- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളിയുടെ നാടകചരിത്രം പുനര്‍വായിക്കാമോ?
ഡോ. വി ഹിക്മത്തുല്ല
ഒരു ദേശം ഭാവന ചെയ്യപ്പെടുന്നത് ആ ദേശത്ത് ജീവിക്കുന്ന ആധിപത്യസമൂഹങ്ങളുടെ കാഴ്ചപ്പാടിലൂടെയായിരിക്കും. മലയാളത്തിലെ ആദ്യ നാടകത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇതിന് ഉദാഹരണമാണ്. മലയാളത്തില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടകകൃതിയാണ് 'ആള്‍മാറാട്ടം.' 1866ലാണ് കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ്, ഷേക്‌സ്പിയറിന്റെ 'കോമഡി ഓഫ് എറേഴ്‌സ്'എന്ന ഈ ശുഭാന്തനാടകം പരിഭാഷപ്പെടുത്തുന്നത്. എന്നാല്‍, കാളിദാസന്റെ 'അഭിജ്ഞാനശാകുന്തള'ത്തിനുള്ള തര്‍ജമ (1882) എഴുതിയ കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് കാലങ്ങളായി ആദ്യ നാടകകൃത്തെന്ന പദവി വഹിക്കുന്നത്. മറ്റു പലതിലുമെന്നപോലെ കേരളവര്‍മയെ തുടക്കക്കാരനാക്കി നാടകചരിത്രം നിര്‍മിക്കുമ്പോള്‍, ജാതിക്കോയ്മയുടെ വിശേഷാധികാരം തന്നെയാണ് അവിടെയും പ്രവര്‍ത്തിക്കുന്നത്. മലയാളത്തിലെ പൊതുസാഹിത്യ ചരിത്രങ്ങളിലെല്ലാം നാടകത്തിന്റെ കഥ പറയുമ്പോള്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ശാകുന്തളം തര്‍ജമ മുതല്‍ ഒരു പ്രത്യേക പാറ്റേണില്‍ കാര്യങ്ങള്‍ വിവരിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്.
അവതരണങ്ങളിലൂടെയും പ്രേക്ഷക പ്രതികരണങ്ങളിലൂടെയും നിലനില്‍ക്കുന്ന ഒന്നാണ് നാടകം. ഇവയെ സാഹിത്യത്തിന്റെ പരിധിയിലൊതുക്കിയാണ് നാം അധികവും ചര്‍ച്ച ചെയ്തിട്ടുള്ളത്. തിയേറ്റര്‍ എന്ന വിശാലസംജ്ഞയില്‍ നാടകത്തെ മനസ്സിലാക്കുമ്പോള്‍, നാടകകൃതിയും അഭിനേതാക്കളും രംഗസ്തുക്കളും നാടകശാലയും പ്രേക്ഷകരുമെല്ലാമടങ്ങുന്ന ഒരു വ്യവഹാരത്തിന്റെ ഭാഗമായാണ് അതു നിലകൊള്ളുന്നതെന്നു കാണാം. അപ്പോള്‍ അതു സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രത്തിന്റെ കൂടി ഭാഗമാവുന്നു.
മലയാളനാടകത്തിന്റെ ചരിത്രം ക്രോഡീകരിക്കാനും വിശകലനം ചെയ്യാനും സവിശേഷമായ ശ്രമങ്ങള്‍ നടക്കുന്നത് 1970നു ശേഷമാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ 'മലയാള നാടകചരിത്രം' (1970), ജി ഗംഗാധരന്‍ നായരുടെ 'മലയാളനാടകം നൂറുവര്‍ഷം' (1981), വി എസ് ശര്‍മയുടെ 'മലയാള നാടകം 1880-1980' (1983), മടവൂര്‍ ഭാസിയുടെ 'മലയാള നാടകസര്‍വസ്വം' (1990), മലയാള നാടകവേദിയുടെ 'കഥ' (1997), ജി ശങ്കരപ്പിള്ളയുടെ 'മലയാള നാടകസാഹിത്യചരിത്രം' (1991), വയലാ വാസുദേവ പിള്ളയുടെ 'മലയാളനാടക സാഹിത്യചരിത്രം' (2005), ഡോ. കെ ശ്രീകുമാറിന്റെ 'മലയാളസംഗീത നാടക ചരിത്രം' (2002), സജിത മഠത്തിലിന്റെ 'മലയാളനാടക സ്ത്രീ ചരിത്രം' (2010) എന്നിവയാണ് സാഹിത്യചരിത്ര സ്വഭാവത്തില്‍ എഴുതപ്പെട്ട നാടകചരിത്രങ്ങള്‍.
20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ കേരളീയ കലാരംഗത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്, മറ്റെല്ലാ സാമൂഹികരംഗത്തെയും പോലെ ജാതി തന്നെയായിരുന്നു. ബ്രാഹ്മണ്യനിയമങ്ങളുടെ സങ്കീര്‍ണതകളിലാണ് നാടോടി അനുഷ്ഠാന ക്ഷേത്രകലകളെല്ലാം കേരളത്തില്‍ നിലനിന്നത്. സഞ്ചരിക്കുന്ന തമിഴ് സംഗീത നാടകങ്ങളുടെ കടന്നുവരവ് (1865-70) ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി. അക്കാലത്ത് ഫ്യൂഡല്‍ കലകളില്‍ സ്ത്രീസാന്നിധ്യം വളരെ കുറവായിരുന്നു. കഥകളിയടക്കമുള്ളവയില്‍ പുരുഷന്മാര്‍ (പ്രത്യേക ജാതിക്കാര്‍) തന്നെയാണ് സ്ത്രീവേഷം ചെയ്തിരുന്നത്. സംസ്‌കൃത നാടകങ്ങളില്‍ സ്ത്രീകളും കീഴ്ജാതിക്കാരുമെല്ലാം പ്രാകൃതമായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. ഭാഷാ പ്രയോഗങ്ങളില്‍ വരെ ഉച്ചനീചത്വങ്ങള്‍ പ്രകടമായിരുന്നു. കലാകാരന്മാരും ആസ്വാദകസമൂഹവും വരേണ്യര്‍ തന്നെയായിരുന്നു.
നാലപ്പാട്ട് അമ്മിണി (ശകുന്തള), തോട്ടയ്ക്കാട്ട് ഇക്കാവമ്മ (സുഭദ്രാര്‍ജുനം), ഏലിയാമ്മ ജോര്‍ജ് (കല്യാണക്കാര്യം), പാലിയത്ത് ഓമനക്കുഞ്ഞമ്മ (കിരാതര്‍ജുനീയം വ്യായോഗം), കുഞ്ഞുലക്ഷ്മിയമ്മ (ചിത്രഗുപ്തന്‍), കുട്ടിക്കുഞ്ഞുതങ്കച്ചി (അജ്ഞാതവാസം) എന്നീ നാടക രചയിതാക്കളായ സ്ത്രീകളെയും തോട്ടക്കാട്ട് ഇക്കാവമ്മയെപ്പോലുള്ള ആദ്യ അഭിനേത്രികളെക്കുറിച്ചും സൂചനകളുണ്ട്. എന്നാല്‍, വരേണ്യ ഇതര കലയോ കലാകാരന്മാരോ ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. വരേണ്യമെന്നും കീഴാളമെന്നും രണ്ടായി വിഭജിക്കപ്പെട്ടിരുന്ന കലയില്‍ തങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങളുടെ ചരിത്രപരമായ മേല്‍ക്കോയ്മ ഉറപ്പുവരുത്തുന്നതില്‍ വരേണ്യസമൂഹം ശ്രദ്ധിച്ചു. കലാരൂപങ്ങളെ സൗന്ദര്യശാസ്ത്രപരമായും ഘടനാപരമായും ശുദ്ധീകരിക്കുന്ന പദ്ധതികള്‍ രൂപം കൊണ്ട സമയത്ത് ഇത്തരത്തിലുള്ള ശുദ്ധിവാദങ്ങളോട് കലഹിച്ചാണ് തമിഴ് സംഗീതനാടകമടക്കമുള്ള ജനകീയകലകള്‍ അതിജീവിച്ചതെന്നു ഗീഥയുടെ ഉത്തരകാലത്തിലെ പഠനത്തില്‍ പറയുന്നുണ്ട്.1 വരേണ്യ കലാരൂപങ്ങളാവട്ടെ സാംസ്‌കാരിക മൂലധനവും ഭരണകൂടത്തിന്റെ പിന്തുണയും വഴി സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ 1930ല്‍ കേരള കലാമണ്ഡലവും 1939ല്‍ സ്വാതി തിരുന്നാള്‍ സംഗീത കലാലയവും ഇതേ വരേണ്യതാ സ്ഥാപനം തന്നെയാണ് സാധിച്ചത്.
സംഗീത നാടകങ്ങള്‍ ജാതിഭേദമന്യേ പൂര്‍ണമായും ജനകീയസ്വഭാവം കൈകൊണ്ടു എന്നുപറയാന്‍ സാധിക്കില്ല. ചില നാടക സംഘങ്ങളില്‍ അഭിനേതാക്കള്‍ക്കിടയില്‍ ജാതി ഒരു പ്രശ്‌നമായിത്തന്നെ നിലനിന്നിരുന്നു, പരസ്പരം തൊട്ടഭിനയിക്കുന്നതുപോലുള്ളവ പ്രശ്‌നമായ സന്ദര്‍ഭങ്ങളുണ്ട്. സംഗീതനാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്ന ചില ഇടങ്ങളില്‍ 'കീഴാള' വിഭാഗങ്ങള്‍ക്കു പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ തന്റെ 'ഒരു നടന്റെ ആത്മകഥ' എന്ന പുസ്തകത്തില്‍2 തൃപ്പൂണിത്തറ ഫോര്‍ട്ടിനകത്തു കീഴ്ജാതിക്കാര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നതിനെ കുറിച്ചും ക്രിസ്ത്യാനിയായ തനിക്കു സംഗീത ഉപകരണങ്ങളുമായി നാടകാവതരണത്തിനായി പോവാന്‍ സാധിച്ചതിനെക്കുറിച്ചും പറയുന്നു.
എല്ലാവര്‍ക്കും തുല്യ അവകാശങ്ങളോടെ പ്രാപ്യമായ ഇടമായാണ് പൊതുമണ്ഡലം സങ്കല്‍പ്പിക്കപ്പെടുന്നത്. മലയാളിയുടെ പൊതുമണ്ഡലം നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാരൂപമായാണ് നാടകത്തെയും സ്ഥാനപ്പെടുത്താറ്. പൊതുമണ്ഡലം നിയന്ത്രിക്കുന്ന രാഷ്ട്രീയാധികാരം പല സമുദായങ്ങളെയും പുറന്തള്ളിയാണ് അതു മുന്നോട്ടുകൊണ്ടുപോയതെന്ന് ഇന്നു നമുക്കറിയാം. അതുപോലെ നമ്മുടെ 'പൊതുനാടക ചരിത്ര'വും പലതരത്തിലുള്ള ജീവിതങ്ങളെ പുറന്തള്ളിയതായി ഇന്നു നാം തിരിച്ചറിയുന്നു. തൊണ്ണൂറുകളോടടുത്താണ് നമ്മുടെ നാടകം സ്ത്രീ, ദലിത്, ആദിവാസി സാന്നിധ്യങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങുന്നത്. ഇന്നാവട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ അതിജീവനവും സംഘാടനവും നടത്താന്‍ നാടകത്തെ മാധ്യമമാക്കുന്നുണ്ട്. നാടകം അവതരണത്തെ പ്രധാനമായി കരുതുന്നതുകൊണ്ട് അവ പലപ്പോഴും രേഖപ്പെടുത്തപ്പെടാറില്ല. രേഖകളില്‍ നിലനില്‍ക്കുന്നതു മാത്രമേ സാഹിത്യ ചരിത്രങ്ങളും ശ്രദ്ധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഏത് എഴുത്തിലും ശ്രദ്ധയില്‍പ്പെടാതെ പോവുന്ന അനവധി സംരംഭങ്ങളുണ്ടാവാം.
ഇന്ത്യന്‍ നാടകം എന്ന സങ്കല്‍പ്പത്തിനു തന്നെ ചില ആശയക്കുഴപ്പങ്ങളോടെയല്ലാതെ നിലനില്‍ക്കാനാവില്ല. കൊളോണിയല്‍ ആധുനികതയും സവര്‍ണ ദേശീയവാദവും ഉറപ്പിച്ചെടുത്ത ദേശരാഷ്ട്രഭാവനയില്‍ പല ജനവിഭാഗങ്ങളും പ്രദേശങ്ങളും അപരങ്ങളായി മാറിയത് ഏകശിലാ സംസ്‌കാരം എന്ന തെറ്റായ ധാരണയിലൂടെയാണ്. ഹബീബ് തന്‍വീറും അല്‍ക്കാസിയും രത്തന്‍ തിയ്യവും കന്‍ഹയ്‌ലാലും ഗിരീഷ്‌കര്‍ണാട്ടും കാവാലവുമെല്ലാം നാടകത്തിന്റെ പ്രാദേശികത്തനിമയെക്കുറിച്ചു വ്യത്യസ്തമായി സങ്കല്‍പ്പിച്ചുവെങ്കിലും ദേശം എന്ന ഏകരൂപിയായ സാംസ്‌കാരികതയുടെ ചില മുന്‍വിധികളില്‍ അവരും കുടുങ്ങിയിട്ടുണ്ട്. ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ നാട്യശാസ്ത്രം പൗരസ്ത്യ ലാവണ്യശാസ്ത്രത്തിന്റെ കേന്ദ്രമാക്കുമ്പോള്‍ ചാര്‍വാക-ബൗദ്ധ-ജൈന-ഇസ്‌ലാമിക -ക്രൈസ്തവ-ദ്രാവിഡ ഗോത്ര സൗന്ദര്യചിന്തകള്‍ നിരാകരിക്കപ്പെട്ടു. 1968ലെ കൂത്താട്ടുകുളം നാടകക്കളരിയില്‍, സി എന്‍ ശ്രീകണ്ഠന്‍നായര്‍ 'തനതു നാടകവേദി'യെപ്പറ്റി അവതരിപ്പിച്ച പ്രബന്ധത്തില്‍, 'പാരമ്പര്യസ്വഭാവം വീണ്ടെടുത്താല്‍ മാത്രമേ മലയാളിക്കു സ്വന്തമായ ഒരു നാടകവേദി സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ' എന്നു പറയുന്നുണ്ട്. ഈ പാരമ്പര്യബോധ്യം പിന്നീട്, വൈവിധ്യങ്ങളിലേക്കു സഞ്ചരിക്കാന്‍ സാധിക്കാതെ നിശ്ചലമായിപ്പോവുകയാണുണ്ടായത്.
ദലിത് നാടക ഉണര്‍വുകളെ മലയാളിയുടെ നാടക ചരിത്രം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. പണ്ഡിറ്റ് കെ പി കറുപ്പന്റെ 'ബാലാകലേശം' നാടകത്തെ (1919) 'വാലകലാശം' എന്നു പരിഹസിച്ചത് അക്കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. അഥവാ മുക്കുവരുടെ കോപ്രായം എന്ന്. കറുപ്പന്‍ മുക്കുവ സമുദായാംഗമായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചു ചരിത്രത്തില്‍ തന്റേതായ ഇടം നേടിയ മഹാത്മാവാണ് കറുപ്പന്‍. നവോത്ഥാന നായകന്‍, കവി, നാടകരചയിതാവ്, അധ്യാപകന്‍, മനുഷ്യാവകാശ സംരക്ഷകന്‍, നിയമസഭാംഗം, സംസ്‌കൃത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമല്‍സരത്തിലാണ് 'ബാലകലേശം' അവതരിപ്പിച്ചത്. ലക്ഷണമൊത്തൊരു സാമൂഹികവിമര്‍ശന നാടകമായിരുന്നു 'ബാലാകലേശം.' നാടിന്റെ മൊത്തത്തിലുള്ള സാമൂഹികാവസ്ഥയും മഹാരാജാവിന്റെ ഭരണനേട്ടങ്ങളും അവതരിപ്പിക്കുന്നതോടൊപ്പം ജാതിആധിപത്യത്തിനെതിരേയുള്ള പ്രതിഷേധം കൂടിയായിരുന്നു അത്. രാജ്യത്തെ പൊതുവഴികളില്‍ എല്ലാ മനുഷ്യര്‍ക്കും വഴിനടക്കാം എന്നായിരുന്നു നാടകം നല്‍കുന്ന സന്ദേശം. പൊതുവഴിയിലൂടെ സഞ്ചരിച്ച പുലയനെ മര്‍ദ്ദിച്ച സവര്‍ണനെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ നാടുകടത്താനും അയിത്താചരണം ശിക്ഷാര്‍ഹമാണെന്ന സന്ദേശം നല്‍കിയും നാടകം അവസാനിക്കുന്നു. മല്‍സരത്തില്‍ ഈ നാടകത്തിനായിരുന്നു പുരസ്‌കാരം. വി എസ് ആന്‍ഡ്രൂസ് 1930ല്‍ എഴുതിയ 'നിയമസഭാ കലാപം പ്രഹസനം' മറ്റൊരു കീഴാളവിരുദ്ധ സന്ദര്‍ഭമായി കണ്ടെടുക്കണം. കൊച്ചി പ്രജാസഭയില്‍ പുലയര്‍ക്കു പ്രവേശനം കൊടുത്തതിനെതിരേയായിരുന്നു ഈ നാടകം. കെ പി വള്ളുവനെ സാമാജികനാക്കിയതിലുള്ള പരിഹാസമായിരുന്നു അതെന്നു ഡോ. സാംകുട്ടി പട്ടംകരി എഴുതുന്നുണ്ട്.3
കേരളീയ നവോത്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് യോഗക്ഷേമസഭാ നാടകപരിശ്രമങ്ങളെ ധാരാളമായി പരാമര്‍ശിക്കുമ്പോഴും വിട്ടുപോയ പല കണ്ണികളുമുണ്ട്. അവയിലധികവും മുസ്‌ലിം നവോത്ഥാന നാടകസംരംഭങ്ങളാണ്. 'വെള്ളാട്ടി മസ്അല' (17ാം നൂറ്റാണ്ടില്‍ കോഴിക്കോട്ടെ ഖാസി മുഹ്‌യിദ്ദീന്‍ എഴുതിയ അറബിമലയാള കൃതി) സംവിധായകനോ പശ്ചാത്തല സജ്ജീകരണങ്ങളോ ഇല്ലാതെ ആലപ്പുഴയില്‍ കളിച്ചിട്ടുണ്ട്. പ്രേക്ഷക പങ്കാളിത്തത്തിലൂടെ ഈ നാടകം മുന്നോട്ടു പോയതിനെക്കുറിച്ചു സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ആത്മകഥയില്‍ എഴുതിയത് പി എ എം ഹനീഫ് തന്റെ 'മുസ്‌ലിം നാടക പാരമ്പര്യങ്ങള്‍' എന്ന പ്രബന്ധത്തില്‍ വിശദീകരിക്കുന്നു.4 അബൂഹിശാം എന്ന വ്യാപാരി ഹാറൂന്‍ റഷീദിന്റെ കൊട്ടാരത്തില്‍ സൗദ എന്ന വേലക്കാരിയെ ഹാജരാക്കി. സൗദയുടെ പാണ്ഡിത്യം പരീക്ഷിക്കാന്‍ ചക്രവര്‍ത്തി കൊട്ടാരം വക ആസ്ഥാന വിദ്വാന്മാരോടു കല്‍പ്പിച്ചു. സങ്കീര്‍ണമായ വിവിധ പ്രശ്‌നങ്ങള്‍ കൊട്ടാരം വിദ്വാന്മാര്‍ സൗദയോട് ആരാഞ്ഞു. സൗദയുടെ മറുപടികള്‍ കൊട്ടാരത്തിനു ഹിതമായെങ്കിലും നാടകപ്രേക്ഷകര്‍ക്കു ഹിതമായില്ല. നാടകം പുരോഗമിക്കവേ പ്രേക്ഷകരുടെ ഇടപെടലുകളുണ്ടായി. അരങ്ങത്ത് നടന്മാര്‍ അമ്പരന്നു. സൗദയുടെ വേഷമിട്ട പുരുഷനടന്‍ കുലുങ്ങിയില്ല. സൗദയുടെ പ്രേക്ഷകര്‍ക്കുള്ള മറുപടികളുണ്ടായി. മലയാള നാടകവേദിയിലെ ആദ്യത്തെ ഈ വിമര്‍ശകപ്രേക്ഷകര്‍ ആലപ്പുഴ ലജ്‌നത്തുല്‍ വാര്‍ഡിലെ മുസ്‌ലിം സൊസൈറ്റിയായിരുന്നു.
'കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്ര'ത്തില്‍ പരപ്പില്‍ മുഹമ്മദ്‌കോയ, 19ാം നൂറ്റാണ്ടിന്റെ അവസാനം തമിഴ്, ഹിന്ദി, പാഴ്‌സി നാടക സംഘങ്ങള്‍ സയ്യിദ് ഖാദര്‍ ഉസ്സയിന്റെ നേതൃത്വത്തില്‍ കുറ്റിച്ചിറ (കോഴിക്കോട്)യില്‍ നാടകങ്ങള്‍ അവതരിപ്പിച്ചതായി പറയുന്നു. തമിഴ് സംഗീത നാടകങ്ങളുടെ പകര്‍പ്പായിരുന്നു അവ. മുസ്‌ലിം സമൂഹത്തിലെ വിവാഹത്തോടനുബന്ധിച്ച അനാചാരങ്ങളും സ്ത്രീധന സമ്പ്രദായങ്ങളും വിമര്‍ശിച്ച് 1903ല്‍ മദിരാശിയിലെ 'ഇന്ദ്രസഭ' സംഘം തമിഴ് സംഗീതനാടക ശൈലിയില്‍ കോഴിക്കോട്ട് നാടകമവതരിപ്പിച്ചതിനു ജങ്ക്ബാര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. തമിഴ് നാടക സംഘത്തിലെ കല്ലടക്കുറിശ്ശി മൈതീന്‍ സാഹിബ് എന്ന കലാകാരനാണ് 'ഇന്ദ്രസഭ'യുടെ നാടകം സംവിധാനം ചെയ്തത്. ചവിട്ടു ഹാര്‍മോണിയം വിദഗ്ധനായിരുന്ന കല്ലടക്കുറിശ്ശി മൈതീനെ, മുസ്‌ലിം നാടക പാരമ്പര്യങ്ങളെ ഇഴകീറുമ്പോള്‍ പ്രഥമ നാടക സംവിധായകന്‍ എന്ന നിലയ്ക്ക് എണ്ണണം. ഈ നാടകത്തിനും 'ഇന്ദ്രസഭ'ക്കാരുടെ മറ്റു നിരവധി നാടകങ്ങള്‍ക്കും ക്ലാര്‍നറ്റും ബുള്‍ബുളും വായിച്ചു പശ്ചാത്തല സംഗീതം അവിസ്മരണീയമാക്കിയ ഖാദര്‍ ബിച്ചാ സാഹിബും (വെല്ലൂര്‍) ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളില്‍ ഉറങ്ങുന്നു. കോഴിക്കോട്ട് ചെറുപുര മമ്മദ്‌കോയ, ബീക്കുഞ്ഞി വീട്ടില്‍ അഹ്മദ്‌കോയ, കാട്ടില്‍വീട്ടില്‍ ഉമര്‍കോയ, പട്ടുതെരുവില്‍ അബ്ദുല്‍ ഖാദിര്‍ എന്നിവരുടെ സ്ത്രീവേഷങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. 'നാക്കു കൊണ്ടും മൂക്കു കൊണ്ടും ഹാര്‍മോണിയം വായിക്കുന്ന ഗുല്‍ മുഹമ്മദ്' ആയിരുന്നു ഒരു കാലത്ത് മലയാള നാടക വേദിയുടെ പ്രധാന ആകര്‍ഷണം. 'ഹൗസ് ഫുള്‍' എന്ന ഇന്നത്തെ 'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യക്കസര്‍ത്ത്' ഗുല്‍ മുഹമ്മദ് സാഹിബ് പങ്കെടുക്കുന്ന നാടകാവതരണങ്ങളില്‍ നൂറു ശതമാനമായിരുന്നു. ഗുല്‍ മുഹമ്മദിന്റെ ഗ്രീന്‍ റൂമിനു മുകളില്‍ നക്ഷത്രം തൂക്കിയിടാറുണ്ടായിരുന്നു. ആരാധകര്‍ക്കു പ്രിയ കലാകാരന്റെ സാന്നിധ്യം ലഭിക്കുന്നതിനുള്ള ചിഹ്‌നമായിരുന്നു പ്രസ്തുത നക്ഷത്രം. മലയാള നാടകവേദിയിലെ ആദ്യത്തെയും അവസാനത്തെയും 'സൂപ്പര്‍ സ്റ്റാര്‍' പദവി ഗുല്‍ മുഹമ്മദിനായിരുന്നു. 300 മുതല്‍ 650 വരെ 'പൊലിവ്' കിട്ടുന്ന നാടക കലാകാരനും പഴയകാലത്ത് ഗുല്‍ മുഹമ്മദിനു മാത്രമായിരുന്നു.
1936ല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ 'അല്‍അമീന്‍' ലോഡ്ജ് കേന്ദ്രമാക്കി മുഹമ്മദ് യൂസുഫിന്റെ നേതൃത്വത്തില്‍ 'ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി' മുസ്‌ലിം പ്രദേശങ്ങളില്‍ നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു. 'സുല്‍ത്വാന്‍ അലാവുദ്ദീന്‍', 'സ്വതന്ത്ര പതാക' തുടങ്ങിയവയെ കോണ്‍ഗ്രസ് നാടകങ്ങള്‍ എന്നു പരിഹസിച്ചു വിളിച്ചെങ്കിലും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിനും മുമ്പേ നവോത്ഥാനം നാടകത്തിലൂടെ സാധ്യമാവുമെന്നു കേരളീയ സമൂഹത്തെ മുഹമ്മദ് അബ്ദുര്‍റഹ്മാനും മുഹമ്മദ് യൂസുഫും പഠിപ്പിച്ചിരുന്നു.
കോഴിക്കോട് പാലക്കല്‍വീട് എം എ സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്റെ നേതൃത്വത്തില്‍ 'എം.എസ്.എ' ഡ്രമാറ്റിക് അസോസിയേഷന്‍ സാമൂഹിക നവോത്ഥാനം മുഖ്യപ്രമേയമാക്കി നാടകങ്ങള്‍ അവതരിപ്പിച്ചു. 'ആരാണ് അപരാധി' (1951), പി എന്‍ എം
ആലിക്കോയ, പി കെ എം. അഹ്മദ് കോയ, 'എളാമ' (1952) നഹാരി മുഹമ്മദ്, എം സി അബ്ദുല്ലക്കോയ, പി എന്‍ എം ആലിക്കോയ, ബി മുഹമ്മദ്, 'ഹിന്ദു-മുസ്‌ലിം ലഹള' (1952) പി എന്‍ എം ആലിക്കോയ, 'വിരിയാത്ത പൂമൊട്ട്' (1953) മുഹമ്മദ് യൂസുഫ് ടി, പി എന്‍ എം ആലിക്കോയ, 'വമ്പത്തീ നീയാണ് പെണ്ണ്' (1953) ബി മുഹമ്മദ് നഹാരി, 'നെടുവീര്‍പ്പ്' (1953) പി എന്‍എം, 'കസവുള്ള തൊപ്പി' (1954) എം സി അബ്ദുല്ലക്കോയ, 'തറവാടും മടിശീലയും' (1955) പി എന്‍ എം ആലിക്കോയ, 'മരുപ്പച്ച' (1962) ബി മുഹമ്മദ് എന്നിവ എം എസ് എയുടെ പ്രധാന നാടകങ്ങളായിരുന്നു. ഹാജി അബ്ദുര്‍റഹ്മാന്‍, കെ പി ഉമര്‍, കുഞ്ഞാവ, ബി മുഹമ്മദ്, കെ ടി മുഹമ്മദ്,
പി എന്‍ എം ആലിക്കോയ, തോട്ടത്ത് കോയ, പി എന്‍ മമ്മു, പി എന്‍ എം ബാവൂട്ടി, പി എന്‍ എം അഹ്മദ് കോയ, എം ഹൂദ്, പി എം മുഹമ്മദ്‌കോയ, ഹാജി സി പി എം കുഞ്ഞഹ്മദ്‌കോയ, ബാബുരാജ്, പി എം ഖാസിം, നൂര്‍ജഹാന്‍ എന്നിങ്ങനെ അനവധി കലാകാരന്മാര്‍ അക്കാലത്തുണ്ടായിരുന്നു.
കുഞ്ഞിപ്പോക്കര്‍ സാഹിബിന്റെ വെള്ളരിനാടക സംരംഭങ്ങള്‍ മലയാളനാടക ചരിത്രങ്ങളിലൊന്നും രേഖപ്പെടാത്തവയാണ്. മലപ്പുറത്തെ ഏറനാട് താലൂക്കിലെ കിഴുപറമ്പിലെ ബഹുഭാഷാ പണ്ഡിതനും കവിയുമായിരുന്ന മണ്ണില്‍തൊടി കാരാട്ട് കുഞ്ഞിപ്പോക്കര്‍ സാഹിബ് 1936ലാണ് 'വിത്തും കൈക്കോട്ടും' എന്ന വെള്ളരിനാടകം എഴുതി അവതരിപ്പിച്ചത്. കുഞ്ഞിപ്പോക്കര്‍ സാഹിബ് ഒരു മതപണ്ഡിതന്‍ കൂടിയായിരുന്നുവെന്നതു ശ്രദ്ധേയമാണ്. 40 വര്‍ഷത്തോളമായി നാടകരംഗത്തുള്ള പാറമ്മല്‍ അഹ്മദ്കുട്ടി (കുഞ്ഞിപ്പോക്കര്‍ സാഹിബിന്റെ പിന്‍ഗാമി)യുടെ നേതൃത്വത്തില്‍ കീഴുപറമ്പില്‍ വീണ്ടും വെള്ളരിനാടകത്തിന്റെ ജനകീയ അവതരണങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു. നാടകം കാലഹരണപ്പെട്ട കലയാണെന്നതാണ് നമ്മുടെ പൊതുബോധം. പഴയ കമ്മ്യൂണിസ്റ്റ് നാടകങ്ങളുടെ ജനകീയതയെപ്പറ്റി ഗൃഹാതുരപ്പെട്ട്, പുതിയ സാങ്കേതികവിദ്യയെ പഴിപറഞ്ഞ് അവസാനിപ്പിക്കുന്നവയാണ് പല നാടകചര്‍ച്ചകളും. ചില നിരൂപകരാവട്ടെ, സാഹിത്യത്തിന്റെ ഉപവിഭാഗമായാണ് നാടകത്തെ സങ്കല്‍പ്പിക്കുന്നത്. നൂതനമായ സംവിധാന രീതികള്‍ ആലോചിച്ചു നിരന്തരം പുതുക്കിക്കൊണ്ടാണ് നാടകം എന്ന കലാരൂപം തന്നെ നിലനില്‍ക്കുന്നത്. വൈവിധ്യമുള്ള പ്രമേയങ്ങളും ജനകീയ അവതരണങ്ങളുമായി പുതിയ കാലത്തിന്റെ നാടകം ഏറ്റവും ഊര്‍ജസ്വലമായി നിലകൊള്ളുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു രംഗകലയുടെ മായികത ഉണ്ടായിരിക്കെത്തന്നെ, മനുഷ്യരുടെ ദൈനംദിനാനുഭവമായി അവരുടെ മുന്നില്‍ സംഭവിക്കുന്ന 'ചടുലമായ ഒരു നേര്‍ജീവിതം' (ഘശ്‌ലഹശില)ൈ കൂടിയാണ് നാടകം. പ്രേക്ഷകരുടെ ക്ഷണിക വ്യാഖ്യാനങ്ങളിലൂടെയാണ് നാടകം നിര്‍മിക്കപ്പെടുന്നത്. മറ്റു ദൃശ്യകലകളില്‍ നിന്നു നാടകത്തെ വ്യത്യസ്തമാക്കുന്ന ഘടകവും ഈ 'ക്ഷണികത'യായിരിക്കാം.
അരങ്ങിടത്തിന്റെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണല്ലോ രംഗഭാഷയും ശരീര/വസ്തുവിന്യാസ ക്രമങ്ങളും നിശ്ചയിക്കപ്പെടുക. ഇതൊക്കെയും ശ്രദ്ധിച്ചുകൊണ്ടേ നാടകചരിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാനാവൂ. നമ്മുടെ എഴുതപ്പെട്ട മലയാളനാടക ചരിത്രങ്ങളൊക്കെയും വിശകലനം ചെയ്താല്‍, ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും കാണാനാവും. ആയതിനാല്‍ സാഹിത്യചരിത്രങ്ങളുടെ ശൂന്യസ്ഥലങ്ങളെ പുതിയ വിശകലന പദ്ധതികളിലൂടെ പുനര്‍വായിച്ചും മാറ്റിപ്പണിതും മാത്രമേ നമുക്കു മുന്നോട്ടു പോവാനാവൂ.
കുറിപ്പുകള്‍:
1 ഗീഥ പാട്ടുനാടകം, സിനിമ ജാതീയകലകളെ അതിവര്‍ത്തിച്ച പുതിയ ആവിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഒരു ചരിത്രാന്വേഷണം (2018), ഉത്തരകാലം വെബ് മാഗസിന്‍
2. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, നങശെ സ്മരണകള്‍ (1986), സംഗീത നാടക അക്കാദമി.
3. ഡോ. സാംകുട്ടി പട്ടംകരി Kerala Dalit History and Dalit Intervention 2014ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ദലിത്ആദിവാസി സാഹിത്യ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം.
4. പി എ എം ഹനീഫ്, മുസ്‌ലിം നാടക പാരമ്പര്യം കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സ് പ്രബന്ധങ്ങള്‍ (2014).
RELATED STORIES
മുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്‌കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMT