Emedia

'നര്‍ക്കോട്ടിക് ജിഹാദ്': രേഖീയ വായന പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുകയേയുള്ളൂ

നര്‍ക്കോട്ടിക് ജിഹാദ്: രേഖീയ വായന പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുകയേയുള്ളൂ
X

ഉമ്മുല്‍ ഫായിസ

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരേ നിലപാടെടുക്കുന്നുവര്‍ തന്നെ തെറ്റായ ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്ന ആശങ്ക പ്രകടിപ്പിക്കുകയാണ് എഴുത്തുകാരിയായ ഉമ്മുല്‍ ഫായിസ. ചരിത്രത്തെ രേഖീയമായി വായാക്കാനാവില്ലെന്നും അത്തരം ശ്രമങ്ങള്‍ പ്രശ്‌നങ്ങളെ സങ്കര്‍ണമാക്കുമെന്നും എഫ്ബിയില്‍ പങ്കുവച്ച കുറിപ്പില്‍ ഉമ്മുല്‍ ഫായിസ എഴുതുന്നു:

പോസ്റ്റിന്റെ പൂര്‍ണരൂപം

'നര്‍ക്കോട്ടിക് ജിഹാദ്' എന്ന ഫാഷിസ്റ്റ് പ്രചാരവേലക്കെതിരെ നിലപാടെടുക്കുമ്പോള്‍ കുരിശുയുദ്ധവും കൊളോണിയലിസവും വളരെ രേഖീയമായി വായിക്കുന്നതില്‍ കുഴപ്പമുണ്ട്. ആമിന്‍ മാലൂഫിന്റെ ' ക്രൂസേഡ് ത്രൂ അറബ് എയ്‌സ് ', ഇയാന്‍ ആല്‍മണ്ടിന്റെ ' ടൂ ഫെയിത്‌സ്, വണ്‍ ബാനര്‍: വെന്‍ മുസ്‌ലിംസ് മാര്‍ച്ച്ഡ് വിത് ക്രിസ്ത്യന്‍സ് എക്രോസ് യൂറോപ്‌സ് ബാറ്റില്‍ഗ്രൗണ്ട് ' തുടങ്ങിയ പഠനങ്ങള്‍ ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലെ സംഘര്‍ഷവും സമവായവും അടയാളപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ്.

പൗരസ്ത്യ ക്രൈസ്തവര്‍ കുരിശുയുദ്ധത്തോടു വിയോജിച്ചതിന്റെ ചരിത്രവും യൂറോപ്പില്‍ ഒട്ടോമന്‍ മുസ്‌ലിം സൈന്യത്തോടു ചേര്‍ന്നു നിന്ന ഹംഗേറിയന്‍ കര്‍ഷകരുടെ രാഷ്ട്രീയ നിലപാടുകളും പരിശോധിക്കുമ്പോള്‍ രണ്ടു വിശ്വാസ ധാരകള്‍ സംഘര്‍ഷപ്പെട്ടതിനു തുല്യമായ അളവില്‍ സമവായവും സംവാദവും നിലനിന്നിരുന്നതായി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സങ്കീര്‍ണ ചരിത്രത്തെ കേവല സാംസ്‌കാരിക / മത / നാഗരിക സംഘര്‍ഷമാക്കി മാറ്റുന്നത് പുതിയ കാലത്തെ നിയോ കൊളോണിയല്‍ പ്രത്യയശാസ്ത്രമാണ്.

ആഗോള തലത്തില്‍ തന്നെ ഇസ്‌ലാമോഫോബിയയെ ശക്തിപ്പെടുത്തുന്ന എക്‌സ്‌ക്ലൂഷനറി വ്യവഹാരങ്ങള്‍ അതേപടി സ്വീകരിക്കുന്നതു പ്രശ്‌നത്തെ ഇരട്ടിപ്പിക്കുകയാണ്; പരിഹരിക്കുകയല്ല ചെയ്യുന്നത്. വ്യത്യസ്തമായൊരു സാമൂഹിക രാഷ്ട്രീയ അജണ്ടയാണ് ഇതിനെതിരെ വികസിച്ചു വരേണ്ടത്.

ആഗോള തലത്തില്‍ തന്നെ ഇലക്ട്രല്‍ ജനാധിപത്യക്രമം നിലനില്‍ക്കുന്ന ദേശരാഷ്ട്രങ്ങളില്‍ ഭൂരിപക്ഷാധിപത്യം ഫാഷിസമായി പരിവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രശ്‌നവും ഇതിലുണ്ട്. മഹ്മൂദ് മംദാനി ' നെയ്തര്‍ സെറ്റ്‌ലര്‍ നോര്‍ നാറ്റീവ് : ദി മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് പെര്‍മനെന്റ് മൈനോറിറ്റീസ് ' എന്ന പുസ്തകത്തില്‍ വാദിക്കുന്നതു പോലെ ലിബറല്‍ ജനാധിപത്യം ചരിത്രപരമായി തന്നെ ഭൂരിപക്ഷ വാദത്തിന്റെയും ന്യൂനപക്ഷഹത്യയുടെയും രൂപം കൈവരിച്ചിരിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ കറുത്ത ആഫ്രിക്കന്‍ ന്യൂനപക്ഷത്തിനെതിരെ ലാറ്റിനോകളെ അണിനിരത്തിയും അറബ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ മറ്റു ഏഷ്യന്‍ ന്യൂനപക്ഷങ്ങളെ അണി നിരത്തിയുമാണ് ഡൊണാള്‍ഡ് ട്രാംപ് വലതുപക്ഷ പോപുലിസത്തെ വികസിപ്പിച്ചത്. 'ഹൗഡി മോഡി ' എന്ന പരിപാടിയിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കാലത്ത് അമേരിക്കയിലെ ഹിന്ദുത്വവാദികള്‍ വെളുത്ത വംശീയവാദത്തെ നേരിട്ടു പിന്തുണച്ചിരുന്നു.

കേരളീയ സാഹചര്യത്തില്‍ നല്ല ന്യൂനപക്ഷമായി ക്രൈസ്തവരെ നിര്‍മിച്ചും മോശം ന്യൂനപക്ഷമായി മുസ്‌ലിംകളെ ചിത്രീകരിച്ചും ഇന്ന് ഹിന്ദുത്വ ദേശീയ വാദം സാമൂഹിക ജീവിതത്തെ പുന: ക്രമീകരിക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. അതിനാല്‍ തന്നെ ഹിന്ദു ഭൂരിപക്ഷ വാദത്തിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അഭാവത്തില്‍ ബി ജെ പിയുടെ കേരളീയ അജണ്ട വികസിക്കാനാണ് സാധ്യത.

ന്യൂനപക്ഷാവകാശങ്ങള്‍ നിരന്തരം ഇല്ലാതാക്കുന്ന ഭരണകൂട അജണ്ട ഹിന്ദുത്വ സോഷ്യല്‍ എഞ്ചിനീയറിംഗ് വ്യവസ്ഥയുടെ ഭാഗമാണ്. കേവല മതസൗഹാര്‍ദ പ്രശ്‌നമല്ല ഇത്. സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങളെ സമഗ്രമായി പരിശോധിക്കാനുള്ള ശ്രമമാണ് ഇതിനു പരിഹാരമായി ഉണ്ടാവേണ്ടത്.



Next Story

RELATED STORIES

Share it