Sub Lead

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്‍മാറും, 2000ത്തോളം ഫലസ്തീനി തടവുകാരെ മോചിപ്പിക്കും

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്‍മാറും, 2000ത്തോളം ഫലസ്തീനി തടവുകാരെ മോചിപ്പിക്കും
X

ദോഹ: ഗസയില്‍ വെടിനിര്‍ത്താനുള്ള കരാര്‍ ഹമാസും ഇസ്രായേലും അംഗീകരിച്ചു.യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെക്കുകയും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള കരാറിലാണ് ധാരണയായിരിക്കുന്നത് ഇതിൽ ഔദ്യാഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. മൂന്നു ഘട്ടമായാണ് വെടിനിർത്തൽ കരാർ നടപ്പാവുക.

ആദ്യഘട്ടം ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുമെന്ന് വെടിനിര്‍ത്തല്‍ കരാര്‍ രേഖ പറയുന്നു. ഗസയില്‍ നിന്നും 700 മീറ്റര്‍ അകലേക്ക് ഇസ്രായേല്‍ സൈന്യം പിന്‍മാറും. 2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി കസ്റ്റഡിയില്‍ എടുത്ത് ഗസയിലേക്ക് കൊണ്ടുപോയ 33 ജൂതന്‍മാരെ ഹമാസ് ഇസ്രായേലിന് കൈമാറണം.

ഇതില്‍ ഇസ്രായേലി സ്ത്രീകളും കുട്ടികളും അഞ്ച് വനിതാസൈനികരും വയോധികരും ഉള്‍പ്പെടുന്നു. ഓരോ ഇസ്രായേലിക്കും പകരമായി അമ്പത് ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ ജയിലില്‍ നിന്നും മോചിപ്പിക്കണം. ഏകദേശം 2,000 ഫലസ്തീനികള്‍ ഇതോടെ മോചിപ്പിക്കപ്പെടും. വിവിധ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 250 ഫലസ്തീനി സ്വാതന്ത്ര്യസമരപോരാളികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ ഘട്ടത്തില്‍ ഗസയിലെ ജനവാസമേഖലകളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണം. എന്നാല്‍, ഗസയും ഈജിപ്തും തമ്മിലുള്ള അതിര്‍ത്തിയായ ഫില്‍ഡെല്‍ഫി ഇടനാഴിയില്‍ നിന്ന് ഏഴു ദിവസത്തിന് ശേഷം മാത്രമേ ഇസ്രായേല്‍ പിന്‍മാറൂ. ഇസ്രായേലി ആക്രമണം മൂലം അഭയാര്‍ത്ഥി കാംപുകളിലേക്ക് പോയ ഫലസ്തീനികള്‍ക്ക് ഇക്കാലത്ത് വടക്കന്‍ ഗസയിലെ തകര്‍ന്ന കെട്ടിടങ്ങളിലേക്ക് മടങ്ങാം. ഇവര്‍ക്കു വേണ്ട അവശ്യവസ്തുക്കളുമായി എത്തുന്ന 600 ട്രക്കുകളെ ഇസ്രായേല്‍ ഗസയിലേക്ക് കടത്തിവിടണം. ഗസയിലെ ഫലസ്തീനികള്‍ക്ക് ചികില്‍സക്കായി സഞ്ചരിക്കാനും ഇസ്രായേല്‍ അനുമതി നല്‍കും.


ഫിലാഡെല്‍ഫി ഇടനാഴി

രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഇരുകൂട്ടര്‍ക്കും ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യാം. കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ തീരുമാനങ്ങളില്‍ എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരണം എന്ന് വ്യവസ്ഥയില്ല. അതായത്, ആദ്യഘട്ടത്തിന് ശേഷം വേണമെങ്കില്‍ ഇസ്രായേലിന് വീണ്ടും അധിനിവേശം തുടങ്ങാം. എന്നാല്‍, അങ്ങനെ സംഭവിക്കില്ലെന്നാണ് ഈജിപ്ത് ഹമാസിന് വാക്കാല്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ഗസയില്‍ ജീവനോടെയുള്ള ബന്ദികളെ രണ്ടാംഘട്ടത്തില്‍ ഹമാസ് ഇസ്രായേലിന് കൈമാറും. ഇതില്‍ ഭൂരിപക്ഷവും പുരുഷ ഇസ്രായേലി സൈനികരാണ്. ഇവര്‍ക്ക് പകരമായും നിരവധി ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ തിരികെ നല്‍കണം. ഈ ഘട്ടത്തോടെ ഇസ്രായേല്‍ ഗസയില്‍ നിന്നും പൂര്‍ണമായും പിന്‍മാറണം. രണ്ടാംഘട്ടം പതിനാറ് ദിവസമാണ് നീണ്ടുനില്‍ക്കുക.

മൂന്നാം ഘട്ടത്തില്‍ ഗസയിലെ മരിച്ച ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേലിന് കൈമാറണം. ഇതോടെ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗസ പുനര്‍നിര്‍മാണത്തിന് ഇസ്രായേല്‍ അനുമതി നല്‍കും.

ഹമാസിന് വേണ്ടി രാഷ്ട്രീയ കാര്യസമിതി ആക്ടിങ് മേധാവിയായ ഖലീല്‍ അല്‍ ഹയ്യയും ഇസ്രായേലിന് വേണ്ടി മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയും ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിന്റെ തലവന്‍ റോണന്‍ ബാറും യുഎസിന് വേണ്ടി പശ്ചിമേഷ്യ ഉപദേഷ്ടാക്കളായ ബ്രെറ്റ് മക്ഗര്‍ക്കും സ്റ്റീവ് വിറ്റ്‌കോഫും ഖത്തറിന് വേണ്ടി പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിയും ഈജിപ്തിന് വേണ്ടി ജനറല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഹസന്‍ റഷാദുമാണ് ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്.

Next Story

RELATED STORIES

Share it