Latest News

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ലോക്ക് ഡൗണ്‍ പ്രതിവിധിയാണോ?

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ലോക്ക് ഡൗണ്‍ പ്രതിവിധിയാണോ?
X

ഡല്‍ഹി തീവ്രമായ വായുമലിനീകരണത്തിന്റെ പിടിയിലാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഏറ്റവും ഗുരുതരമായ നിലയിലേക്ക് മാറിയിട്ടുണ്ട്. അടിയന്തര നടപടിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യ തലസ്ഥാനം നീങ്ങുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഡല്‍ഹി അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ കൃഷിക്ക് വയലൊരുക്കുന്നതുമായി ബന്ധപ്പെട്ട് വയല്‍ കത്തിക്കുന്നതാണ് നഗരത്തില്‍ പുകമഞ്ഞ് നിറയാനുള്ള ഒരു കാരണം. നഗരത്തിലെ വാഹന ഗതാഗതും മറ്റൊരു കാരണമാണ്. കൂടാതെ ചൂടും കാറ്റിന്റെ ഗതിവേഗം കുറഞ്ഞതുമായ കാലാവസ്ഥയും.

ഡല്‍ഹി വായുമലിനീകരണം കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. മലിനീകരണം കുറയ്ക്കാന്‍ ലോക്ക് ഡൗണ്‍ പരിഗണിക്കാമോയെന്നതിനെക്കുറിച്ച് ഡല്‍ഹി സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.

ലോക്ക് ഡൗണ്‍ ഗുണം ചെയ്യുമോയെന്ന കാര്യം പക്ഷേ, വിദഗ്ധര്‍ക്കിടയില്‍ രണ്ട് പക്ഷം ഉണ്ടാക്കിയിരിക്കുകയാണ്. ഒരു കൂട്ടര്‍ പറയുന്നത് അത് ഗുണം ചെയ്യില്ലെന്നാണ്. മറുകൂട്ടര്‍ തിരിച്ചും പറയുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുമ്പ് സാധാരണ ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷാസംവിധാനങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം എന്തെങ്കിലും ചെയ്തതുകൊണ്ടായില്ല, എന്തു നടപടിയാണെങ്കിലും ഡല്‍ഹി എന്‍സിആറില്‍ മുഴുവന്‍ സ്വീകരിക്കേണ്ടിവരുമെന്നും പറയുന്നു. വാഹനനിയന്ത്രണം, ലോക്ക് ഡൗണ്‍ തുടങ്ങി ഏത് അടിയന്തര നടപടിയാണ് സ്വീകരിക്കാവുന്നതെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോടും ചോദിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ ഗുണം ചെയ്യുമെങ്കിലും സാധാരണക്കാരുടെ ജീവിതം നിലനിര്‍ത്തുന്നതിനാവശ്യമായ സംവിധാനം ഉണ്ടാക്കണമെന്ന് കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വിറോന്‍മെന്റ് ആന്റ് വാട്ടര്‍, റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ കാര്‍ത്തിക് ഗണേശന്‍ പറയുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഒതുങ്ങിനില്‍ക്കാതെ എന്‍സിആറില്‍ പൂര്‍ണമായും അതേ നടപടി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മുന്‍ അഡി. ഡയറക്ടര്‍ ദീപക് ഷാ പറയുന്നു.

ഇത്തരമൊരു അവസ്ഥയുണ്ടാകുമെന്ന് മുന്നറിപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നും ചെയ്തില്ലെന്ന് ഗണേശന്‍ ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപിക്കല്‍ മെട്രോളജി മലിനീകരണത്തില്‍ ഓരോ വിഭാഗത്തിന്റെയും സംഭാവന എന്താണെന്ന് മനസ്സിലാക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അത് ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞാല്‍ നമുക്ക് അത് തടയാനുള്ള വഴി നോക്കാന്‍ കഴിയുമായിരുന്നു. പടുകുഴിയിലാണെങ്കില്‍ പിന്നെ ചര്‍ച്ചകൊണ്ട് കാര്യമില്ല. കാര്യങ്ങള്‍ താഴേക്ക് പോവുകയാണെന്ന് അറിഞ്ഞാല്‍ നാമത് നിയന്ത്രിക്കാന്‍ ശ്രമിക്കും. ഘട്ടംഘട്ടമായ പദ്ധതികളാണ് നമുക്ക് വേണ്ടത്- ഗണേശ് കൂട്ടിച്ചേര്‍ത്തു. ഘട്ടംഘട്ടമായ നടപടികളാണ് യഥാര്‍ത്ഥ പ്രതിവിധി. പെട്ടെന്നെടുക്കുന്ന നടപടികള്‍ ആ സാധ്യത തള്ളിക്കളയുമെന്ന് അദ്ദേഹം ആശങ്ക പ്രവകടിപ്പിച്ചു.

വയല്‍കത്തിക്കല്‍ വഴിയുള്ള മലിനീകരണത്തോടൊപ്പം ഡല്‍ഹി, എന്‍സിആറിലെ മലിനീകരണവും കണക്കിലെടുക്കണമെന്ന് എന്‍വിറോന്‍മെന്റ് എഞ്ചിനീയറിങ് വിദഗ്ധനും ഐഐടി കാന്‍പൂര്‍ പ്രഫസറുമായ സച്ചിദാനന്ദ് ത്രിപാഠി പറയുന്നു.

വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊണ്ട് ഗുണം ചെയ്യുകയില്ല. എങ്കിലും വാഹനഗതാഗതം കുറയ്ക്കുന്നതും വായല്‍ കത്തിക്കല്‍ തടയുന്നതും ഇന്നത്തെ അവസ്ഥയില്‍ കുറച്ച് ഗുണം ചെയ്യുമെന്നാണ് തന്റെ തോന്നലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണ്‍ ഇപ്പോള്‍ നടപ്പായാല്‍ അത് വലി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ഭയവും വിദഗ്ധര്‍ മറച്ചുവയ്ക്കുന്നില്ല.

Next Story

RELATED STORIES

Share it