Latest News

കലാപത്തിന് ആഹ്വാനം: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റില്‍ നിന്ന് മൂന്നാഴ്ച സംരക്ഷണം

കലാപത്തിന് ആഹ്വാനം: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റില്‍ നിന്ന് മൂന്നാഴ്ച സംരക്ഷണം
X

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേയുളള കലാപാഹ്വാന കേസില്‍ സുപ്രിം കോടതി മൂന്നാഴ്ച സംരക്ഷണം നല്‍കി. സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചുവെന്നും അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഫയല്‍ ചെയ്ത കേസുകളിലാണ് അര്‍ണബിന് സുപ്രിം കോടതി തല്‍ക്കാലികാശ്വാസം നല്‍കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അര്‍ണബ് അപകീര്‍ത്തിപ്പെടുത്തിയെന്നും കേസുണ്ട്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് എം ആര്‍ ഷായും അടങ്ങുന്ന സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിഡീയോ കോണ്‍ഫ്രന്‍സ് വഴി ഉത്തരവിട്ടത്. മൂന്നാഴ്ച അര്‍ണബിനെതിരേ അറസ്റ്റ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കരുതെന്നും ഈ സമയത്ത് അദ്ദേഹത്തിന് കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. കേസില്‍ സുപ്രിം കോടതി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയച്ചു.

അപകീര്‍ത്തികരമായ ഇത്തരം പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വഴി നടത്തുന്നത് വിലക്കണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. മാധ്യമങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. ലോക്ക് ഡൗണ്‍ സമയത്ത് അര്‍ണബ് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അതുവഴി പ്രക്ഷേപണ അനുമതി നല്‍കുമ്പോഴുള്ള നിബന്ധനകള്‍ ലംഘിച്ചിരിക്കുകയാണെന്നും തന്‍ക്ക വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹത്ഗിയും സിദ്ധാര്‍ത്ഥ് ഭട്‌നാഗറുമാണ് അര്‍ണബിനു വേണ്ടി ഹാജരായത്.

അര്‍ണബിനെതിരേ ഛത്തീസ്ഗഡില്‍ മാത്രം 101 കേസുകള്‍ ഫയല്‍ ചെയ്തു. തലസ്ഥാന നഗരമായ റായ്പൂരില്‍ രണ്ട് എഫ്‌ഐആറുകള്‍. അതില്‍ ഒന്ന് കാബിനറ്റ് മന്ത്രി ടി എസ് സിംഗ് ദിയോയും മറ്റൊന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് കുമാര്‍ രാജയും ഫയല്‍ ചെയ്തതാണ്. ദുര്‍ഗ് ജില്ലയില്‍ 12 കേസുകളുണ്ട്. മഹാസമുണ്ട് ജില്ലയില്‍ ചുമത്തിയത് 7 കേസുകള്‍. ബിലാസ്പൂരില്‍ നാല് എഫ്‌ഐആറുകളും ജന്‍ഗീര്‍ചമ്പ ജില്ലയില്‍ എട്ട് എഫ്‌ഐആറുകളും ഫയല്‍ ചെയ്തു.

സമാനമായി, മഹാരാഷ്ട്രയില്‍ രണ്ട്, ഉത്തര്‍പ്രദേശില്‍ ഒന്ന്, ഹിമാചല്‍ പ്രദേശില്‍ ഒന്ന്, മധ്യപ്രദേശില്‍ ഒന്ന് എഫ്‌ഐആറുകളും ഫയല്‍ ചെയ്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കുന്നതിനും സാമുദായിക വിദ്വേഷം വളര്‍ത്തുന്നതിനും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും എതിരായി ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്.

ഏപ്രില്‍ 21 ന് പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അര്‍ണബ്, സോണിയ ഗാന്ധിയുടെ പേര് മോശമായി ഉപയോഗിക്കുകയും സാന്ദര്‍ഭികമല്ലാതെ ഇറ്റലിയെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it