Emedia

എന്തുകൊണ്ട് ബിജെപിയും മോദിയും 'സൗജന്യങ്ങള്‍'ക്കെതിരെ ആഞ്ഞടിക്കുന്നു?

എന്തുകൊണ്ട് ബിജെപിയും മോദിയും സൗജന്യങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നു?
X

ഡോ. ടി എം തോമസ് ഐസക്

തിരുവനന്തപുരം: എന്തുകൊണ്ടാണ് ബിജെപിയും മോദിയും സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സൗജന്യങ്ങളെ എതിര്‍ക്കുന്നതെന്ന് വിശദീകരിക്കുകയാണ് ഡോ. ടി എം തോമസ് ഐസക്. തൊഴിലുറപ്പ് പദ്ധതിപോലുള്ളവയെ നിയന്ത്രിക്കാനും മറ്റു പാര്‍ട്ടികളുടെ സൗജന്യപ്രഖ്യാപനങ്ങളെ തകര്‍ക്കാനുമാണ് ശ്രമമെന്ന് അദ്ദേഹം പറയുന്നു: ''ഗുജറാത്തിലെ സൗജന്യ പ്രഖ്യാപനത്തില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയെ കടത്തിവെട്ടി. എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കെല്ലാം ധനസഹായം തുടങ്ങിയ നീണ്ട ലിസ്റ്റാണ് ആം ആദ്മിയുടേത്. പഞ്ചാബില്‍ ഇത്തരം വാഗ്ദാനങ്ങള്‍കൊണ്ട് ആം ആദ്മിക്കു നേട്ടമുണ്ടായി. ബിജെപിക്ക് മേല്‍കൈ ഇല്ലാത്ത ബംഗാള്‍, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ഒട്ടേറെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളമാവട്ടെ ഇത്തരമൊരു സമീപനം പണ്ടേ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ്.''

പോസ്റ്റിന്റെ പൂര്‍ണരൂപം

സൗജന്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമാണ് കഴിഞ്ഞ ഒരുമാസമായി രാജ്യത്ത് ഏറ്റവും വിപുലമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. വോട്ടിനുവേണ്ടി നിരുത്തരവാദപരമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതു രാജ്യത്തിന്റെ ധനകാര്യ സ്ഥിതിയെ അപകടത്തിലാക്കുമെന്നാണ് പ്രധാനമന്ത്രി മോദിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രമണയും ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത് ദാസും വാദിക്കുന്നത്. ഇത് നിരോധിക്കാന്‍ സുപ്രിംകോടതിയില്‍ കേസ് കൊടുത് അശ്വനി കുമാറാകട്ടെ സൗജന്യങ്ങള്‍ ഖജനാവിനെ പാപ്പരാക്കുക മാത്രമല്ല, ജനങ്ങളെ മടിയന്മാരാക്കുമെന്നും വാദിച്ചു. തെളിവായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പ്പദ്ധതിയെയാണ്. അപ്പോള്‍ മനസിലിരിപ്പു വളരെ വ്യക്തം.

യുപിയില്‍ വിജയിക്കുന്നതിനു ബിജെപി സൗജന്യങ്ങള്‍ വാരിക്കോരിയാണ് നല്‍കിയത്. യുപിയില്‍ 3.34 കോടി കുടുംബങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിനു മുന്‍പായി 7.86 കോടി പിഎം ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ തുറന്നു. ഒരു കുടുംബത്തില്‍ രണ്ടുപേര്‍ വീതം അക്കൗണ്ട്! അവയില്‍ 5.33 കോടി ആളുകള്‍ക്ക് റുപ്പിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു. 3.4 കോടി പേര്‍ക്ക് 1.8 ലക്ഷം കോടി രൂപയുടെ പിഎം മുദ്രാ വായ്പകള്‍ വിതരണം ചെയ്തു. ഇതിനു പുറമേയാണ് കിസാന്‍ സമ്മാന്‍, അടല്‍ പെന്‍ഷന്‍, വഴിയോര കച്ചവടക്കാര്‍ക്കുള്ള സഹായം തുടങ്ങിയ പദ്ധതികള്‍. ആര്‍എസ്എസിന്റെ ശൃംഖലയാണ് ഇതിന്റെ വിതരണത്തിനും പ്രചാരണത്തിനുമെല്ലാം മുന്‍കൈ എടുത്തത്.

പിന്നെ എന്തുകൊണ്ട് മോദി സൗജന്യങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ചു? ഗുജറാത്തിലെ സൗജന്യ പ്രഖ്യാപനത്തില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയെ കടത്തിവെട്ടി. എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കെല്ലാം ധനസഹായം തുടങ്ങിയ നീണ്ട ലിസ്റ്റാണ് ആം ആദ്മിയുടേത്. പഞ്ചാബില്‍ ഇത്തരം വാഗ്ദാനങ്ങള്‍കൊണ്ട് ആം ആദ്മിക്കു നേട്ടമുണ്ടായി. ബിജെപിക്ക് മേല്‍കൈ ഇല്ലാത്ത ബംഗാള്‍, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ഒട്ടേറെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളമാവട്ടെ ഇത്തരമൊരു സമീപനം പണ്ടേ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ്.

കേരളത്തില്‍ സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി നിലകൊണ്ടു. അതിന്റെ നേട്ടവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും പ്രതിശീര്‍ഷ വരുമാനം ഏതാണ്ട് 2.25 ലക്ഷം രൂപയാണ്. എന്നാല്‍ ഗുജറാത്തിലെ സാധാരണ ജനങ്ങളെക്കാള്‍ എത്രയോ മെച്ചപ്പെട്ട ജീവിതമാണ് കേരളത്തിലെ സാധാരണക്കാരുടേതെന്ന് മാനവവിഭവ വികസന സൂചിക തെളിയിക്കുന്നു. ഇത്തരത്തില്‍ വളരെയേറെ പൊതുനേട്ടങ്ങള്‍ സൃഷ്ടിക്കുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കി ഉറപ്പുവരുത്തുന്നതാണ് നല്ലതെന്ന് കേരളം സാക്ഷ്യംവഹിക്കുന്നു.

ഗുജറാത്തില്‍ ആം ആദ്മി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യങ്ങളോടു ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രചാരണവേളയില്‍ തുറന്നു കാണിക്കുക. അവ നടപ്പാക്കാനുള്ള പണത്തിന്റെ കണക്ക് ആവശ്യപ്പെടുക. ഈ പണംകൊണ്ട് പകരം ചെയ്യാവുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍വയ്ക്കുക. ജനങ്ങള്‍ തീരുമാനിക്കട്ടെ. അതാണു ജനാധിപത്യം.

നിയോലിബറല്‍ ചിന്താഗതിക്ക് അന്യമായൊരു സരണിയാണ് ജനാധിപത്യം. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോട് എന്ത് വാഗ്ദാനം ചെയ്താലും തങ്ങളുടെ ഇംഗിതപ്രകാരം രൂപംകൊള്ളുന്ന ധന ഉത്തരവാദിത്വ നിയമം പോലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലേ ഭരണം പാടുള്ളൂവെന്നാണ് അവരുടെ വാദം. ഇത്തരത്തില്‍ ജനങ്ങള്‍ക്കു നല്‍കാവുന്ന സൗജന്യങ്ങള്‍ക്കു യാന്ത്രികമായ പരിധി കല്‍പ്പിക്കാനുള്ള നീക്കങ്ങളെ തുറന്ന് എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുന്ന രീതിയില്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ നിയന്ത്രിക്കുന്നതിന് ഇപ്പോള്‍ തന്നെ നിയമങ്ങള്‍ ഉണ്ടെന്നതാണു വാസ്തവം. ധന ഉത്തരവാദിത്വ നിയമ പ്രകാരം റവന്യു കമ്മി പാടില്ല. വായ്പയെടുക്കുന്ന പണംകൊണ്ട് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകളോ സബ്‌സിഡിയോ നല്‍കാന്‍ പാടില്ല. ഇങ്ങനെയൊരു നിയന്ത്രണം നിലവിലുള്ളപ്പോള്‍ അതിനപ്പുറം കടന്ന് എന്തെല്ലാം തരത്തിലുള്ള റവന്യു ചെലവുകളാവാം എന്നതു നിര്‍ദ്ദേശിക്കാന്‍ കൂടുതല്‍ കര്‍ക്കശ്യമായ നിയമം ഉണ്ടാക്കാനാണു ശ്രമം.

ഇത്തരമൊരു പ്രചാരണവുമായി സംസ്ഥാനങ്ങള്‍ക്കെതിരെ ഇറങ്ങിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത്. 200304 കാലത്താണ് ധന ഉത്തരവാദിത്വ നിയമം ഉണ്ടായത്. നാളിതുവരെ റവന്യു കമ്മി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാരിന്റെ റവന്യു കമ്മി ജിഡിപിയുടെ 23 ശതമാനം വീതം വരും. അതേസമയം സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായി റവന്യു കമ്മി കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ സംസ്ഥാനങ്ങളുടെ റവന്യു കമ്മി ഇല്ലാതായി. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ റവന്യു കമ്മി ഉള്ളത്. അത് നമ്മുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഉയര്‍ന്ന ചെലവുകള്‍ മൂലമാണ്. അതുകൊണ്ട് നമ്മുടെ റവന്യു കമ്മി ഇല്ലാതാക്കണമെങ്കില്‍ നമ്മുടെ റവന്യു വരുമാനം ഗണ്യമായി ഉയരണം. അതിനു സഹായകരമായ സമീപനം ജി.എസ്.ടിയിലും കേന്ദ്ര നികുതി വിഹിതത്തിലും ഉണ്ടാവണം.

ഏതായാലും ഒരു കാര്യം വ്യക്തം. സംസ്ഥാനങ്ങള്‍ മൊത്തത്തില്‍ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാണ് ധനകാര്യ കൈകാര്യം ചെയ്തിട്ടുള്ളത്. തിരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് മത്സരം ജനങ്ങള്‍ക്കു കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കുന്നതിന് രാഷ്ട്രീയപാര്‍ട്ടികളെ നിര്‍ബന്ധിതരാക്കുന്നുണ്ടെങ്കില്‍ ഭീതിജനകമായ അസമത്വത്തിന്റെയും അതിസമ്പന്നരുടെയും രാജ്യത്ത് അത് ജനാധിപത്യത്തിന്റെ വിജയമായിട്ടാണു കാണുന്നത്.

Next Story

RELATED STORIES

Share it