Emedia

വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു

വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു
X

മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും കാര്യമുള്ളതായതിനാൽ ഒരിക്കൽക്കൂടി പറയാം.

ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്. വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെ നടക്കാറുള്ളത്. അമേരിക്കയിൽ ഇത് വർഷത്തിൽ ലക്ഷത്തിന് അഞ്ചിന് മുകളിലും വെനിസ്വേല ഉൾപ്പടെ പല ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ അൻപതിന്റെ മുകളിലും ആണെന്ന് ഓർക്കണം. അവിടെയാണ് ഒറ്റയടിക്ക് 49 പേരെ ഒരാൾ കൊന്നൊടുക്കിയത്.

ഇന്നിപ്പോൾ ന്യൂസിലാൻഡിൽ നിന്നും അക്രമങ്ങൾ കുറവായ നെതെർലാൻഡ്‌സിൽ നിന്നും അക്രമത്തിന്റെ വാർത്തകൾ വരുന്നു. തോക്കുധാരികൾ ഓഫിസിലും സ്‌കൂളിലും എത്തി ആളെ കൊല്ലാൻ ശ്രമിക്കുന്നത് അമേരിക്കയിൽ അപൂർവ്വമല്ലെങ്കിലും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. പ്രൈമറി സ്‌കൂളുകളിലും, യുണിവേഴ്സിറ്റികളിലും, ഹോട്ടലിലും, പാർലമെന്റിലും, പള്ളിപ്പെരുന്നാളിലും, മ്യൂസിക് ഫെസ്റ്റിവലിലും വരെ ഇതുപോലെ ആയുധധാരികൾ ആളുകളെ കൊന്നൊടുക്കിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പെട്ടാൽ എങ്ങനെയാണ് നമ്മൾ അതിനെ നേരിടേണ്ടത്?

സാധാരണ ഓഫിസിലും സ്‌കൂളിലും സേഫ്റ്റിക്ക് വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. ഒരു അപകട സൂചന കിട്ടിയാലുടൻ ഇറങ്ങി ഓടി സുരക്ഷിതമായി ഒരുമിച്ചു കൂടണമെന്നാണ് പരിശീലനം നൽകുന്നത്. അതിനായി മിക്ക ഓഫിസിലും ഹോട്ടലിലും അസംബ്ലി ഏരിയ ഉണ്ട്. പക്ഷെ വെടിവെപ്പിൻറെ സാഹചര്യത്തിൽ അത് വലിയ മണ്ടത്തരമാണ്. അതുകൊണ്ട് തന്നെ സുരക്ഷക്ക് വേണ്ട പുതിയ പരിശീലനങ്ങളാണ് ഞങ്ങൾ ഇപ്പോൾ നൽകുന്നത്. അതിൽ ചില കാര്യങ്ങൾ പറയാം.

ഒഴിവാക്കലാണ് പ്രധാനം: നിങ്ങളുടെ പരിസരത്ത് ഒരു വെടിയൊച്ച കേട്ടാൽ ഒന്നു തീരുമാനിക്കാം, നിങ്ങൾ സുരക്ഷാ യുദ്ധം പകുതി തോറ്റു. കാരണം ഇത്തരം സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുക എന്നതാണ് സുരക്ഷയുടെ ആദ്യപകുതി. ഇതിനാദ്യമായി ചെയ്യേണ്ടത് റിസ്‌ക്ക് പ്രൊഫൈലിങ്ങാണ്. അതായത്, ഒരു സ്ഥലത്ത് അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ ആയുധധാരികളായ ഒരാൾ എത്താനുള്ള സാധ്യതയെ, സ്ഥാപനം നടത്തുന്നവർ അഥവാ ആഘോഷങ്ങളുടെ സംഘാടകർ മുൻകൂട്ടി കാണണം. ഇത് മൂന്നു തരത്തിലാകാം. ഒന്ന്, നിങ്ങളുടെ സ്ഥാപനമുള്ളതോ പരിപാടി നടക്കുന്നതോ ആയ സ്ഥലം സംഘർഷ ബാധിതമാണോ? മുൻപ് എന്നെങ്കിലും വെടിവെപ്പുണ്ടായിട്ടുള്ള സ്ഥലമാണോ? എന്നെല്ലാം അറിഞ്ഞുവെക്കുക. രണ്ട്, നിങ്ങളുടെ സ്ഥലം ലക്ഷ്യം വെക്കാൻ അക്രമികൾക്ക് പ്രത്യേകകാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നറിയുക. (നിങ്ങളുടെ മതം, രാഷ്ട്രീയം, പ്രായം, ലിംഗം, ലൈംഗിക താല്പര്യങ്ങൾ, വർണ്ണം, വർഗ്ഗം) ഇതൊക്കെ ഇക്കാര്യത്തിൽ പ്രസക്തമാണ്. മൂന്ന്, തോക്ക് എളുപ്പത്തിൽ ലഭിക്കാൻ സകാര്യമുള്ള സ്ഥലമാണോ എന്നെല്ലാം നിരീക്ഷിച്ചു വേണം നിങ്ങളുടെ സുരക്ഷാസംവിധാനങ്ങൾ ഡിസൈൻ ചെയ്യാൻ.

യൂറോപ്പിൽ എവിടെയും ഇപ്പോൾ തീവ്രവാദഭീഷണിയുണ്ട്. അതിനാൽ വലിയ ആൾക്കൂട്ടമുണ്ടാകുന്ന സമയത്ത് തോക്കോ ബോംബോ ട്രക്കോ പുതിയ നന്പറുകളുമായോ തീവ്രവാദികൾ എത്തിയേക്കാമെന്ന ഓർമ്മയിൽ വേണം നമ്മൾ അവിടെ പോകാനും, പങ്കെടുക്കാനും, പരിപാടികൾ സംഘടിപ്പിക്കാനും. അമേരിക്കയിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരായുധമാണ് തോക്ക്. അതിനാൽ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലവും. കേരളത്തിൽ തൽക്കാലം തോക്കുകൾ സംഘടിപ്പിക്കുക അത്ര എളുപ്പമല്ലാത്തതിനാൽ തോക്കുമായി ഒരാൾ ഓഫീസിലോ സ്‌കൂളിലോ ആഘോഷങ്ങളിലോ വന്നുചേരാനുള്ള സാധ്യതയും കുറവാണ്. എന്നാലും ന്യൂസിലാൻഡിൽ പോലും ഭീകരവാദി ആക്രമണങ്ങൾ നടക്കുന്ന, മാറുന്ന ചുറ്റുപാടുകളിൽ നമ്മൾ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കണം.

റിസ്‌ക്ക് പ്രൊഫൈലിലുള്ള സ്ഥാപനങ്ങളോ പരിപാടികളോ നടത്തുന്നവർ ശ്രദ്ധിക്കണം. അതനുസരിച്ച് മുൻകരുതലുകളെടുക്കണം. ഓഫീസിനും ഹോട്ടലിനും മുൻപിൽ എക്സ്റേ സ്‌ക്രീനിങ് ഉള്ളത് ഇതിന്റെ ഭാഗമാണ്. ഇനി പറയുന്ന കാര്യങ്ങൾ സംഘാടകരെ ഉദ്ദേശിച്ചല്ല, വ്യക്തികൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.

1. അപകടസാധ്യത അറിയുക. നിങ്ങൾ താമസിക്കുന്ന പ്രദേശമനുസരിച്ച് നിങ്ങളുടെ അപകടസാധ്യതയെ അറിയണം. നാട്ടിൽ പൂരത്തിന് പോകുന്പോൾ സ്ത്രീകളെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്യാനുള്ള ശ്രമമാണ് കൂടുതൽ നടക്കുന്നത്. യൂറോപ്പിലിപ്പോൾ മ്യൂസിക്ക് ഫെസ്റ്റിവലിൽ പേടിക്കേണ്ടത് ബോംബും തോക്കും ട്രക്കുമൊക്കെയാണ്. ഇതറിഞ്ഞ് വേണം ആഘോഷങ്ങൾക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.



2. ഏതു സ്ഥലത്തെത്തിയാലും പരിസരം വീക്ഷിക്കുക, പരിസരത്തുള്ളവരെയും. എന്തെങ്കിലും അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുന്നതെങ്ങനെ എന്ന് ചിന്തിക്കണം. ചുറ്റുപാടിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാലുടൻ അധികാരികളെ അറിയിക്കുക. അവർ എന്ത് നടപടി എടുത്താലും സംശയം തോന്നിയാലുടൻ നമ്മൾ സ്ഥലം കാലിയാക്കുക.

3. വെടിയൊച്ച കേട്ടാലുടനെ ഒരുമിച്ച് രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. എവിടെനിന്നാണ് ശബ്ദം കേട്ടത്, ഏതുവഴി എളുപ്പത്തിൽ രക്ഷപെടാം. പണ്ടൊക്കെ വെടിയൊച്ച കേട്ടാൽ ഉടൻ കമിഴ്ന്നു കിടക്കുക എന്നതായിരുന്നു പരിശീലനം (മീശമാധവനിലെ പുരുഷുവിന്റെ ഡ്രിൽ ഓർക്കുക). തിരക്കുള്ള സ്ഥലത്ത് അത് ചെയ്യുന്നത് റിസ്ക് ആണ്. ബഹുഭൂരിപക്ഷവും തലങ്ങും വിലങ്ങും ഓടുന്പോൾ ആദ്യം കിടക്കുന്ന ആളെ ചവിട്ടി കൊല്ലും.

തോക്കുമായി ഒരാൾ പരിസരത്ത് എത്തിപ്പറ്റിയ സാഹചര്യത്തിൽ നാലു സാധ്യതകളാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഓടുക, ഒളിക്കുക, മരിച്ചതുപോലെ അഭിനയിക്കുക, തിരിച്ചടിക്കുക. ഓരോന്നിനും അതിന്റേതായ റിസ്‌ക്കുണ്ടെങ്കിലും തീരുമാനം എടുക്കാൻ വൈകരുത്.

നിങ്ങൾ ഒരു ആൾക്കൂട്ടത്തിന്റെ തുറന്ന പ്രദേശത്തോ ഹോട്ടലിലോ മാർക്കറ്റിലോ ആണെങ്കിൽ ഓട്ടം തന്നെ രക്ഷ. ഇവിടെ നിങ്ങളെ പ്രത്യേകം അന്വേഷിച്ചോ ഉന്നം വെച്ചോ അല്ല വെടിവെക്കുന്നത്. പരമാവധി ആളുകളെ കൊല്ലണമെന്നേ അക്രമിക്ക് ലക്ഷ്യമുള്ളൂ. വെടിശബ്ദം കേട്ടതിന്റെ എതിർദിശയിലേക്ക് പരമാവധി വേഗത്തിൽ ഓടുക. നേരെയല്ല, വളഞ്ഞ് തിരിഞ്ഞ് വേണം ഓടാൻ എന്നൊക്കെ ആളുകൾ പറയും. ശ്രദ്ധിക്കേണ്ട. വെടിവെക്കുന്നത് നിങ്ങളെ ഉന്നം വെച്ചല്ലാത്തതിനാൽ വളഞ്ഞാലും പുളഞ്ഞാലും അപകടസാധ്യത ഒന്നാണ്. പരമാവധി വേഗത്തിലോടി അക്രമിയിൽ നിന്ന് അകലെയാകാൻ ശ്രമിക്കുക, അതാണ് ബുദ്ധി.



നിങ്ങൾ നിങ്ങളുടെ ഓഫീസിലോ, വിമാനത്താവളത്തിലോ, അതുപോലെ അല്പം പരിചയമുള്ളതും കുറച്ചേറെ മുറികളും മറകളുമുള്ള സ്ഥലത്താണെങ്കിൽ ഒളിക്കുക എന്നതാണ് ബുദ്ധി. ഇതും രണ്ടു രീതിയിലുണ്ട്. ഒന്ന്, വെടിയുണ്ടയെ തടയുന്ന എന്തിന്റെയെങ്കിലും മറവിൽ. ഭിത്തി, വലിയ അലമാര എന്നിങ്ങനെ. രണ്ട്, അക്രമിക്ക് നമ്മളെ കാണാനാവാത്ത വിധത്തിൽ എന്തിന്റെയെങ്കിലും മറവിൽ. വാതിലിന്റെ പിന്നിൽ, മേശയുടെ അടിയിൽ എന്നിങ്ങനെ. ഒളിഞ്ഞിരിക്കുന്പോൾ എങ്ങനെ ഓടിരക്ഷപെടാമെന്നും അക്രമി തൊട്ടടുത്തെത്തിയാൽ എങ്ങനെ ഒന്ന് കൊടുക്കാമെന്നും മുൻ‌കൂർ ചിന്തിക്കണം.

വെടിവെപ്പിനിടയിൽ സെൽഫിയെടുക്കാൻ നിൽക്കരുത്. ഒളിച്ചിരിക്കുന്പോൾ മൊബൈൽഫോൺ ഉടനെ സൈലന്റിലാക്കണം, മറ്റുള്ളവരെയും അത് ഓർമ്മിപ്പിക്കണം.

അക്രമി മുന്നിലെത്തുകയും നമ്മളെ കണ്ടുപിടിക്കാൻ സാധ്യതയുണ്ടെന്നും തോന്നിയാൽ പിന്നെ മറ്റൊന്നും നോക്കാതെ നമുക്ക് ലഭ്യമായ എന്തുപയോഗിച്ചും അവരെ നേരിടണം. തോക്കിനെ പ്രതിരോധിക്കാൻ പറ്റിയ ആയുധം നമുക്ക് കിട്ടാൻ വഴിയില്ലാത്തതുകൊണ്ട് അക്രമി നമ്മളെ കാണുന്നതിനുമുന്പ് ആക്രമിക്കുക എന്നതാണ് ബുദ്ധി. ഒരു കസേര കൊണ്ടോ കോട്ട് ഹാങ്ങർ കൊണ്ടോ തലക്കടിക്കുക, കത്രികയുണ്ടെങ്കിൽ വയറിനിട്ട് കുത്തുക, കൂടുതലാളുകളുണ്ടെങ്കിൽ ഒച്ചയുണ്ടാക്കി ഓടിച്ചെന്ന് വലയം ചെയ്യുക. പറ്റിയാൽ മർമ്മത്തിൽ പിടിച്ചുടക്കുക, അല്ലെങ്കിൽ തൊഴിക്കുക. അക്രമിയോട് ജയിക്കാം എന്ന ധൈര്യത്തിലല്ല, ഒരു ചെറുത്തുനിൽപ്പും കൂടാതെ മരിച്ചുവീഴുന്നതിലും നല്ലതല്ലേ എന്നോർത്താണ് ഇതുപറയുന്നത്.



വെടിവെപ്പിൽ അനേകമാളുകൾ ദൂരേക്ക് ഓടിപ്പോകുകയും കുറേപ്പേർ വെടിയേറ്റു വീഴുകയും ചെയ്താൽ പിന്നെയുള്ള ഏക ആശ്രയം അഭിനയമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കൂടെ മരിച്ചതായി അഭനയിച്ചു കിടക്കുക. മൊബൈൽ സൈലന്റിലാക്കുകയോ എറിഞ്ഞുകളയുകയോ ചെയ്യുക. നമ്മിലേക്ക് ശ്രദ്ധയാകർഷിക്കുന്ന ഒന്നും ചെയ്യരുത്.

വെടിവെപ്പ് എന്നത് ഒരു നിർണ്ണായക സാഹചര്യമാണ്. അതിനാൽ സേഫ്റ്റി നിയമങ്ങൾ ലംഘിക്കുന്നതിൽ തെറ്റില്ല. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് നിങ്ങളെങ്കിൽ പുറത്തേക്ക് ചാടാം. കാലുകുത്തി ചാടാൻ ശ്രദ്ധിക്കണമെന്ന് മാത്രം. വെടിവെപ്പ് നടക്കുന്ന സ്ഥലത്ത് ജീവനിൽ കൊതിയുള്ളതിനാൽ പോലീസുകാരും വലിയ ടെൻഷനിലായിരിക്കും.

അവരെ കണ്ടാലുടൻ ഒച്ചയുണ്ടാക്കാനോ ശ്രദ്ധയാകർഷിക്കാനോ പാടില്ല. നമ്മൾ ഓടിച്ചെല്ലുന്നതു കണ്ടാലും അക്രമികളെന്ന് തെറ്റിദ്ധരിച്ച് അവർ വെടിവെച്ചേക്കാം.

ഇതുപോലൊരു സാഹചര്യത്തിൽ പെട്ടാൽ ഭയം കാരണം മിണ്ടാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലാകാൻ സാധ്യതയുണ്ട്. അതിനാലാണ് ഇത്തരം സാഹചര്യങ്ങളെ മുന്നേ കണ്ട് കരുതിയിരിക്കണം എന്നുപറയുന്നത്. ഇങ്ങനെയൊരു ലേഖനം വായിച്ചിരുന്നു എന്നത് പോലും ഇത്തരം ഒരവസരത്തിൽ നമുക്ക് ധൈര്യം തരും.

സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി


Next Story

RELATED STORIES

Share it