- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണഭൂമിയിലേക്ക് ഒരു തീര്‍ത്ഥാടനം
BY TK tk16 Jan 2016 6:30 PM GMT
X
TK tk16 Jan 2016 6:30 PM GMT
ശ്രീലങ്കയിലെ കലാപത്തിന്റെയും കൂട്ടക്കൊലയുടെയും ചരിത്ര ഭൂമിയിലേക്കുള്ള തീര്‍ത്ഥാടനമാണ് മന്‍മോഹന്‍ രചിച്ച ഈഴം എന്ന നോവല്‍. മെറ്യ എന്ന അനാഥപെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവല്‍ ശ്രീലങ്കയിലെ വംശീയ സംഘര്‍ഷത്തിന്റെ കഥ പറയുന്നു കുന്നത്തൂര്‍ രാധാകൃഷ്ണന്‍ ആധുനിക കാലത്തെ ഏറ്റവും വലിയ ദുരന്തമാണ് ശ്രീലങ്ക. വംശീയ വിദ്വേഷം കൊണ്ട് കത്തിയമര്‍ന്ന ദ്വീപ്. ലോകത്തെ വംശഹത്യയുടെ പട്ടികയില്‍ നില്‍ക്കുന്ന നാട്. രാമായണത്തില്‍ വാല്‍മീകി എഴുതി പൊലിപ്പിച്ച പ്രാചീന ലങ്കയുടെ മറ്റൊരു രൂപത്തിലുള്ള ആവര്‍ത്തനം. ബ്രിട്ടിഷുകാര്‍ ശ്രീലങ്ക വിട്ടതോടെ ആരംഭിക്കുന്നു ആ രാജ്യത്തെ വംശവെറി. എണ്ണംകൊണ്ട് പ്രബലരായ സിംഹളര്‍ ന്യൂനപക്ഷമായ തമിഴ്‌വംശജരെ രണ്ടാംകിട പൗരന്‍മാരായി ഗണിക്കുന്നു. സര്‍ക്കാരിന്റെ സഹായത്തോടെ തമിഴര്‍ ഒതുക്കപ്പെടുന്നു. അവരുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഹനിക്കപ്പെട്ടു. പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി കഴിയേണ്ട ഹൃദയഭേദകമായ അവസ്ഥ. 1980കളുടെ ആദ്യപകുതിയില്‍ വിദ്വേഷം ആളിപ്പടര്‍ന്നു. ഗൗതമബുദ്ധന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന സിംഹളര്‍, തമിഴരെ കൊന്നൊടുക്കി. സര്‍ക്കാര്‍ കൊലയാളികള്‍ക്ക് കൂട്ടുനിന്നു. (സിഖ് വംശഹത്യ കാലത്ത് ഡല്‍ഹിയില്‍ സംഭവിച്ചതിന്റെ മുന്‍ മാതൃക). ജാഫ്‌നയില്‍ അലമുറ അവസാനിച്ചില്ല. ആ കലാപത്തിന്റെ ചാരത്തില്‍ നിന്നാണ് വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തില്‍ തമിഴ് വിമോചന പുലികള്‍ (എല്‍ടിടിഇ) കരുത്താര്‍ജിച്ചത്. ഈഴം എന്ന മനോഹര സ്വപ്‌നം ഉയര്‍ത്തി പ്രഭാകരന്‍ തമിഴരെ വിമോചനത്തിന്റെ ഭാവനയിലേക്ക് ഉയര്‍ത്തി. പിന്നീടു നടന്ന സംഭവങ്ങള്‍ സമകാലീന ചരിത്രമാണ്. തമിഴരെ സഹായിക്കാനെന്ന പേരില്‍ ശ്രീലങ്കയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ സമാധാനസേന അവരുടെ ശത്രുവാകുന്നതും അതിന്റെ അനന്തരഫലമായി പില്‍ക്കാലത്ത് പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെടുന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ശ്രീലങ്കയില്‍ ഇപിആര്‍ എല്‍എഫ്, പ്ലോട്ട്, തുള്‍ഫ് തുടങ്ങിയ മിതവാദ തമിഴ്‌സംഘടനകള്‍ അതോടെ നിഷ്പ്രഭവുമായിത്തീര്‍ന്നു. ശ്രീലങ്കയിലെ കലാപത്തിന്റെയും കൂട്ടക്കൊലയുടെയും ചരിത്രഭൂമിയിലേക്കുള്ള തീര്‍ത്ഥാടനമാണ് മന്‍മോഹന്‍ രചിച്ച ഈഴം എന്ന നോവല്‍. മെറ്യ എന്ന അനാഥപെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവല്‍ ശ്രീലങ്കയിലെ വംശീയ സംഘര്‍ഷത്തിന്റെ കഥ പറയുന്നു. 1980കളിലെ ഏറ്റവും വലിയ വംശീയ കലാപം മുതല്‍, ഇന്ത്യന്‍ സമാധാനസേനയെ ശ്രീലങ്കയില്‍ വിന്യസിക്കുന്നതുവരെയുള്ള കാലഘട്ടമാണ് നോവലിന്റെ പശ്ചാത്തലം. ശ്രീലങ്കയുടെ അന്നത്തെ പ്രസിഡന്റ് ജയവര്‍ധനയും രാജീവ്ഗാന്ധിയും പുലി പ്രഭാകരനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമെല്ലാം നോവലിലെ കഥാപാത്രങ്ങളാണ്. ഒരു ജനതയുടെ സമ്പൂര്‍ണമായ അന്യവല്‍ക്കരണം എങ്ങനെ സംഭവിച്ചുവെന്ന സത്യാന്വേഷണമാണ് നോവലിസ്റ്റ് അനുഷ്ഠിക്കുന്ന ധര്‍മം. എന്നാല്‍, ചരിത്രത്തെ ആസ്പദമാക്കിയുള്ള നോവല്‍ രചിക്കുമ്പോള്‍ സ്വീകരിക്കേണ്ട ചില അലിഖിത നിയമങ്ങള്‍ നോവലിസ്റ്റ് പാടെ നിരാകരിച്ചിരിക്കുന്നു. നോവലിലെ നായികയായ മെറ്യയുടെയും അവളുടെ കാമുകന്‍മാരുടെയും ലൈംഗിക തൃഷ്ണകള്‍ വിവരിക്കാന്‍ അമിത താല്‍പര്യം കാണിക്കുന്ന മന്‍മോഹന്‍, സംഘര്‍ഷഭൂമിയിലെ സംഭവങ്ങളെ അതീവ ലാഘവത്തോടെയാണ് സമീപിക്കുന്നത്. അക്കാലത്ത് പത്രങ്ങളില്‍ വന്ന റിപോര്‍ട്ടുകള്‍ അതേപോലെ പലേടത്തും പകര്‍ത്തിവച്ച പ്രതീതിയാണ് വായനക്കാരനില്‍ ജനിപ്പിക്കുന്നത്. പത്രപ്രവര്‍ത്തനമാണോ അതോ സാഹിത്യമാണോ നോവലിസ്റ്റ് അനുഷ്ഠിക്കുന്നതെന്ന് അനുവാചകനു സംശയം തോന്നാം. പ്രചാരണത്തിന്റെ തനി നിലവാരത്തിലേക്ക് നോവല്‍ വീണുപോയില്ലെന്നാണ് ആശ്വാസകരം. സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ,മലയാറ്റൂര്‍ രാമകൃഷ്ണന്റെ അമൃതഗീതം തുടങ്ങിയ നോവലുകള്‍ മനസ്സിരുത്തി മന്‍മോഹന്‍ വായിച്ചിരുന്നെങ്കില്‍ ഈഴം ഒന്നാന്തരം ചരിത്ര നോവലാവുമായിരുന്നു. അപ്രധാനമായ കാര്യങ്ങള്‍ കുമിച്ചുകൂട്ടി നോവലിന്റെ പേജ് വര്‍ധിപ്പിച്ചതും കലാപരമായ ഔന്നത്യത്തിന് കോട്ടംതട്ടിച്ചു. എങ്കിലും മെറ്യയുടെ ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങളും അവളുടെ ധര്‍മസങ്കടങ്ങളും വരച്ചുകാണിക്കുന്നതില്‍ മന്‍മോഹന്‍ വിജയിച്ചിട്ടുണ്ട്. പുലികളുമൊത്തുള്ള അവളുടെ ജീവിതത്തിന് പ്രത്യേക മികവുണ്ട്. സായുധസമരത്തിന്റെ ഭാഗമായ ചതിയും ചാരവൃത്തിയും അതിശയോക്തിയേതുമില്ലാതെ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു. മെറ്യക്ക് ഇനി എന്തു സംഭവിക്കുമെന്ന ആകാംക്ഷ ഒട്ടൊക്കെ നിലനിര്‍ത്താനും നോവലിസ്റ്റിനു സാധിച്ചു. പ്രഭാകരനെക്കുറിച്ച് അറിയപ്പെടാത്ത കുറെ വിവരങ്ങളും പുസ്തകത്തില്‍ നിന്നു വായനക്കാരനു ലഭിക്കുന്നുണ്ട്. എങ്കിലും ബൃഹത്തായ കാന്‍വാസ് ഒന്നു കുറച്ചാല്‍ കുറെ കൂടി ഒതുക്കവും സമഗ്രതയും നോവലിനു ലഭിക്കുമായിരുന്നു. ഇന്ന് ശ്രീലങ്കയില്‍ പ്രഭാകരനില്ല. തമിഴര്‍ക്കു വേണ്ടി പൊരുതി, അദ്ദേഹം സമാധാനത്തിന്റെ മേച്ചില്‍പുറകളിലേക്കു യാത്രയായിരിക്കുന്നു. എന്നാല്‍, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഈഴം അനുകൂലികള്‍ സംഘടിക്കുന്നതായി റിപോര്‍ട്ടുണ്ട്. അവ കറകളഞ്ഞ മറ്റൊരു നോവലെഴുതാന്‍ മന്‍മോഹന് പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു. |
Next Story
RELATED STORIES
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMTന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം...
15 Jan 2025 5:34 PM GMT