Latest News

കാര്‍ഷിക ബില്ല്: കേന്ദ്ര സര്‍ക്കാരിനെതിരേ വിശാലമുന്നണിക്ക് ആഹ്വാനം നല്‍കി അകാലിദള്‍; പിന്തുണയറിയിച്ച് തൃണമൂലും ശിവസേനയും

കാര്‍ഷിക ബില്ല്: കേന്ദ്ര സര്‍ക്കാരിനെതിരേ വിശാലമുന്നണിക്ക് ആഹ്വാനം നല്‍കി അകാലിദള്‍; പിന്തുണയറിയിച്ച് തൃണമൂലും ശിവസേനയും
X


ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പാസ്സാക്കിയെടുത്ത കാര്‍ഷിക ബില്ലിനെതിരേ വിശാലമായ ഐക്യമുന്നണിക്ക് ആഹ്വാനം നല്‍കി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അകാലിദളിന്റെ നീക്കങ്ങള്‍ക്ക് ശിവസേനയുടെയും തൃണമൂലിന്റെയും നേതാക്കള്‍ ശക്തമായ പിന്തുണയറിയിച്ചു.

താങ്ങുവിലയുമായി ബന്ധപ്പെട്ട് പുതിയ നിയമത്തില്‍ തിരുത്തലുകള്‍ വരുത്തണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്ന് എന്‍ഡിഎ വിട്ട് തൊട്ടടുത്ത ദിവസമാണ് അകാലിദള്‍ ഇത്തരമൊരു ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് രാഷ്ട്രീയ വൃത്തങ്ങള്‍ സുപ്രധാനമായാണ് കാണുന്നത്. എന്‍ഡിഎയിലെ സ്ഥാപക പാര്‍ട്ടികളിലൊന്നാണ് ശിരോമണി അകാലിദള്‍. കശ്മീരില്‍ പഞ്ചാബി ഒരു ഔദ്യോഗിക ഭാഷയാക്കണമെന്ന അകാലിദളിന്റെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതും പാര്‍ട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

എന്‍ഡിഎ രൂപീകരിച്ചശേഷം പുറത്തുവരുന്ന മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ശിരോമണി അകാലിദള്‍. ശിവസേനയും തെലുങ്കുദേശം പാര്‍ട്ടിയുമാണ് മറ്റ് രണ്ട് പാര്‍ട്ടികള്‍.

കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മുഴുവന്‍ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളില്‍ പുതിയ നിയമം വലിയ അനിശ്ചിതത്വത്തിന് കാരണമാവും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും. ഞങ്ങളുടെ പോരാട്ടം രാജ്യത്തിന്റെ വിശാലമായ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്- സുഖ്‌ദേവ് സിങ് ബാദല്‍ പറഞ്ഞു. റോപാറില്‍ കാര്‍ഷിക നിയമത്തിനെതിരേ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍.

കാര്‍ഷിക നിയമത്തിനെതിരേ യോജിച്ചുള്ള പോരാട്ടത്തിന് തയ്യാറാവണമെന്ന് കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികളോട് അകാലിദള്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെയും കച്ചവടക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ആരുമായും യോജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാദലിന്റെ ആഹ്വാനം മറ്റു പാര്‍ട്ടികള്‍ക്കിടയിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അകാലിദളിന്റെ ആഹ്വാനത്തോട് പ്രതിപക്ഷപാര്‍ട്ടികള്‍ യോജിപ്പ് പ്രകടിപ്പിച്ചു. ശിവസേനയും തൃണമൂലും പരസ്യമായിതന്നെ പിന്തുണ പ്രഖ്യാപിച്ചു.

''ബാദലിലെയും അകാലിദളിനെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. കര്‍ഷകര്‍ക്കും വേണ്ടി പോരാടുകയെന്നത് തൃണമൂലിന്റെ ജനിതകത്തിലുണ്ട്. 2006 ല്‍ മമതാ ബാനര്‍ജി തന്റെ ജീവന്‍ അപകടപ്പെടുത്തിയാണ് കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കാന്‍ 26 ദിവസം നിരാഹാരസമരമനുഷ്ടിച്ചത്. പുതിയ കാര്‍ഷിക നിയമത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. സര്‍ക്കാരിന്റെ ഇടപെടലിനുള്ള സാധ്യതകള്‍ കുറച്ച് താങ്ങുവിലയും സംഭരണവും പൊതുവിതരണ സംവിധാനവും അപായപ്പെടുത്തുന്ന പുതിയ നിയമത്തിനും തൃണമൂല്‍ എതിരാണ്- തൃണമൂല്‍ എംപി ഡറക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.

ശിവസേനയുെട സജ്ഞയ് റാവത്തും അകാലിദളിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. ''കര്‍ഷകരുടെ താല്‍പ്പര്യാര്‍ത്ഥം എന്‍ഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള അകാലിദളിന്റെ തീരുമാനത്തെ ശിവസേന അഭിനന്ദിക്കുന്നു''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it