് കരിങ്ങോള്‍ച്ചിറ ജനകീയ സമിതിയടക്കമുള്ള നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നത്.




Next Story

RELATED STORIES

Share it