Latest News

വധശ്രമക്കേസ്: ശബരീനാഥന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും; സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

വധശ്രമക്കേസ്: ശബരീനാഥന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും; സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് മുതല്‍ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നല്‍കിയത്. അതേസമയം, ശബരീനാഥനെതിരായ നടപടിയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റിനെതിരേ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം.

മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതോടെ നിയമസഭ പ്രക്ഷുബ്ധമാവും. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് എംഎല്‍എമാര്‍ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരീനാഥന്റെ നാടകീയ അറസ്റ്റിനൊടുവില്‍ പോലിസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം കിട്ടിയത് സര്‍ക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാന്‍ഡ് റിപോര്‍ട്ടും കസ്റ്റഡി റിപോര്‍ട്ടും ഹാജരാക്കിയ പോലിസ്, വാട്‌സ് ആപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ ശബരീനാഥന്റെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലിസ് അറിയിച്ചു. എന്നാല്‍, ഇതെല്ലാം തള്ളി കോടതി ശബരീനാഥന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം ഫോണ്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Next Story

RELATED STORIES

Share it