Latest News

അഷ്ടമിച്ചിറയില്‍ ബവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ്: വിവാദം കനക്കുന്നു

ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ ഇതുവരേയും അനുമതിക്കായി ആരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നു

അഷ്ടമിച്ചിറയില്‍ ബവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ്: വിവാദം കനക്കുന്നു
X

മാള: അഷ്ടമിച്ചിറയില്‍ ബവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് വരുന്നതില്‍ വിവാദം കനക്കുന്നു. തദ്ദേശവാസികളും ചില മദ്യവിരുദ്ധ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നതോടെ കഥയറിയാതെ മിഴിക്കുകയാണ് പ്രാദേശിക ഭരണകക്ഷിയിലെ ഒരു വിഭാഗം. വില്‍പ്പനകേന്ദ്രം വരുന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ല എന്നാണ് ഇവരുടെ ഭാഷ്യം. അഷ്ടമിച്ചിറയില്‍ ബവറേജസ് ഔട്ട്‌ലെറ്റ് വരുന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പ്രാദേശിക നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നു. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ ഇതുവരേയും അനുമതിക്കായി ആരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പറയുന്നു. എങ്കില്‍ എങ്ങിനെയാണ് ഔട്ട്‌ലെറ്റിന് പ്രവര്‍ത്തനാനുമതി ലഭിക്കുക എന്നാണ് ഭരണകക്ഷിയിലെ പ്രാദേശിക നേതൃത്വത്തിന്റെ ചോദ്യം. അതേസമയം മേലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വില്‍പ്പനകേന്ദ്രമാണ് ഇവിടേക്ക് മാറ്റിസ്ഥാപിക്കുന്നത് എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് നവംബര്‍ 11ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ഒപ്പുവെച്ച ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍നിന്ന് ലൈസന്‍സ് സമ്പാദിക്കാന്‍ ചാലക്കുടി വെയര്‍ഹൗസ് മാനേജര്‍ക്ക് നിര്‍ദ്ധേശം നല്‍കിയുള്ള ഉത്തരവും അനുബന്ധമായി ഇറക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ വില്‍പ്പനകേന്ദ്രം അഷ്ടമിച്ചിറയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അനൗദ്യോഗികമായി അറിയുന്നു.അഷ്ടമിച്ചിറ ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിലാണ് ബവറേജസ് വില്‍പ്പനകേന്ദ്രം ആരംഭിക്കുന്നത്. ജംഗ്ഷനില്‍നിന്ന് ഏകദേശം 12 അടി മാത്രം വീതിയുള്ള ഇടുങ്ങിയ റോഡിനരുകിലാണ് ഈ കെട്ടിടം. വില്‍പ്പനകേന്ദ്രം ആരംഭിക്കുന്നതോടെ തിരക്കുമൂലം ഇതുവഴി ഗതാഗതം സാദ്ധ്യമല്ലാതാകുമെന്നാണ് ചിലരുടെ മുന്നറിയിപ്പ്. റോഡിന്റെ ഇരുവശങ്ങളിലുമായി പത്തിലധികം കുടുംബങ്ങളുണ്ട്. സമീപത്ത് എല്‍ പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ദൂരപരിധി പാലിച്ചിട്ടില്ലാത്തത്തിനാല്‍ ഇവിടെ ഔട്‌ലെറ്റിന് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെടുന്നു. വ്യാപാരികളില്‍ ഒരുവിഭാഗവും ഔട്‌ലെറ്റിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനവാസ കേന്ദ്രവും സമീപത്ത് മതവിദ്യാഭ്യാസ സ്ഥാപനവുമുള്ള അഷ്ടമിച്ചിറ ടൗണില്‍ ബിവറേജസിന് അനുമതി നല്‍കിയ അതോറിറ്റിയുടെ തീരുമാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ബദ്ധപ്പെട്ട അധികാരികള്‍ ഈ ജനവിരുദ്ധ നടപടിയുമായി മുന്നോട്ട് പോയാല്‍ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി കെ അബ്ദുള്‍ സലാം മാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. ടി വി ശിവശങ്കരന്‍, ഷാനവാസ് മാമ്പ്ര, ടി കെ മുഹമ്മദാലി, സത്താര്‍ അന്നമനട, സമീറ ജലീല്‍,ടി എച്ച് ഹൈദ്രോസ്,എന്‍ എ ഹസ്സന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it