Latest News

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 41 പേരെ അറസ്റ്റു ചെയ്തു

ഇന്റര്‍പോളിന്റെ സഹായത്തോടെ സംസ്ഥാന പോലീസ് എണ്ണൂറോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 41 പേരെ അറസ്റ്റു ചെയ്തു
X

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ സംസ്ഥാനത്താകെ 41 പേരെ പോലീസ് അറസ്റ്റുചെയ്തു. 339 കേസുകളും രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയിലെ ഡോക്ടര്‍ ഉള്‍പ്പെടയുള്ളവരാണ് പിടിയിലായത്. ഒരു പോലീസ് ട്രെയിനിയും കേസില്‍ ഉള്‍പ്പെട്ടു. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് വിശദ പരിശോധനക്ക് അയച്ചു. അറസ്റ്റിലായവരില്‍ ഇരുപതോളം പേര്‍ ഐ.ടി., അനുബന്ധ മേഖലകളില്‍ ജോലിചെയ്യുന്നവരോ ഐ.ടി. വിദ്യാര്‍ഥികളോ ആണ്.


കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവരെ കുറിച്ച് സൈബര്‍ഡോം ആണ് അന്വേഷണം നടത്തിയത്. ഇന്റര്‍പോളിന്റെ സഹായത്തോടെ സംസ്ഥാന പോലീസ് എണ്ണൂറോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം. 465 സ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാന്‍ ഉപയോഗിച്ച 392 ഫോണുകളും കംപ്യൂട്ടറും പിടിച്ചെടുത്തു. 596 പ്രദേശങ്ങളിലുള്ള വ്യക്തികളെ നിരീക്ഷണത്തിലാക്കി 320 സംഘങ്ങളാണ് പരിശോധന നടത്തിയത്.


രഹസ്യമായും സാങ്കേതിക മികവോടെയും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാലും പിടിയിലാകുമെന്നും ഇത്തരക്കാര്‍ക്കെതിരേ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്നും കേരള സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു.




Next Story

RELATED STORIES

Share it