Latest News

നാട്യരംഗത്തെ സ്മരണകള്‍ ഉണര്‍ത്താന്‍ 'ഹോപ്പ് ഫെസ്റ്റ്'

നാട്യരംഗത്തെ സ്മരണകള്‍ ഉണര്‍ത്താന്‍ ഹോപ്പ് ഫെസ്റ്റ്
X

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'ഹോപ്പ് ഫെസ്റ്റ്' സാംസ്‌കാരിക ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ക്രിസ്തുമസ് സായാഹ്നത്തില്‍ സംഗീത നാടക അക്കാദമി അങ്കണത്തില്‍ അരങ്ങേറി. സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തിയ ഹോപ്പ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക്ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

സംഗീത നാടക കലാകാരന്‍മാരുടെ ക്ഷേമങ്ങള്‍ പരിഗണിക്കാന്‍ ഒരു സര്‍ക്കാര്‍ ഉണ്ടെന്നത് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുമായാണ് സംഗീത നാടക അക്കാദമി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലോക നാടകങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ഇറ്റ്‌ഫോക്ക് വഹിച്ച പങ്ക് സമാനതകള്‍ ഇല്ലാത്തതാണെന്ന് എംഎല്‍എ പറഞ്ഞു.

ഡിസംബര്‍ 29 മുതല്‍ 31 വരെ സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി അക്കാദമി സംഘടിപ്പിക്കുന്ന മേളയാണ് ഹോപ്പ് ഫെസ്റ്റ്.

ഹോപ്പ്‌ഫെസ്റ്റിന് മുന്നോടിയായാണ് ഇറ്റ്‌ഫോക്ക്ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇറ്റ്‌ഫോക്ക് നാടകോത്സവത്തിന്റെ

കഴിഞ്ഞ 12 എഡിഷനുകളിലെ അമൂല്യ മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനം നാടകപ്രേമികള്‍ക്ക് ഗൃഹാതുര സ്മരണയുണര്‍ത്തി.

രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. ഡിസംബര്‍ 25 ന് ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം 2022 ജനുവരി 5 ന് സമാപിക്കും.

സംഗീതവും, വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത മേളയായ ഹോപ്പ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി അറിയിച്ചു. ഓരോ ദിവസവും ഷോ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് സൗജന്യ പാസ് വിതരണം ചെയ്യും. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മാത്രമേ കാണികളെ മേളയിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരേസമയം ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയറ്ററില്‍ 200 പേരെയും ബ്ലാക്ക് ബോക്‌സില്‍ 100 പേരെയും കെ.ടി മുഹമ്മദ് സ്മരക തിയ്യറ്ററില്‍ 150 പേരെയുമാണ് പ്രവേശിപ്പിക്കാന്‍ കഴിയുക.

ചടങ്ങില്‍ അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത തബല വാദകന്‍ റോഷന്‍ ഹാരിസും പോള്‍സണും നയിച്ച'തബല സിത്താര്‍ ' പ്രത്യേക സംഗീത പരിപാടിയും അക്കാദമിയില്‍ അരങ്ങേറി.

Next Story

RELATED STORIES

Share it