Emedia

പ്രബുദ്ധ കേരളത്തെ വെല്ലുവിളിച്ച് ഒരു വിദേശി ബാങ്ക് മുതലാളി

ഇന്ന് കാത്തലിക് സിറിയൻ ബാങ്കില്ല. പകരം സിഎസ്ബി ബാങ്കാണ്. ഭൂരിപക്ഷ ഓഹരി ഉടമായ ഒരു വിദേശ കമ്പനി ബാങ്കിന്റെ ഉടമസ്ഥാവകാശം കയ്യടക്കിയതോടെ, പേരിൽ മാത്രം വന്ന ഈ 'പുരോഗമനം' സമീപനങ്ങളിൽ ഉണ്ടായില്ല എന്നു മാത്രമല്ല, ബാങ്കിന്റെ നയങ്ങൾ തികച്ചും ജനവിരുദ്ധങ്ങളായി മാറുകയും ചെയ്തു.

പ്രബുദ്ധ കേരളത്തെ വെല്ലുവിളിച്ച് ഒരു വിദേശി ബാങ്ക് മുതലാളി
X

ബാങ്കിങ് മേഖലയിലെ സ്വകാര്യവൽകരണത്തിന്റെ ഭാ​ഗമായി വലിയതോതിൽ തൊഴിലാളികളെ പിരിച്ചുവിടുകയും ജനകീയ ബാങ്കിങ് സമ്പ്രദായം അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ ബാങ്കിങ് മേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സിഎസ്ബി ബാങ്ക് മാനേജ്മെന്റിനെതിരേേ ഉയർന്നുവരുന്ന തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തിൽ ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ബോധിസത്യൻ കെ റജി എഴുതിയ ഫേസ്ബുക്ക് കുറിപ്പ്.

എസ്ബിടിയും ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും പോലെ കേരളത്തിന് അഭിമാനമായ ഒരു ബാങ്കിങ് സ്ഥാപനമായിരുന്നു തൃശൂർ ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്ക്. സ്വകാര്യ ബാങ്കാണെങ്കിലും, ജനകീയതയിലും സാമൂഹ്യ പ്രതിബദ്ധതയിലും പൊതുമേഖലാ സ്ഥാപനം പോലെ പ്രവർത്തിച്ച പാരമ്പര്യമാണ് കാത്തലിക് സിറിയൻ ബാങ്കിന്റേത്. ചെറുകിടക്കാരേയും സാധാരണക്കാരേയും ഏറെ പരിഗണിച്ചു പോന്ന ഒരു രീതി തന്നെയായിരുന്നു ആ ബാങ്കിന്റേത്. നാട്ടുകാർക്ക് ആയിരക്കണക്കിന് സുരക്ഷിത-സ്ഥിര ജോലികളും ബാങ്ക് നൽകിയിരുന്നു.

എന്നാൽ ഇന്ന് കാത്തലിക് സിറിയൻ ബാങ്കില്ല. പകരം സിഎസ്ബി ബാങ്കാണ്. ഭൂരിപക്ഷ ഓഹരി ഉടമായ ഒരു വിദേശ കമ്പനി ബാങ്കിന്റെ ഉടമസ്ഥാവകാശം കയ്യടക്കിയതോടെ, പേരിൽ മാത്രം വന്ന ഈ 'പുരോഗമനം' സമീപനങ്ങളിൽ ഉണ്ടായില്ല എന്നു മാത്രമല്ല, ബാങ്കിന്റെ നയങ്ങൾ തികച്ചും ജനവിരുദ്ധങ്ങളായി മാറുകയും ചെയ്തു.

ബാലൻസിന്റെ അടിസ്ഥാനത്തിൽ ഇടപാടുകാരെ തരം തിരിക്കാനും അതിലെ താഴ്ന്ന ശ്രേണിയെ എങ്ങനെയും ഒഴിവാക്കാനും സർക്കുലർ ഇറക്കാൻ മടി കാട്ടാത്ത മാനേജ്മെന്റാണ്. ലക്ഷങ്ങൾ ബാലൻസിടാൻ കഴിവുള്ള വരേണ്യവർഗ്ഗത്തിനു മാത്രം പ്രവേശനമുള്ള ഒരു ബാങ്കാണ് കനേഡിയൻ മുതലാളി സ്വപ്നം കാണുന്നത്.

സാധാരണക്കാർക്കുള്ള മറ്റ് സേവനങ്ങളും ഏതാണ്ട് നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. കാർഷിക വായ്പയോ വിദ്യാഭ്യാസവായ്പയോ ഭവന വായ്പയോ ചെറുകിട ബിസിനസ് വായ്പയോ അവിടെ കിട്ടാൻ സാധ്യത വിരളം. ചില കുത്തകകളുടെ ഇൻഷുറൻസും മറ്റ് പ്രോഡക്ടുകളുമാണ് മെനുവിൽ പ്രധാനം. വൻമുതലാളിമാർക്ക് മുൻഗണനാ ക്രമത്തിൽ വായ്പയും ലഭ്യം.

ഏതാനും വർഷം മുമ്പ് നാട്ടുകാരായ അയ്യായിരത്തോളം സ്ഥിരം ജീവനക്കാരുണ്ടായിരുന്ന ബാങ്കിൽ ഇന്നത് ആയിരത്തി മുന്നൂറ് മാത്രമാണ്. ബാങ്കിന്റെ മാനവ വിഭവശേഷിയുടെ സിംഹഭാഗവും, കോൺട്രാക്റ്റ് / താത്കാലിക ജീവനക്കാരാണ്. ഇവർക്ക് ലഭിക്കുന്നതോ തുച്ഛമായ വേതനവും.

കാമ്പസ് റിക്രൂട്ട്മെന്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മിടുമിടുക്കൻമാരായ ചെറുപ്പക്കാർക്ക് മൊത്തം മാസശമ്പളം 15,000 രൂപാ മുതൽ. ജോലി സമയം രാത്രി പത്തു കഴിഞ്ഞും അവസാനിക്കുന്നില്ല. അമിതജോലി ഭാരവും സമ്മർദ്ദവും ടാർഗറ്റുകളും കാരണം ഒന്നോ രണ്ടോ വർഷങ്ങൾക്കപ്പുറം തുടരുന്നവർ വിരളം. പ്രതിഭാധനരായ ചെറുപ്പക്കാരുടെ വിയർപ്പും കണ്ണീരും വിറ്റ് മുതലാളി വിദേശത്ത് സ്വത്ത് സ്വരുക്കൂട്ടുന്നു.

ജീവനക്കാർക്ക് നിയമാനുസൃതമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടയുന്നു. ഈ നാട്ടിലെ നിയമങ്ങൾ വിദേശ മുതലാളി ഗൗനിക്കുന്നില്ല. മാനേജ്മെന്റിലെ ഉന്നതർ തനി മാടമ്പി സംസ്കാരം പുലർത്തുന്നവർ. ചോദ്യം ചെയ്താൽ ഭീഷണി, സ്ഥലമാറ്റം, ശിക്ഷണ നടപടികൾ. നാടിന്റെ ഒരു അഭിമാന സ്ഥാപനമായിരുന്നു കാത്തലിക് സിറിയൻ ബാങ്ക്. അത് കൈ വിട്ടു പോകാതിരിക്കാൻ, ജീവനക്കാരും ബഹുജന സംഘടനകളും സമരമുഖത്താണ്. പൊതുസമൂഹവും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ, നമ്മുടെ ഈ പൊതുസമ്പാദ്യവും നാളെ നമുക്ക് അന്യമാകും.

Next Story

RELATED STORIES

Share it