Latest News

സംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി അസോസിയേഷന്‍

സംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ മസ്ജിദ് സര്‍വെയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. സമാധാനപൂര്‍വ്വം ജീവിച്ചു വരുന്ന ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കുകയും അവര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ശക്തികള്‍ ചെയ്യുന്നത്.

ആരാധനാലയങ്ങള്‍ക്ക് 1947ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതിനെയൊക്കെ കാറ്റില്‍പറത്തുന്ന നിലപാടാണ് സംഭല്‍ ശാഹീ മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തില്‍ പല കോടതികളും സ്വീകരിക്കുന്നത്. അപ്പീലിനുള്ള സമയം പോലും അനുവദിക്കാതെ സര്‍വ്വേ നടത്താനെന്ന പേരില്‍ ജയ് ശ്രീരാം വിളികളുമായി ചിലര്‍ മസ്ജിദില്‍ പ്രവേശിച്ചതാണ് പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം.

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അനുസരിച്ച് പോലീസിന്റെ തോക്കില്‍ നിന്നല്ല വെടിയേറ്റിരിക്കുന്നത്. വര്‍ഗീകരിക്കപ്പെട്ട പോലീസ് സേനയുടെ മറവില്‍ തീവ്ര വര്‍ഗീയ ശക്തികള്‍ അവിടെ അഴിഞ്ഞാടുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. സംഭവത്തെ തുടര്‍ന്ന് കുറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ന്യൂനപക്ഷ സമുദായ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്.

ഭരണപരാജയത്തിന്റെയും വികസനമുരടിപ്പിന്റെയും പേരില്‍ അടുത്ത യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്ന ബിജെപി കൂട്ടക്കൊലകളുടെയും വര്‍ഗീയ കലാപങ്ങളുടെയും മറവില്‍ അധികാരത്തില്‍ വരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും മതിയായ നഷ്ടപരിഹാരവും നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എസ് അര്‍ഷദ് അല്‍ഖാസിമി, പാനിപ്ര ഇബ്‌റാഹീം ബാഖവി, ആബിദ് മൗലവി അല്‍ഹാദി, സൈനുദ്ദീന്‍ ബാഖവി, അര്‍ഷദ് നദ്‌വി സംസാരിച്ചു.

Next Story

RELATED STORIES

Share it