Latest News

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ നഴ്‌സ് മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ നഴ്‌സ് മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം
X

ആലുവ: സ്വകാര്യ ആശുപത്രിയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി അനൂപ് വി നായരുടെ ഭാര്യ സന്ധ്യ മേനോനാണ് (37) മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിൽസയ്‌ക്കെത്തിയത്. അബുദാബിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്.

ശസ്ത്രക്രിയയ്ക്ക് മുമ്പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. ചികിൽസാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന അമ്മ തിയേറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്.

ഇതോടെ യുവതിയെ ആശുപത്രി അധികൃതര്‍ തന്നെ ആംബുലന്‍സ് വരുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുന്നതിനു മുന്‍പ് യുവതി മരണപ്പെട്ടിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് വാങ്ങി നല്‍കിയ മരുന്ന് മാറിയിട്ടുണ്ടെന്ന് നഴ്സ് കൂടിയായ സന്ധ്യ സംശയം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവതിക്ക് അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോട്ടുവള്ളി വെളിയത്ത് ഹരിയുടെയും ജലജയുടെയും മകളാണ്. മക്കള്‍: ആദിത്യ (ആറാം ക്ലാസ്), അദ്വൈത് (രണ്ടാം ക്ലാസ്). മൃതദേഹം പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it