Latest News

ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കൊവിഡ്

ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ജീവനക്കാര്‍ക്ക് കൊവിഡ് ബാധയേറ്റതായി കണ്ടെത്തിയത്.

ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: ബിജെപി ദേശീയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 42 ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപോര്‍ട്ട്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ കൂട്ട പരിശോധനയിലാണ് ഇത്രയും ജീവനക്കാര്‍ക്ക് കൊവിഡ് ബാധയേറ്റതായി കണ്ടെത്തിയത്.

രോഗബാധിതരില്‍ അധികവും ശുചീകരണ തൊഴിലാളികളാണ്. എല്ലാവരെയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധ കണ്ടെത്തിയതോടെ ന്യൂഡല്‍ഹി മിന്റോ റോഡിലുള്ള ദേശീയ ആസ്ഥാനം പൂര്‍ണമായും അണുവിമുക്തമാക്കി. വലിയ യോഗങ്ങള്‍ക്ക് മുന്നോടിയായി ഓഫിസിലെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയമാവണമെന്ന് ബിജെപി പ്രൊട്ടോകോള്‍ ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ടെസ്റ്റിലാണ് ഇത്രയും ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

നിലവില്‍ ഏറ്റവും സുപ്രധാന ജോലികള്‍ ചെയ്യാനുള്ളവര്‍ മാത്രമാണ് ആസ്ഥാനത്തേക്ക് വരുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ജീവനക്കാരനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്കും കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ദേശീയ അധ്യക്ഷന് അണുബാധ കണ്ടെത്തിയത്. ഈ യോഗത്തിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവര്‍ക്കും തിങ്കളാഴ്ച പോസിറ്റീവ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ചുമതല വഹിക്കുന്ന ഒരു ബിജെപി നേതാവിനും കോവിഡ് പോസിറ്റീവാണെന്ന് ചൊവ്വാഴ്ച കണ്ടെത്തുകയുണ്ടായി.

Next Story

RELATED STORIES

Share it