Emedia

ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം കൊളോണിയല്‍ നിയമങ്ങളുടെ തുടര്‍ച്ചയാണോ? ഭരണഘടനാനിര്‍മാണത്തില്‍ ജനങ്ങള്‍ക്ക് പങ്കില്ലേ?

ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം കൊളോണിയല്‍ നിയമങ്ങളുടെ തുടര്‍ച്ചയാണോ? ഭരണഘടനാനിര്‍മാണത്തില്‍ ജനങ്ങള്‍ക്ക് പങ്കില്ലേ?
X

അഡ്വ സി അഹമ്മദ് ഫായിസ്

ഭരണഘടന കൊളോണിയല്‍ അധികാരത്തിന്റെ വെറും തുടര്‍ച്ചയാണെന്ന നിലപാടിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ അഡ്വ സി അഹമ്മദ് ഫായിസ് ഫേസ്ബുക്കില്‍ എഴുതിയ വിശമദായ കുറിപ്പ്.

പൂര്‍ണരൂപം

ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം കൊളോണിയല്‍ നിയമങ്ങളുടെ തുടര്‍ച്ചയാണോ? ഭരണഘടനാരൂപീകരണത്തില്‍ ജനങ്ങള്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലേ?

ഭരണഘടനാ രൂപീകരണ ചരിത്രത്തെ കുറിച്ചും ഭരണഘടനയുടെ ഉള്ളടക്കത്തെ കുറിച്ചും ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് മന്ത്രി സജി ചെറിയാന്‍ അടക്കം ഭരണഘടനയെ ഒരു കൊളോണിയല്‍ ഡോക്യുമെന്റ് ആയി കാണാന്‍ ഇടയാക്കുന്നത് അടിത്തട്ടിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയ എലൈറ്റ് വിഭാഗം അടച്ചിട്ട മുറിയിലിരുന്നു എഴുതിയുണ്ടാക്കിയ ടെക്സ്റ്റ് മാത്രമാണ് ഭരണഘടനയെന്നും അത് ഇന്ത്യയിലെ ജനങളുടെ ആത്മാഭിലാഷങ്ങളുടെ പ്രതിഫലനമല്ല എന്ന വായനയാണ് പോപ്പുലര്‍ ആഖ്യാനങ്ങളില്‍ നിലവിലുള്ളത്.

എന്നാല്‍ ഭരണഘടന നിലവില്‍ വന്ന ഉടനെ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭരണഘടനയെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഉപകരണമായി കാണാന്‍ തുടങ്ങിയതിനെ കുറിച്ചും അടിത്തട്ടിലെ ജനവിഭാഗങ്ങള്‍ ഭരണഘടനയുമായി നടത്തിയ ഇടപാടുകളെയും ഡോക്യുമെന്റ് ചെയ്യുന്ന പുസ്തകമാണ് 2018 ല്‍ പുറത്തിറങ്ങിയ രോഹിത് ഡേയുടെ A People's Constitution.




Rohit De യുടെ പഠനങ്ങളെയും പുതുക്കുന്ന വിധത്തില്‍ 2022 ല്‍ The Historical Journal ല്‍ പ്രസിദ്ധീകരിച്ച ഒര്‍ണിത് ഷാനിയുടെ The People and the Making of India's Constitution എന്ന പഠനം ഭരണഘടനാ അസംബ്ലി ചര്‍ച്ചകള്‍ തുടങ്ങും മുന്‍പ് തന്നെ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ ഭരണഘടന ഇങ്ങനെയായിരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി മെമ്മറാണ്ടം അവിഭക്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയച്ചിരുന്നു എന്ന് പറയുന്നു. കത്തുകളും നിര്‍ദേശങ്ങളും മാതൃക ഭരണഘടനയും അയച്ചവര്‍ക്കെല്ലാം aknowledgment receipt അയക്കുകയും ആവശ്യമായവക്ക് ഭരണഘടന അസംബ്ലിയുടെ ഗവേഷക വിഭാഗം മറുപടി അയക്കുകയും ചെയ്തിരുന്നു

1948ല്‍ ഭരണഘടനയുടെ കരട് കോപ്പി ഒരു രൂപക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും അതിന്മേല്‍ കിട്ടിയ പല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.


ഇത്തരത്തില്‍ പൊതുജനങ്ങള്‍ അയച്ച നിര്‍ദ്ദേശങ്ങളുടെയും മറ്റും Archival records പരിശോധിച്ചതില്‍ സ്ത്രീകളുടെയും മുസ്ലിങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെ അഭാവം ഷാനിയുടെ പഠനം പ്രത്യേകം രേഖപ്പെടുത്തേണ്ടതായി പറയുന്നുണ്ട്

ഭരണഘടന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രീതിക്ക് ജനാധിപത്യസ്വഭാവമില്ല എന്ന വിമര്‍ശനം പ്രസക്തമാണെങ്കിലും ഭരണഘടന രൂപീകരണ പ്രക്രിയ ഒന്നാകെ ജനാധിപത്യ വിരുദ്ധമായിരുന്നു എന്നും ഭരണഘടന രൂപീകരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ല എന്നിങ്ങനെയുള്ള വാദങ്ങളെ ഷാനിയുടെ പഠനം നിരാകരിക്കുന്നു.

ഭരണഘടന എന്നാല്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് ഉതകാത്ത കേവലമായ ഒരു സ്റ്റാറ്റിക് ടെക്സ്റ്റ് ആയി കാണുന്ന സമീപനമാണ് ഇന്ന് ജൂഡീഷ്യറിയില്‍ നിലവിലുള്ളതും ഏറ്റവും പ്രാമുഖ്യമുള്ളതും. എന്നാല്‍ ഭരണഘടനക്ക് പരിവര്‍ത്തനോന്മുഖമായ ( Transformative ) ഉള്ളടക്കമുണ്ടെന്നും Transformative ആയ ഭരണഘടനാ വായനയാണ് സാധ്യമാക്കേണ്ടത് എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഭരണഘടനാ വായനകളും ഉണ്ടാകാറുണ്ട്, വളരെ അപൂര്‍വമാണെന്ന് മാത്രം.

ഭരണഘടനാ സംരക്ഷണത്തെ കുറിച്ചും ഭരണഘടനാധിഷ്ട്ഠിത രാഷ്ട്രീയത്തെ കുറിച്ചും പറയുന്നവര്‍ അത്തരമൊരു ആശയത്തെയാണ് മുന്നോട്ട് വെക്കേണ്ടത്. അത്തരമൊരു ആശയമാണ് പൗരത്വസമരം മുന്നോട്ട് വെച്ചത്. 1946ല്‍ ഭരണഘടനാ അസംബ്ലി രചര്‍ച്ച തുടങ്ങും മുന്‍പ് ഭരണഘടനയില്‍ എന്തൊക്കെ വേണം എന്ന് ആവശ്യപ്പെട്ട ( 'The constitution should contain' എന്ന് അധികാര സ്വഭാവത്തില്‍ ഉള്ള വാക്കുകളാണ് പല കത്തുകളിലും ഉണ്ടായിരുന്നത് എന്നും ഭരണഘടന നിലവില്‍ വരും മുന്‍പേ അത് തങ്ങളുടേതായി ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നും ഷാനി പറയുന്നു ) അതേ ജനങ്ങളാണ് ഭരണഘടനയ്ക്ക് മുകളില്‍ തങ്ങള്‍ക്കുള്ള അവകാശവാദമുന്നയിച്ചു ഭരണഘടനയുയര്‍ത്തി പിടിച്ചു പൗരത്വമെന്ന അവകാശമുന്നയിച്ചു സമരം ചെയ്തത്.

ആയതിനാല്‍ ഭരണഘടന ഒരു കൊളോണിയല്‍ ഡോക്യുമെന്റ് ആണെന്ന് പറയുന്നത് നിലവില്‍ സഹായിക്കുന്നത് ആരെയാണ് എന്ന് ആലോചിക്കേണ്ടതുണ്ട്.

നിലനില്‍ക്കുന്ന ഭരണഘടയൊന്നാകെ തള്ളികളയേണ്ട ഒന്നാണ് എന്നും അടിത്തട്ടിലെ ജനങ്ങളുടെ ആശയാഭിലാഷങ്ങളുടെ പ്രതിഫലനം അതില്‍ ഇല്ല എന്നിങ്ങനെ പറയുന്നതിനേക്കാള്‍ ഭരണഘടനയുടെ പരിവര്‍ത്തനോന്മുഖമായ വായനക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് അടിച്ചമര്‍ത്തപെട്ട ജനവിഭാഗങ്ങള്‍ ചെയ്യേണ്ടത്.

ഭരണഘടനയുയര്‍ത്തി പിടിച്ചു സമരം ചെയ്യുക എന്നാല്‍ Tranformative Constitutionalism എന്ന ആശയത്തിന് വേണ്ടി നിലകൊള്ളലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Next Story

RELATED STORIES

Share it